തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചത് ഏഴ് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനുകള്‍. ചെലവഴിച്ചത് 6,01,11,366 രൂപ. രണ്ട് കമ്മിഷനുകള്‍ ഇതുവരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഈ വിവരം.
ഏറ്റവും കൂടുതല്‍ തുക ചെലവായത് ജസ്റ്റിസ് പി.എ. മുഹമ്മദ് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനാണ്. ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവും ലാത്തിച്ചാര്‍ജ്ജും അന്വേഷിച്ച ഈ കമ്മീഷന് 2,77,44,814 രൂപ ചെലവിട്ടു. മംഗളം ടെലിവിഷനുമായി ബന്ധപ്പെട്ടുള്ള ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന് 25,85,232 രൂപ, ഇടുക്കി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കസ്റ്റഡിമരണം അന്വേഷിച്ച ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷന് 92,84,305 രൂപ, വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിച്ച ജസ്റ്റിസ് പി.കെ.ഹനീഫ കമ്മിഷന് 1,01,791 രൂപയും നല്കി.
മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ കാലത്ത് പോലീസ് വകുപ്പില്‍ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ കോടികളുടെ പര്‍ച്ചേസുകള്‍ സിഎജി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് വകുപ്പിലെ പര്‍ച്ചെയ്സിനും കരാറുകള്‍ക്കും ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് പഠനം നടത്താനായി രൂപീകരിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മിഷന് 12,36,074 രൂപ, വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവന്ന അന്വേഷണങ്ങള്‍ വഴിമാറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന് കമ്മിഷന് 83,76,489 രൂപ എന്നിങ്ങനെയാണ് ചെലവുകള്‍. ഇതില്‍ കേന്ദ്ര ഏജന്‍സികളെ നിരീക്ഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന് കമ്മിഷനും പോലീസ് വകുപ്പിലെ പര്‍ച്ചെയ്സിനും കരാറുകള്‍ക്കും ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് പഠനം നടത്താനായി നിയമിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മിഷനും ഇതുവരെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടില്ല.
അതേസമയം, രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് മാത്രം പുറത്ത് നിന്നുള്ള നിയമോപദേശത്തിനായി ചെലവഴിച്ചത് 1,47,40,000 രൂപ. 2019 മുതല്‍ 22 വരെയുള്ള കാലത്തെ ചെലവെന്നാണ് നിയമസഭയില്‍ നിയമമന്ത്രി രേഖാമൂലം നല്കിയ മറുപടിയിലുള്ളത്.
സോളാറിലെ നിയമോപദേശത്തിന് 5.50 ലക്ഷം, സര്‍വകലാശാല വിസി നിയമന വിവാദത്തില്‍ വാക്കാലുള്ള അഭിപ്രായത്തിന് ചെലവായത് 15 ലക്ഷം, റീ കേരള ലെജിസ്ലേറ്റീവ് ബില്ലിന് 47 ലക്ഷം, കിഫ്ബിക്കായി 45 ലക്ഷം അങ്ങനെ എട്ട് തവണയാണ് നിയമോപദേശം തേടിയത്. ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള നിയമ സെക്രട്ടറിയും എജിയും രണ്ട് അഡീഷണല്‍ എജിമാരും പ്ലീഡര്‍മാരുടെ സംഘവും ഉള്ളപ്പോഴാണ് പുറത്തുനിന്ന് നിയമോപദേശം തേടുന്നത്. 2012 മുതല്‍ 2018 വരെയുള്ള കണക്ക് ശേഖരിക്കുന്നതേയുള്ളൂവെന്നും മറുപടിയിലുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അഭിഭാഷകരെ കൊണ്ടുവന്നതിന് 12 കോടി രൂപ ചെലവഴിച്ചിട്ടുള്ളതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: