ന്യൂദല്‍ഹി: പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ നയം പ്രകാരം രാജ്യത്തിന് ലഭിക്കുന്ന ഹജ്ജ് ക്വാട്ടയില്‍ 80 ശതമാനം സര്‍ക്കാരിനും 20 ശതമാനം സ്വകാര്യമേഖലയ്‌ക്കുമായി നീക്കിവെക്കും. നേരത്തെ സര്‍ക്കാരിന് 70 ശതമാനവും സ്വകാര്യമേഖലയ്‌ക്ക് 30 ശതമാനവുമായിരുന്നു.
ഹജ്ജ് അപേക്ഷയ്‌ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് കേന്ദ്രം നിര്‍ത്തലാക്കി. നേരത്തെ അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവരും ഫീസ് അടക്കേണ്ടിയിരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഹജ്ജിനുള്ള വിഐപി ക്വാട്ട പൂര്‍ണമായും നിര്‍ത്തലാക്കി. മന്ത്രിമാര്‍, എംപിമാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരാണ് നേരത്തെ ഈ ക്വാട്ട ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഈ ക്വാട്ട ഉണ്ടായിരിക്കില്ലെന്നും പുതിയ നയം വ്യക്തമാക്കുന്നു.
1,75,025 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുകയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കഴിഞ്ഞവര്‍ഷം 80,000 പേര്‍ക്ക് മാത്രമായിരുന്നു അവസരം. പരമാവധി ചെലവ് കുറച്ച് ഹാജിമാരെ അയക്കാനാണ് ശ്രമിക്കുന്നത്.
രാജ്യത്തെ എംമ്പാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 ആയി ഉയര്‍ത്തി. കേരളത്തിലെ എംമ്പാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ത്തി. കൊച്ചിക്കുപുറമെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് കേരളത്തില്‍ നിന്നുള്ള എംമ്പാര്‍ക്കേഷന്‍ കേന്ദ്രങ്ങളെന്നും, അബ്ദുള്ളക്കുട്ടി പറഞ്ഞു.
വെബ്‌സൈറ്റ് പരിഷ്‌കരണമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി. ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി എന്നിവരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹാജിമാര്‍ക്കായി ഒരുക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: