കെ.എം. രാജന് മീമാംസക്
ഭാരതം കണ്ട മഹാപുരുഷന്മാരില് അഗ്രഗണ്യനായിരുന്നു മഹര്‍ഷി ദയാനന്ദ സരസ്വതി. ഭാരതത്തിന്റെ ഏറ്റവും ശോച്യമായ അന്ധകാരാവസ്ഥയിലാണ് ഈ മഹാപുരുഷന്റെ ഉദയമുണ്ടായത്. ഗൗതമന്, കണാദന്‍, കപിലന്, കുമാരിലഭട്ടന് എന്നിവരുടെ പാണ്ഡിത്യവും ഹനുമാന്, ഭീഷ്മര്‍ എന്നിവരുടെ ബ്രഹ്മചര്യനിഷ്ഠയും ശങ്കരാചാര്യരുടേതുപോലുള്ള യോഗശക്തിയും ഭീമന് തുല്യമായ ബലവും ശ്രീബുദ്ധന്റേതിന് സമാനമായ ത്യാഗ-വൈരാഗ്യങ്ങളും പതഞ്ജലി, വ്യാസന് എന്നിവരുടേതുപോലുള്ള ആദ്ധ്യാത്മികതയും ഛത്രപതി ശിവജി, ഗുരുഗോവിന്ദ സിംഹന് എന്നിവരുടേതുപോലുള്ള നീതി വ്യവസ്ഥയും മഹാറാണാപ്രതാപന്റേതു പോലുള്ള പ്രതാപവും തേജസ്സും ഒത്തിണങ്ങിയ യുഗപുരുഷനായ മഹര്‍ഷി ദയാനന്ദസരസ്വതി ഭാരത നഭോമണ്ഡലത്തിലുയര്ന്ന അവിദ്യാന്ധകാരത്തെ തുടച്ചുമാറ്റാനായി രംഗപ്രവേശം ചെയ്തു. ഡോ. എസ്. രാധാകൃഷ്ണന്, മഹര്‍ഷി അരവിന്ദന്, രവീന്ദ്രനാഥടാഗോര്‍, മഹാത്മാഗാന്ധി, ആനി ബസന്റ് തുടങ്ങി ദേശീയരും വിദേശീയരുമായ നിരവധിപ്രമുഖര്‍ മഹര്‍ഷി ദയാനന്ദനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
മഹര്‍ഷിയുടെ പ്രധാനപ്പെട്ട സംഭാവനകള്‍ നമുക്കൊന്ന് പരിശോധിക്കാം. ഒരു കപട പണ്ഡിതനോ വ്യാജ പുരോഹിതനോ മൗലവിക്കോ താന്ത്രികര്‍ക്കോ പാതിരിമാര്‍ക്കോ പരാജയപ്പെടുത്താന്‍ കഴിയാത്തതും ഒരുതരത്തിലുള്ള അനാചാരങ്ങള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള സ്വാധീനമോ ചലനമോ ഉണ്ടാക്കാന്‍ കഴിയാത്ത വ്യക്തിയായിരുന്നു മഹര്‍ഷി ദയാനന്ദ സരസ്വതി. ഭാരതം മുഴുവന്‍ മാത്രമല്ല, ലോകമെമ്പാടും വേദജ്ഞാനത്തിന്റെ പ്രകാശം പരത്തിയ വേദജ്ഞാനിയാണ് അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ യഥാര്ഥശിവനെ അന്വേഷിച്ച് വീടുവിട്ടിറങ്ങിയ ജിജ്ഞാസു.
ധനസമൃദ്ധിയെയും സുഖഭോഗങ്ങളെയെല്ലാം ഉപേക്ഷിച്ച് സത്യ, സനാതന ധര്‍മത്തിന്റെ പാതയിലേക്ക് വന്ന് ആ പാതയില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത മഹാ പുരുഷനായിരുന്നു അദ്ദേഹം. വേദ പ്രചാരണത്തിനായി തന്റെ സര്‍വസ്വവും ഗുരുവിന് ദക്ഷിണയായി സമര്‍പ്പിച്ച മഹദ്വ്യക്തിത്വം. ഭാരതസ്വാതന്ത്ര്യസമരത്തില് ജനങ്ങളെ ജാഗരൂകരാക്കിയ വിപ്ലവകാരി. വിദേശി ഭരണത്തെക്കാളും ഉത്തമം സ്വരാജ്യം ആണ് എന്ന ആശയം ആദ്യമായി പ്രഖ്യാപിച്ച രാഷ്ട്രചിന്തകന്‍. ഗോസംരക്ഷണത്തിനായി ആദ്യമായി ഗൗരക്ഷണിസഭ രൂപീകരിക്കുകയും അതിന്റെ നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത മൃഗസ്നേഹി. സമൂഹത്തിലെ ദുരാചാരങ്ങളെ സധൈര്യം കടന്നാക്രമിച്ച നിര്‍ഭയനായ സംന്യാസി.
സത്യത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കാന്‍ തയ്യാറാകാത്ത അദ്ദേഹം വേദങ്ങളില്‍ മാത്രമല്ല, ഖുറാന്, പുരാണങ്ങള്‍, ബൈബിള്‍, ത്രിപിടകം തുടങ്ങി മറ്റ് മതഗ്രന്ഥങ്ങളിലും അറിവുനേടി. അദ്ദേഹം എല്ലാ കാപട്യങ്ങളെയും കുപ്രചരണങ്ങളെയും ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിഷേധിച്ച്, തകര്‍ത്തെറിഞ്ഞ്, സത്യത്തിന്റെ പാത കാട്ടിത്തന്ന മഹാജ്ഞാനിയായിരുന്നു. ഭാരതത്തില്‍ സംഘടിതമായി നടന്നിരുന്ന മതം മാറ്റങ്ങളെ ശക്തമായി പ്രതിരോധിച്ചു എന്നുമാത്രമല്ല, സ്വധര്‍മത്തില്‍ നിന്ന് വിട്ടുപോയവരെ ശുദ്ധിപ്രസ്ഥാനം വഴി വൈദികധര്മത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മഹാപുരുഷനാണ് മഹര്‍ഷി ദയാനന്ദ സരസ്വതി.
ഒരുതരത്തിലുള്ള സുഖലോലുപതകള്‍ക്കോ അത്യാഗ്രഹത്തിനോ വ്യതിചലിപ്പിക്കാന്‍ കഴിയാത്ത സത്യനിഷ്ഠന്‍. വിമര്‍ശനങ്ങള്‍ക്കും കല്ലേറുകള്‍ക്കും ആക്രമണങ്ങള്‍ക്കും മുന്നില്‍ പതറാതെ അവയെയെല്ലാം ദൃഢനിശ്ചയത്തോടെ നേരിട്ട സ്ഥിതപ്രജ്ഞന്. യജ്ഞങ്ങള്‍, യാഗങ്ങള്‍, യോഗാഭ്യാസം തുടങ്ങിയ പ്രാചീന ഭാരതീയ പദ്ധതികളെ പുനഃസ്ഥാപിച്ച മഹര്‍ഷി. സാംഗോപാംഗ വേദപഠനത്തിനായി ആര്ഷഗുരുകുലങ്ങള് പുനഃസ്ഥാപിച്ച ഋഷിവര്യന്. സതിസമ്പ്രദായം, ശൈശവവിവാഹം, സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ തുടങ്ങിയ ദുരാചാരങ്ങളെ തുറന്നുകാട്ടിയ അദ്ദേഹം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് കഠിനാധ്വാനം ചെയ്ത സാമൂഹിക പരിഷ്കര്‍ത്താവാണ്. മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികം ലോകമെമ്പാടും വിപുലമായി ആഘോഷിക്കുന്ന ഈ വേളയില്‍ അധികം ആളുകള്‍ സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത അദ്ദേഹം വെട്ടിത്തെളിച്ച വൈദികപാതയിലൂടെ നമുക്ക് നിര്‍ഭയം മുന്നേറാം…വേദമാര്‍ഗം 2025 എന്ന പദ്ധതി അതിനുള്ള തുടക്കം മാത്രമാണ്.
”നൂറുനൂറായിരം ജന്മം ലഭിക്കിലും
നൂറുനൂറായിരം ചിതയില്‍ കിടക്കിലും
നിന്നോടെനിക്കുള്ള ഋണഭാരം തീര്‍ക്കുവാന്‍
ഒരുനാളുമാവില്ലെനിക്കെന് ഗുരോ…!
മഹര്‍ഷേ സ്വാമി ദയാനന്ദാ…”
(കാറല്‍മണ്ണ വേദഗുരുകുലത്തിലെ ആര്യപ്രചാരകനും അധിഷ്ഠാതാവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: