ഡോ. വീരേന്ദ്ര കുമാര്‍
സാമൂഹ്യനീതിശാക്തീകരണ മന്ത്രി
സാമൂഹ്യനീതിശാക്തീകരണ മന്ത്രാലയവും ഡല്‍ഹി എയിംസിലെ നാഷണല്‍ ഡ്രഗ് ഡിപെന്‍ഡന്‍സ് ട്രീറ്റ്മെന്റ് സെന്ററും (എന്‍ഡിഡിടിസി) 2019ല്‍ പുറത്തിറക്കിയ ‘ഇന്ത്യയിലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ അളവ്’ സംബന്ധിച്ച റിപ്പോര്‍ട്ട് രാജ്യത്ത് മയക്കുമരുന്ന് ഉപയോഗത്തിന്റെ വര്‍ധിച്ചുവരുന്ന പ്രവണതകള്‍ വ്യക്തമാക്കുന്നതാണ്. നിരവധി മയക്കുമരുന്നുകള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അക്കാര്യം ഇന്നും അങ്ങനെ തന്നെ തുടരുകയാണ്. എന്നിരുന്നാലും, മയക്കുമരുന്നിന്റെ ഉപയോഗം പരമ്പരാഗത ഘടകങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുകയും യുവാക്കള്‍ക്കിടയില്‍ ദുരുപയോഗത്തിന്റെ പ്രശ്നമായി മാറുകയും ചെയ്യുന്നു. വൈദ്യശാസ്ത്ര ഗവേഷണമനുസരിച്ച് മയക്കുമരുന്ന് ആസക്തി, ജനിതക ജൈവിക പാരിസ്ഥിതിക ജീവിതശൈലിയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ മൂലമുണ്ടാകുന്ന, വിട്ടുമാറാത്തതും ഉപേക്ഷിച്ചാലും പിന്നീട് ശീലം ആവര്‍ത്തിക്കുന്നതുമായ സാഹചര്യമാണ്. കൗണ്‍സിലിങ്, ജീവിതശൈലി മാറ്റങ്ങള്‍, മരുന്നുകള്‍ ഉള്‍പ്പെടുന്ന വൈദ്യചികിത്സ തുടങ്ങിയ സമീപനങ്ങളുടെ സംയോജനത്തിലൂടെ ഇത് സുഖപ്പെടുത്താമെന്ന് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അതിനാല്‍, ഏതു സമൂഹത്തിലെയും മയക്കുമരുന്ന് പ്രശ്നങ്ങളോട് പ്രതികരിക്കാന്‍, ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും ലഭ്യതയും കുറയ്ക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെട്ട ബഹുമുഖ തന്ത്രം ആവശ്യമാണ്.
മയക്കുമരുന്ന് ദുരുപയോഗം വലിയ തോതില്‍ തടയാന്‍ ഗവണ്മെന്റിന്റെ എന്‍സിഒആര്‍ഡി സംവിധാനം സഹായിച്ചിട്ടുണ്ട്. അതിന്റെ ദിശയും സംയോജനവും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തെ അഭിമുഖീകരിക്കുന്ന എല്ലാ ഏജന്‍സികളുടെയും പങ്കാളികളുടെയും ഏകീകൃത പ്രവര്‍ത്തനങ്ങളിലേക്കു നയിച്ചു.
2020 ഓഗസ്റ്റ് 15ന്, സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ‘നശാമുക്ത് (ലഹരിമുക്ത) ഭാരത് അഭിയാന്’ എന്ന സാമൂഹ്യാധിഷ്ഠിത യജ്ഞം രാജ്യത്ത് പിന്നാക്കാവസ്ഥയിലുള്ള 272 ജില്ലകളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരായ പ്രചാരണം ആരംഭിച്ചു. ഈ ബഹുജന മുന്നേറ്റത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍, 2022ല്‍ 100 ജില്ലകളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി.
ലഹരിമുക്ത ഭാരത യജ്ഞം, തുടക്കം മുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്നതിനായി ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ വിഭാവനം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പങ്കാളികളുടെ സഹായത്തോടെ, മയക്കുമരുന്ന് ആവശ്യകത കുറയ്ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതുവരെ, 3 കോടിയിലധികം യുവാക്കളും 2 കോടിയിലധികം സ്ത്രീകളും ഉള്‍പ്പെടെ 9.3 കോടിയിലധികം പേര്‍ക്ക് മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്കി. 2.7 ലക്ഷത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കാളികളായി.
സ്ത്രീകള്‍, കുട്ടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൗരസംഘടനകള്‍ എന്നീ വിഭാഗങ്ങള്‍ ലഹരിമുക്ത ഭാരത യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. 8000ത്തിലധികം പ്രധാന വോളന്റിയര്‍മാരാണ് ഈ യജ്ഞത്തിന്റെ ഭാഗമായുള്ളത്. അവര്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സന്ദേശം പകരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ലഹരിവസ്തുക്കള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായം, പുനരധിവാസം എന്നിവയ്ക്കായുള്ള പരിശീലനവും അവബോധവും ലഭിച്ചവരാണ്. ബോധവല്‍ക്കരണത്തിനായി മാരത്തണ്‍, നാടോടി സംഗീതം, പ്രാദേശിക കായിക പരിപാടികള്‍, ബോട്ട് സൈക്കിള്‍ റാലികള്‍, മറ്റ് നിരവധി പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രാദേശിക ഭാഷാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നു. ലഹരിക്കടിമകളായവരിലേക്ക് എത്തിച്ചേരാനും അവരെ കണ്ടെത്തുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ക്യാമ്പസുകള്‍, സ്കൂളുകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും ലഹരിമുക്ത ഭാരത യജ്ഞം പ്രതിജ്ഞാബദ്ധമാണ്. ആശുപത്രികളിലും പുനരധിവാസ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, മയക്കുമരുന്ന് ഉപയോഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതകള്‍ അവസാനിപ്പിക്കുക എന്നതിനാണ് ഈ യജ്ഞം ലക്ഷ്യമിടുന്നത്.
സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള, മയക്കുമരുന്ന് ആവശ്യകത കുറയ്ക്കുന്നതിനുള്ള ദേശീയ കര്‍മപദ്ധതി സംസ്ഥാന ഗവണ്മെന്റുകള്, കേന്ദ്രഭരണ പ്രദേശങ്ങള്‍, എന്‍ജിഒകള്‍/ മറ്റ് സന്നദ്ധ സംഘടനകള്‍, ജില്ലകള്‍, ഗവണ്മെന്റ് ആശുപത്രികള്‍ എന്നിവയ്ക്ക് രോഗപ്രതിരോധ വിദ്യാഭ്യാസം, അവബോധം, പുനരധിവാസ ചികിത്സ എന്നിവയ്ക്കായി സാമ്പത്തിക സഹായം നല്കുന്നു. ലഹരിക്കടിമകളായവര്‍ക്ക് മുഖ്യധാരയിലേക്ക് മടങ്ങാനും അന്തസ്സുറ്റ ജീവിതം നയിക്കാനും സാധ്യമായ എല്ലാ പിന്തുണയും നല്കുന്നു. ഇതിനായി 341 സംയോജിത പുനരധിവാസ കേന്ദ്രങ്ങള്‍ (ഐആര്‍സിഎ), 49 സാമൂഹ്യാധിഷ്ഠിത പിയര്ലെഡ് ഇന്റര്‍വെന്‍ഷന്‍ (സിപിഎല്ഐ), 72 ഔട്ട്റീച്ച് ആന്‍ഡ് ഡ്രോപ്പ് ഇന്‍ കേന്ദ്രങ്ങള്‍ (ഒഡിസി), 14 ജില്ലാ ലഹരിമുക്ത കേന്ദ്രങ്ങള്‍ (ഡിഡിഎസി) എന്നിവ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. അരികിലുള്ളവര്‍ക്ക് സഹായഹസ്തമേകുക, അവരുടെ കുടുംബങ്ങളെയും സാമൂഹ്യ സാഹചര്യങ്ങളെയും മനസിലാക്കാന്‍ ശ്രമിക്കുക, അവര്‍ക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള മികച്ച സാഹചര്യം ലഭ്യമാക്കുക എന്ന ആശയത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ്, ന്യൂദല്‍ഹിയിലെ നാഷണല്‍ ഡ്രഗ് ഡിപെന്‍ഡന്‍സ് ട്രീറ്റ്മെന്റ് സെന്റര്‍ (എന്‍ഡിഡിടിസി) എയിംസുമായി സഹകരിച്ച് 25 ലഹരിവിമുക്ത കേന്ദ്രങ്ങള്‍ (എടിഎഫ്) സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം സജ്ജമാക്കിയത്. രാജ്യത്തുടനീളമുള്ള ഗവണ്മെന്റ് ആശുപത്രികളിലാണ് 25 എടിഎഫുകള് സ്ഥിതിചെയ്യുന്നത്. ഇത് രാജ്യത്തെ മിക്ക നഗരങ്ങളെയും ജില്ലകളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ കൂടുതല്‍ വിപുലീകരിക്കും. ഝാര്‍ഖണ്ഡിലെ സിംഡേഗ, ഉത്തര്‍പ്രദേശിലെ ആസംഗഢ് എന്നിവിടങ്ങളിലെ ജില്ലാ ആശുപത്രികള്‍ മുതല്‍ ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജ്, കശ്മീരിലെ ഷേര്‍ഇകശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവ പോലുള്ള വലിയ അക്കാദമിക സ്ഥാപനങ്ങള്‍ വരെ ഈ ആശുപത്രികളില്‍ ഉള്‍പ്പെടുന്നു.
125 ജില്ലകളിലെ ഗവണ്മെന്റ് ആശുപത്രികളില്‍ ഈ ലഹരിമുക്ത ചികിത്സാസൗകര്യങ്ങള്‍ (എടിഎഫ്) സ്ഥാപിക്കുകയും പൊതു ആരോഗ്യ പരിരക്ഷാ ചട്ടക്കൂടിന്റെ ഭാഗമായി ലഹരിക്കടിമകളായ രോഗികള്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യും. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ഈ പദ്ധതിക്ക് പൂര്‍ണമായും ധനസഹായം നല്‍കും. പരിശീലനം ലഭിച്ച ആരോഗ്യവിദഗ്ധര്‍, സൗജന്യ മരുന്നുകള്‍, സുസ്ഥിര അടിസ്ഥാന സൗകര്യ പിന്തുണാ സേവനങ്ങള്‍ എന്നിവ നല്കുന്ന ഗവണ്മെന്റ് ആശുപത്രികളെ പിന്തുണയ്ക്കുകയും ചെയ്യും.
ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതുപോലെ, ‘ഗവണ്മെന്റിന്റെ നയം വളരെ വ്യക്തമാണ്, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ഇരകളാണ്. നാം അവരോട് അനുകമ്പ പുലര്‍ത്തുകയും ഇരകള്‍ക്ക് അവരുടെ പുനരധിവാസത്തിന് അനുയോജ്യമായ അന്തരീക്ഷം നല്‍കുകയും വേണം’. പ്രായലിംഗഭേദമെന്യേ, കമ്മ്യൂണിറ്റികള്‍, പ്രദേശങ്ങള്‍ എന്നിവയിലുടനീളം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ വേര്‍തിരിക്കുകയും കുടുംബങ്ങളെയും വ്യക്തിഗത വളര്‍ച്ചയെയും ബാധിക്കുകയും ചെയ്യുന്ന വളരെ പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്നമാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. പുനരധിവാസത്തിനുള്ള അവസരങ്ങള്‍ നല്‍കിയും, അവ ഉപയോഗിക്കുന്നവരുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലൂടെയും, യുവാക്കള്‍ക്കിടയില്‍ ‘മയക്കുമരുന്നിന്റെ ആദ്യ ഉപയോഗം വേണ്ട’ എന്ന ആശയം ഫലപ്രദമായി വേരൂന്നുന്നതിലൂടെയും ലഹരിവസ്തുക്കളുടെ ഭീഷണി ഒരേസമയം ഇല്ലാതാക്കുന്നതിന് ബഹുമുഖ തന്ത്രം ആവശ്യമാണ്. ഈ ആശയങ്ങളെ വിജയകരമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ‘ലഹരിമുക്ത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ബഹുജനങ്ങള്‍ മുന്നിട്ടിറങ്ങുകയും വേണം. അതിനായി ഏവരുടെയും പിന്തുണ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: