Categories: India

ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന്റെ കടയ്‌ക്കല്‍ കത്തിവെച്ച് അദാനി; അദാനി പണയംവെച്ച ഓഹരികള്‍ 9100 കോടി നല്‍കി തിരിച്ചുവാങ്ങി; ഫലം കണ്ടുതുടങ്ങി

Published by

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണത്തെ തകര്‍ത്ത് അദാനി പണയം വെച്ച ഓഹരികള്‍ തിരിച്ചുവാങ്ങി. ഇതിനായി 9100 കോടിരൂപയോളമാണ് ചെലവാക്കിയത്.  

സ്വന്തം കമ്പനിയുടെ ഓഹരികള്‍ മുഴുവന്‍ പണം കൊടുത്ത് തിരിച്ചുവാങ്ങിയതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിശ്വാസ്യത കൂടി. ഒപ്പം ചെറുകിട നിക്ഷേപകര്‍ക്കും അദാനി ഓഹരികള്‍ വെറും കടലാസല്ല എന്ന ബോധ്യം തിരിച്ചുകിട്ടുകയാണ്. ഇത് നിക്ഷേപകരുടെ അദാനി ഓഹരികളിലുള്ള ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.  ഇത് തിങ്കളാഴ്ച ഓഹരി വിപണികളില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വില ഉയരുന്നതിന് കാരണമായി. അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരിയില്‍230 രൂപയുടെ കുതിച്ചുകയറ്റമുണ്ടായി. അദാനി പോര്‍ട്ടിന്റെ ഓഹരിവില രണ്ട് ശതമാനം  വര്‍ധിച്ച്555 രൂപയിലെത്തി. അദാനിക്ക് ഉടമസ്ഥാവകാശമുള്ള എന്‍ഡിടിവി ഓഹരിവിലയും കൂടി.  

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം അദാനി ഓഹരിയുടെ മൂല്യം കൃത്രിമമായി കൂട്ടിയ ശേഷം അത് വന്‍തുകയ്‌ക്ക് പണയപ്പെടുത്തി പണം സമാഹരിക്കുന്നു എന്നതായിരുന്നു. ഈ ആരോപണത്തിന്റെ കടയില്‍ കത്തിവെച്ചാണ് അദാനി അവരുടെ പണയം വെച്ച ഓഹരികള്‍ മുഴുവന്‍ രൊക്കം പണം നല്‍കി തിരിച്ചെടുത്തത്. അതിനായി ഏകദേശം 9100 കോടി രൂപ ചെലവഴിച്ചു.  വായ്പയ്‌ക്ക് വേണ്ടി സ്വകാര്യബാങ്കുകള്‍ക്ക് ഈടായി നല്‍കിയ അദാനി ഗ്രൂപ്പ് ഓഹരികള്‍ ബ്രിട്ടനിലെ സ്റ്റാന്‍ഡേര്‍‍ഡ് ചാര്‍ട്ടേഡ്, ക്രെഡിറ്റ് സൂയിസ്, സിറ്റി ഗ്രൂപ്പ് എന്നിവര്‍ പണയമായി എടുക്കില്ലെന്ന വാര്‍ത്ത പുറത്തുവന്നതും ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ അദാനിയെ പ്രേരിപ്പിച്ചത്. 

ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന്  തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നീക്കം. വായ്പകളുടെ കാലാവധിയെത്തുംമുമ്പുള്ള തിരിച്ചെടുക്കല്‍ കമ്പനിയുടെ കരുത്ത് കാട്ടുന്നതിന് വേണ്ടിയാണ്.അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ തിരിച്ചെടുക്കാന്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ 9,100 കോടി രൂപയാണ് തിരിച്ചടച്ചത്. അടുത്ത 30 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ പണയം വെച്ച മുഴുവന്‍ ഓഹരികളും തിരിച്ചുവാങ്ങാനാണ് അദാനി ആലോചിക്കുന്നത്. 

അദാനി പോര്‍ട്സിന്റെ 16.8 കോടി(12ശതമാനം), അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.75 കോടി (മൂന്നു ശതമാനം), അദാനി ട്രാന്‍സ്മിഷന്റെ 1.17 കോടി(1.4ശതമാനം)ഓഹരികളാണ് തിരികെയെടുത്തത്. വായ്പയ്‌ക്ക് 2024 സെപ്റ്റംബര്‍വരെ കാലാവധിയുണ്ടായിരുന്നു.  ഇനി പണയപ്പെടുത്തിയിട്ടുള്ള  അദാനി പവറിന്റെ 25ശതമാനവും അദാനി എന്റര്‍പ്രൈസസിന്റെ 22.6ശതമാനവും ഓഹരികള്‍ പണയത്തിലുണ്ട്. ഈ ഓഹരികളുടെ നിലവിലെ വിപണിമൂല്യം 30,100 കോടി രൂപയാണ്. ഇതും തിരികെ വാങ്ങാന്‍ അദാനി ആലോചിക്കുന്നതു.  

ഇന്നലെയും ഓഹരിവിപണിയില്‍ തിരിച്ചടി നേരിട്ടതോടെയാണ് നിര്‍ണായക ഇടപെടലുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക