ഗോപന് ചുള്ളാളം
തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് 1000 കോടി രൂപ വകയിരുത്തുന്നുവെന്ന് ധനമന്ത്രി ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം വെറു കബളിപ്പിക്കല്‍. നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട് കേന്ദ്രം നടത്തുന്ന റോഡ് വികസനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കലിന് സംസ്ഥാനത്തിന് പണം നല്‍കാനാകില്ലെന്ന് ഡിസംബര്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നതാണ്. കേന്ദ്രമന്ത്രി നിധിന്‍ഗഡ്കരി കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടെ 45,536 കോടി രൂപയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മുന്‍പ് സ്ഥലമേറ്റെടുക്കുന്നതില്‍ കാലതാമസമുണ്ടായതിന്റെ ഫലമായാണ് കേരളം സ്ഥലമേറ്റെടുപ്പിന് 25 ശതമാനം നല്‍കുന്നതെന്നും ഇനി അത് നല്‍കാനാവില്ലെന്നുമായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. ദേശീയപാതയുടെ നിര്‍മ്മാണം നടത്തുന്നത് ദേശീയപാത അതോറിറ്റിയാണ്. സ്ഥലമേറ്റെടുപ്പിന്റെ സംസ്ഥാന വിഹിതമായ 25 ശതമാനം പോലും നല്‍കാനാവില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈയൊഴിയുകയായിരുന്നു. എന്നാല്‍ 2025 ഓടെ കേരളത്തിലെ റോഡുകള്‍ അമേരിക്കന്‍ റോഡുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അര്‍ഥ ശങ്കയ്ക്കിടയില്ലാത്തവിധം കേന്ദ്രമന്ത്രി നിധിന്‍ഗഡ്കരി വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം മറച്ചുപിടിച്ചാണ് വിഴിഞ്ഞം നാവായിക്കുളം റിംഗ്റോഡ് പദ്ധതി സംസ്ഥാന സര്‍ക്കാറിന്റേതെന്ന വിധത്തില്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിലൂടെ അവകാശവാദ മുന്നയിക്കുന്നത്.
ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് നടപ്പിലാക്കുക എന്നും പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുവാന്‍ ദേശീയപാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസും 2022 ജനുവരി 26ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്തു നിന്നാരംഭിച്ച് വിളപ്പില്‍ശാല, നെടുമങ്ങാട്, തേക്കട, വെമ്പായം, തേമ്പാംമൂട്, പുളിമാത്തുവഴി നാവായിക്കുളത്തുവച്ച് എന്‍എച്ച് 66 ല്‍ ചേരുന്നതാണ് റിംഗ് റോഡ്. ഇതോടൊപ്പം തേക്കടയില്‍ നിന്ന് പോത്തന്‍കോട് വഴി മംഗലപുരത്തെത്തി എന്‍എച്ച് 66ല്‍ ചേരുന്ന മറ്റൊരു റോഡും ഇതിന്റെ ഭാഗമാണ്. 5000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, രണ്ട് ക്ലാര്‍ക്കുമാര്‍, മൂന്ന് സര്‍വേയര്‍മാര്‍, രണ്ട് മൂല്യനിര്‍ണയ അസിസ്റ്റന്റുമാര്‍, ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റന്‍ഡന്റുമാര്‍ എന്നിവരടങ്ങിയ സംഘത്തെ ദേശീയപാത അതോറിറ്റിയുടെ ആവശ്യ പ്രകാരം റവന്യു വകുപ്പ് വിട്ടുനല്‍കിയിട്ടുമുണ്ട്. ഇവര്‍ക്കുള്ള ശമ്പളമുള്‍പ്പെടെ നല്‍കുന്നത് ദേശീയപാത അതോറിറ്റിയാണ്. സംസ്ഥാന ബജറ്റില്‍ ഇക്കൊല്ലം റിംഗ്റോഡിന് 1000 കോടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ പദ്ധതിക്ക് കഴിഞ്ഞവര്‍ഷവും ഇതേ തുക മാറ്റിവച്ചിരുന്നെങ്കിലും ഒരുരൂപപോലും ചെലവഴിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: