ഇസ്താംബൂള്‍: തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരണം 20000 കടന്നു. ദുരന്തത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്കി. ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകളും മങ്ങുകയാണ്. ‘
നൂറ്റാണ്ടിന്റെ ദുരന്തം’ എന്നാണ് ഭൂകമ്പത്തെ തുര്‍ക്കി പ്രസിഡന്റ് വിശേഷിപ്പിച്ചത്. ദുരന്തത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ‘നമ്മുടെ കണ്മുന്നില് വെളിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. പാര്‍പ്പിടവും വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥ അതിജീവിച്ച ആയിരക്കണക്കിന് ആളുകളുടെ ജീവന്റെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തുന്നതായും യുഎന്‍ അറിയിച്ചു. അതേസമയം, കൂടുതല്‍ ലോകരാജ്യങ്ങള്‍ തുര്‍ക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്.
സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതല്‍ യുഎന്‍ സഹായം എത്തിത്തുടങ്ങി. അഞ്ച് ട്രക്കുകളിലായി അവശ്യവസ്തുക്കള്‍ എത്തിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവര്‍ക്കായുളള അടിയന്തര ധനസഹായവും ഉള്‍പ്പെടെ 1.78 ബില്യണ്‍ ഡോളര്‍ ലോക ബാങ്ക് തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ അടക്കം രാജ്യങ്ങള്‍ ആരോഗ്യമേഖല കേന്ദ്രീകരിച്ച് സഹായങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: