തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ അതിന് തടയിടുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഇടത് സര്‍ക്കാര്‍ രണ്ട് പഠന സമിതിയെ വെച്ചിരിക്കുകയാണ്.
ഇതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി രംഗത്തെത്തി. “ഡോ ബിന്ദുവിനെ പോലെ പ്രഗത്ഭയായ വിദ്യാഭ്യാസ വിചക്ഷണ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ, കേരള- ഗാന്ധി- കലിക്കറ്റ്- കണ്ണൂർ സർവകലാശാലകൾ അത്യുന്നത നിലവാരത്തിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കുമ്പോൾ, യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടക്കുന്നതിനാൽ, സകല കലാലയങ്ങളിലും സമാധാനാന്തരീക്ഷം നിലനില്ക്കുന്നതിനാൽ ഒരു വിദ്യാർത്ഥിയും വിദേശ പഠനം ആഗ്രഹിക്കില്ല.
ഇനി ചിന്താശൂന്യരായ ആരെങ്കിലും വിദേശത്തു പോകാൻ തുനിഞ്ഞിറങ്ങുന്നുവെങ്കിൽ അവരെ കാര്യം പറഞ്ഞു മനസിലാക്കണം. ബോധവത്കരണ ദൗത്യം എസ് എഫ് ഐ സഖാക്കളെ ഏല്പിക്കണം.” – ജയശങ്കര്‍ പരിഹസിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാൻ ഇടത് സര്‍ക്കാര്‍ നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നതായി വാര്‍ത്ത വന്നതിന്റെ പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ ഈ പരിഹാസം. നിയമ നിർമ്മാണം പഠിക്കാൻ ഡിജിറ്റൽ സർവകലാശാലാ വിസി പ്രൊഫ സജി ഗോപിനാഥ് അദ്ധ്യക്ഷനായും, വിദ്യാർത്ഥി കുടിയേറ്റത്തെക്കുറിച്ച് പഠിക്കാൻ കണ്ണൂർ സർവകലാശാലാ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷനായും രണ്ട് സമിതികൾ രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: