ന്യൂദല്‍ഹി : ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ ആര്‍മിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത. ഭൂകമ്പത്തില്‍ ഇരു രാജ്യങ്ങള്‍ക്കും കൈത്താങ്ങായി ഇന്ത്യ ദൗത്യ സംഘത്തെ അയച്ചിരുന്നു. ഓപ്പറേഷന് ദോസ്ത് എന്ന പേരില്‍ തുര്‍ക്കിയിലേക്കും സിറിയയിലേക്കും ഇന്ത്യ പ്രത്യേക ദൗത്യ സംഘത്തെ അയച്ചിരുന്നു.
രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥയെ തുര്‍ക്കി വനിത ചേര്‍ത്തുപിടിച്ച് ചുംബിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘വി കെയര്‍’ എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ ആര്‍മിയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ദുരിത മേഖലയില്‍ ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പങ്കുവെച്ചിട്ടുണ്ട്.
ആറ് വ്യോമസേനാ വിമാനങ്ങളെയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ടീമുകള്‍, മൊബൈല്‍ ഹോസ്പിറ്റല്‍ എന്നിവയുമായാണ് ദൗത്യ സംഘം സിറിയയിലേക്കും തുര്‍ക്കിയിലേക്കും പറന്നത്.
തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ വന്‍ഭൂകമ്പത്തില്‍ മരണം 21,000 കടന്നു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: