ന്യൂഡല്‍ഹി: ജനവിധിയാണ് തന്റെ രക്ഷാകവചമെന്നും മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം ജനിച്ചത് പത്രതലക്കെട്ടുകളിലൂടെയോ ടിവി സ്ക്രീനിലൂടെയോ അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്കു കൂടി പരോക്ഷമായി തിരിച്ചടിക്കുകയായിരുന്നു മോദി.
തന്റെ ജീവിതത്തിലെ ഒരോ നിമിഷവും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയും നാടിന്റെ മഹത്തായ ഭാവിയ്ക്ക് വേണ്ടിയും സമര്‍പ്പിച്ചിരിക്കുന്നു. രാജ്യത്തിന്റെ വികസനം ചിലരെ നിരാശരാക്കിയെന്നും അതുകൊണ്ട് വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നുവെന്നും മോദി പറഞ്ഞു.
ചിലര്‍ അഹങ്കാരം കൊണ്ട് മത്ത് പിടിച്ചിരിക്കുകയാണ്. അവര്‍ക്ക് മാത്രമേ അറിവുള്ളൂ എന്നാണ് വിചാരം. മോദിയെ അധിക്ഷേപിച്ചാല്‍ മാത്രമേ അവര്‍ക്ക് വഴി തെളിയൂ എന്ന് ഇക്കൂട്ടര്‍ കരുതുന്നു. വ്യാജവും അസംബന്ധവുമായ അധിക്ഷേപങ്ങളുടെ ചെളി മോദിയുടെ നേര്‍ക്ക് വാരിയെറിയുക വഴി അവര്‍ക്ക് പുതുവഴി വെട്ടാന്‍ കഴിയുമെന്ന് കരുതുന്നു. കഴിഞ്ഞ 22 വര്‍ഷമായി അവര്‍ അതി ചെയ്യുന്നു. ഇപ്പോഴും അതിന് കഴിയുമെന്ന തെറ്റിദ്ധാരണ അവര്‍ക്കുണ്ട്. -മോദി അഭിപ്രായപ്പെട്ടു.
രാജ്യത്തിപ്പോള്‍ രാഷ്ട്രീയ സ്ഥിരതയുണ്ട്. ശക്തവും സ്ഥിരതയുമുള്ള സര്‍ക്കാര്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ലോകത്തിന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനകരമാണ്. എന്നാല്‍, അതില്‍ ചിലര്‍ അസ്വസ്ഥരാണ്.2030 എന്ന ദശകം ഇന്ത്യയുടേതായിരിക്കുമെന്നും- മോദി പറഞ്ഞു.
ഇരുസഭകളെയും ദീര്‍ഘവീക്ഷണത്തോടെ അഭിസംബോധന ചെയ്ത് ബഹുമാനപ്പെട്ട രാഷ്ട്രപതി രാജ്യത്തിന് ദിശാബോധം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗം ഇന്ത്യയുടെ ‘നാരീശക്തി’യെ (സ്ത്രീശക്തി) പ്രചോദിപ്പിക്കുകയും ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും അവര്‍ക്കിടയില്‍ അഭിമാനബോധം വളര്‍ത്തുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”നിശ്ചയദാര്‍ഢ്യത്തിലൂടെ നേട്ടം’ എന്നതിന്റെ വിശദമായ രൂപരേഖ രാഷ്ട്രപതി നല്കി’ പ്രധാനമന്ത്രി പറഞ്ഞു.
വെല്ലുവിളികള്‍ ഉയര്‍ന്നുവന്നേക്കാമെന്നും, എന്നാല്‍ 140 കോടി ഇന്ത്യക്കാരുടെ നിശ്ചയദാര്‍ഢ്യത്തിലൂടെ നമ്മുടെ വഴിയില്‍ വരുന്ന എല്ലാ പ്രതിബന്ധങ്ങളും രാജ്യത്തിനു തരണം ചെയ്യാനാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ദുരന്തത്തെയും യുദ്ധത്തെയും രാജ്യം കൈകാര്യം ചെയ്ത രീതി ഓരോ ഇന്ത്യക്കാരനിലും ആത്മവിശ്വാസം നിറച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു പ്രതിസന്ധിഘട്ടത്തിലും ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നു.
ആഗോളതലത്തില്‍ ശുഭാപ്തിവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരത, ഇന്ത്യയുടെ ആഗോള നില, ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന കഴിവുകള്‍, ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന പുതിയ സാധ്യതകള്‍ എന്നിവയ്ക്കാണ് ഈ ശുഭാപ്തിവിശ്വാസത്തിനുള്ള ഖ്യാതി പ്രധാനമന്ത്രി നല്‍കിയത്. രാജ്യത്തെ വിശ്വാസത്തിന്റെ അന്തരീക്ഷത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, സുസ്ഥിരവും നിര്‍ണ്ണായകവുമായ ഗവണ്മെന്റാണ് ഇന്ത്യയുടേതെന്നു ചൂണ്ടിക്കാട്ടി. പരിഷ്കാരങ്ങള്‍ നിര്‍ബന്ധിതമായല്ല, മറിച്ച് ബോധ്യത്തിലൂടെയാണ് നടപ്പാക്കുന്നത് എന്ന വിശ്വാസത്തിന് അദ്ദേഹം അടിവരയിട്ടു. ‘ഇന്ത്യയുടെ സമൃദ്ധിയില്‍ ലോകം അഭിവൃദ്ധി കാണുന്നു’ അദ്ദേഹം പറഞ്ഞു.
2004നും 2014നും ഇടയിലുള്ള വര്‍ഷങ്ങള്‍ കുംഭകോണങ്ങളാല്‍ നിറഞ്ഞിരുന്നുവെന്നും അതേസമയം രാജ്യത്തിന്റെ എല്ലാ കോണുകളിലും ഭീകരാക്രമണങ്ങള്‍ നടന്നിരുന്നുവെന്നും 2014ന് മുമ്പുള്ള ദശകത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് പ്രധാനമന്ത്രി പറഞ്ഞു. ആ ദശകം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കു സാക്ഷ്യം വഹിക്കുകയും ആഗോള വേദികളില്‍ ഇന്ത്യയുടെ ശബ്ദം വളരെ ദുര്‍ബലമാകുകയും ചെയ്തു. ‘മൗകെ മേം മുസീബത്ത്’ അവസരങ്ങളുടെ പ്രതികൂലതകളാലാണ് ആ കാലഘട്ടം അടയാളപ്പെടുത്തപ്പെട്ടത്.
രാജ്യം ഇന്ന് ആത്മവിശ്വാസം നിറഞ്ഞതാണെന്നും അതിന്റെ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളും സാക്ഷാത്കരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ പ്രതീക്ഷയുടെ കണ്ണുകളോടെ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ സുസ്ഥിരതയ്ക്കും സാധ്യതയ്ക്കുമാണ് ഇതിന്റെ ഖ്യാതി നല്‍കിയത്. യുപിഎയുടെ കീഴിലുള്ള ഇന്ത്യയുടേത് ‘നഷ്ടമായ ദശകം’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ജനങ്ങള്‍ ഈ ദശകത്തെ ‘ഇന്ത്യയുടെ ദശകം’ എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ശക്തമായ ജനാധിപത്യത്തിന് ക്രിയാത്മക വിമര്‍ശനം അനിവാര്യമാണെന്നു വ്യക്തമാക്കി. വിമര്‍ശനം ‘ശുദ്ധിയജ്ഞം’ (ശുദ്ധീകരണ യജ്ഞം) പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മകമായ വിമര്‍ശനത്തിന് പകരം ചിലര്‍ നിര്‍ബന്ധിത വിമര്‍ശനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ മുഴുകുന്ന നിര്‍ബന്ധിത വിമര്‍ശകരാണ് കഴിഞ്ഞ 9 വര്‍ഷമായി നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആദ്യമായി അടിസ്ഥാനസൗകര്യങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളില്‍ ഇത്തരം വിമര്‍ശനങ്ങള്‍ ചെലവാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബവാഴ്ചയിലല്ല, പകരം 140 കോടി ഇന്ത്യക്കാരുടെ കുടുംബത്തിലെ അംഗമാണ് താനെന്നും അദ്ദേഹം പറഞ്ഞു. ‘140 കോടി ഇന്ത്യക്കാരുടെ അനുഗ്രഹമാണ് എന്റെ ‘സുരക്ഷാ കവചം” പ്രധാനമന്ത്രി പറഞ്ഞു.
നിരാലംബരോടും അവഗണിക്കപ്പെട്ടവരോടുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി, ഗവണ്മെന്റിന്റെ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം ദളിതര്‍ക്കും ഗോത്രവര്‍ഗത്തിനും സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമാണ് ലഭിച്ചതെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യയുടെ നാരീശക്തിയിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഇന്ത്യയുടെ നാരീശക്തിക്കു കരുത്തേകാനുള്ള ശ്രമങ്ങളൊന്നും ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞു. ഭാരതത്തിലെ അമ്മമാര്‍ ശക്തിപ്പെടുമ്പോള്‍ ജനങ്ങളും ശക്തിപ്പെടുമെന്നും ജനങ്ങള്‍ ശക്തിപ്പെടുമ്പോള്‍ അത് സമൂഹത്തെ ശക്തിപ്പെടുത്തുമെന്നും അത് രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടത്തരക്കാരുടെ അഭിലാഷങ്ങള്‍ ഗവണ്മെന്റ് അഭിസംബോധന ചെയ്യുകയും അവരുടെ സത്യസന്ധതയ്ക്ക് അവരെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സാധാരണ പൗരന്മാര് ശുഭപ്രതീക്ഷ നിറഞ്ഞവരാണെന്നു പറഞ്ഞ പ്രധാനമന്ത്രി, നിഷേധാത്മകതയെ നേരിടാനുള്ള കഴിവ് ഇന്ത്യന്‍ സമൂഹത്തിനുണ്ടെങ്കിലും അത് ഒരിക്കലും ഈ നിഷേധാത്മകതയെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: