ബാംഗ് ളൂര്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഊര്‍ജ വാരം (ഐഇഡബ്ല്യു) 2023 ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയിലിന്റെ ‘അണ്‍ബോട്ടില്‍ഡ്’ പദ്ധതിപ്രകാരം യൂണിഫോമും പ്രധാനമന്ത്രി പുറത്തിറക്കി. പുനഃചംക്രമണം ചെയ്ത പിഇടി കുപ്പികള്‍ കൊണ്ടാണ് ഈ യൂണിഫോമുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡോര്‍ സൗരോര്‍ജ പാചകസംവിധാനത്തിന്റെ ട്വിന്കുക്ക്ടോപ്പ് മാതൃക അദ്ദേഹം സമര്‍പ്പിക്കുകയും അതിന്റെ വാണിജ്യപരമായ പുറത്തിറക്കലിനു തുടക്കം കുറിക്കുകയും ചെയ്തു.
എഥനോള്‍ മിശ്രണ രൂപരേഖയുടെ പശ്ചാത്തലത്തില്‍, 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എണ്ണ വിപണന കമ്പനികളുടെ 84 ചില്ലറവില്‍പ്പനശാലകളില്‍ ‘ഇ20’ ഇന്ധനവും പ്രധാനമന്ത്രി പുറത്തിറക്കി. ഹരിത ഇന്ധനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി, ഹരിത ഊര്‍ജ സ്രോതസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പങ്കെടുക്കുന്ന ഗ്രീന്‍ മൊബിലിറ്റി റാലിയും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
ഫെബ്രുവരി 6 മുതല്‍ 8 വരെ സംഘടിപ്പിക്കുന്ന ഇന്ത്യ ഊര്‍ജവാരം, ഊര്‍ജ പരിവര്‍ത്തന ശക്തികേന്ദ്രം എന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന കരുത്തു പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഉത്തരവാദിത്വമുള്ള ഊര്‍ജപരിവര്‍ത്തനം ഉയര്‍ത്തുന്ന വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പരമ്പരാഗതവും പാരമ്പര്യേതരവുമായ ഊര്‍ജ വ്യവസായം, ഗവണ്മെന്റുകള്, അക്കാദമികമേഖല എന്നിവയിലെ മുന്‍നിരക്കാരെ ഈ പരിപാടി ഒന്നിച്ചുകൊണ്ടുവരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30ലധികം മന്ത്രിമാര്‍ ഇതില്‍ പങ്കെടുക്കും. 30,000ത്തിലധികം പ്രതിനിധികളും 1,000 പ്രദര്‍ശകരും 500 പ്രഭാഷകരും ഇന്ത്യയുടെ ഊര്‍ജ്ജ ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ചചെയ്യാന്‍ ഒത്തുചേരും.
ഇന്ത്യന്‍ ഓയിലിന്റെ ‘അണ് ബോട്ടില്‍ഡ്’ പദ്ധതിക്ക് കീഴില്‍ പ്രധാനമന്ത്രി യൂണിഫോം പുറത്തിറക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, റീട്ടെയില്‍ ഉപഭോക്തൃ അറ്റന്‍ഡര്‍മാര്‍ക്കും എല്‍പിജി വിതരണ ഉദ്യോഗസ്ഥര്‍ക്കുമായാണ് പുനഃചംക്രമണം ചെയ്ത പോളിസ്റ്റര്‍ (ആര്‍പിഇടി), കോട്ടണ്‍ എന്നിവയില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ ഈ യൂണിഫോം നിര്‍മ്മിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ ഉപഭോക്തൃ അറ്റന്‍ഡര്‍മാരുടെ ഓരോ സെറ്റ് യൂണിഫോമും ഉപയോഗിച്ച ഏകദേശം 28 പിഇടി കുപ്പികളുടെ പുനരുപയോഗത്തെ പിന്തുണയ്ക്കും. പുനഃചംക്രമണം ചെയ്ത പോളിസ്റ്ററില്‍ നിന്ന് നിര്‍മ്മിച്ച ചരക്കുകള്‍ക്കായി ആരംഭിച്ച സുസ്ഥിര വസ്ത്രങ്ങള്‍ക്കായുള്ള ബ്രാന്‍ഡായ ‘അണ്‍ബോട്ടില്‍ഡ്’ വഴി ഇന്ത്യന്‍ ഓയില്‍ ഈ സംരംഭം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകും. ഈ ബ്രാന്‍ഡിന് കീഴില്‍, മറ്റ് എണ്ണ വിപണന കമ്പനികളിലെ ഉപഭോക്തൃ അറ്റന്‍ഡര്‍മാരുടെ യൂണിഫോം, സൈന്യത്തിനുള്ള യുദ്ധേതര യൂണിഫോം, സ്ഥാപനങ്ങള്‍ക്കുള്ള യൂണിഫോം/ വസ്ത്രങ്ങള്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കുള്ള വില്‍പ്പന എന്നിവ സജ്ജമാക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ ലക്ഷ്യമിടുന്നു.
ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡോര്‍ സൗരോര്‍ജ പാചക സംവിധാനത്തിന്റെ ട്വിന്‍ കുക്ക്ടോപ്പ് മാതൃക പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയും വാണിജ്യാടിസ്ഥാനത്തിലുള്ള അതിന്റെ വിതരണത്തിന് തുടക്കമിടുകയും ചെയ്തു. ഇന്ത്യന്‍ ഓയില്‍ നേരത്തെ നൂതനവും പേറ്റന്റുള്ളതുമായ ഇന്‍ഡോര്‍ സൗരോര്‍ജ പാചക സംവിധാനം വികസിപ്പിച്ചിരുന്നു. ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും ഉപയോഗിക്കാനുള്ള എളുപ്പവും വാഗ്ദാനം ചെയ്യുന്നതിനാണ് ട്വിന്കുക്ക്ടോപ്പ് ഇന്‍ഡോര്‍ സൗരോര്‍ജ പാചകസംവിധാനം രൂപകല്‍പ്പന ചെയ്തത്. വിപ്ലവകരമായ സൗരോര്‍ജ പാചകസംവിധാനമായ ഇത്, സൗരോര്‍ജത്തിലും മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളിലും ഒരേസമയം പ്രവര്‍ത്തിക്കുന്നു. ഇത് ഇന്ത്യയ്ക്ക് വിശ്വസനീയമായ പാചക പ്രതിവിധിയായും മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: