ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ജനങ്ങളുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തുന്ന പ്രസ്താവനകളാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലും സിപിഎം നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നത്. ബജറ്റവതരണത്തിലുടനീളം കേന്ദ്ര സര്ക്കാനെതിരായ വികാരം കുത്തിപ്പൊക്കാന്‍ ശ്രമിച്ച ധനമന്ത്രി, കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന പച്ചക്കള്ളം ആവര്‍ത്തിച്ചു. പെട്രോളിനും ഡീസലിനും അന്യായമായി വില വര്‍ധിപ്പിച്ചതുള്‍പ്പെടെ സര്‍വത്ര വിലക്കയറ്റത്തിന് വഴിയൊരുക്കിയശേഷം അതിനും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന അന്തസ്സില്ലായ്മയാണ് ഇക്കൂട്ടര്‍ കാണിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ വികസനത്തിനുവേണ്ടിയും ജനക്ഷേമത്തിനുവേണ്ടിയും സംസ്ഥാന ബജറ്റിലില്ലാത്ത പദ്ധതികളും വകയിരുത്തലുകളും ധനമന്ത്രി നിര്‍മലാ സീതാ രാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലുണ്ട് എന്നതാണ് സത്യം. എന്നു മാത്രമല്ല, കേന്ദ്ര പദ്ധതികള്‍ പേരുമാറ്റിയും അല്ലാതെയും അവതരിപ്പിച്ചും, കേന്ദ്ര ഫണ്ട് ഉപയോഗിച്ചുമാണ് സംസ്ഥാന ബജറ്റിലെ പല പദ്ധതികളും വിഭാവനം ചെയ്തിട്ടുള്ളത്. വിഘടനവാദത്തിന്റെ സ്വരമുള്ള ‘മേക്ക് ഇന്‍ കേരള’പോലും കേന്ദ്രത്തെ കോപ്പിയടിക്കുന്നതാണ്. കേന്ദ്രത്തിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി കേരളത്തില്‍ നടപ്പാക്കുമ്പോള്‍ അത് ‘മേക്ക് ഇന്‍ കേരള’യായി മാറും! ഇതുപോലെ കേന്ദ്ര ബജറ്റിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും റിങ്റോഡും വിഴിഞ്ഞം-നാവായിക്കുളം വ്യവസായ ഇടനാഴിയും ന്യൂ എനര്‍ജി പാര്‍ക്കും ഇലക്ട്രിക് ബാറ്ററി നിര്‍മാണവും ഗ്രീന്‍ ഹൈഡ്രജന്‍ ഹബുമൊക്കെ സ്വന്തം പദ്ധതികളായി പ്രഖ്യാപിച്ച് കയ്യടി നേടാനാണ് സംസ്ഥാന ബജറ്റില്‍ ശ്രമിച്ചിരിക്കുന്നത്.
കേരളത്തിന്റെ റെയില്‍വെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുകതന്നെ സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും കുപ്രചാരണങ്ങളെ തുറന്നുകാട്ടുന്നുണ്ട്. രാജ്യത്തെ റെയില്‍വേ വികസനത്തിനായി 2.41 ലക്ഷം കോടി രൂപ കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിട്ടുള്ളതില് 2033 കോടി രൂപ കേരളത്തിനുള്ളതാണ്. പുതിയ പാത, പാത ഇരട്ടിപ്പിക്കല്‍, മൂന്നാം പാത, റെയില്‍വെ സ്റ്റേഷന് നവീകരണം എന്നിങ്ങനെ 50 വര്‍ഷത്തെ വികസനമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേരളം ഭരിച്ചവരുടെ കെടുകാര്യസ്ഥതകൊണ്ടും താല്‍പ്പര്യക്കുറവുകൊണ്ടും മുടങ്ങിക്കിടക്കുന്ന ശബരിപാത നിര്‍മാണത്തിന് 100 കോടി രൂപ കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത് അഭിനന്ദനാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ കാലതാമസം കൊണ്ട് പദ്ധതിയടങ്കല്‍ പലമടങ്ങ് വര്‍ധിച്ച ശബരി റെയില്‍ പാതയുടെ നിര്‍മാണം കേന്ദ്രം മുന്കയ്യെടുത്തതുകൊണ്ടു മാത്രമാണ് ഇപ്പോള്‍ പുനഃരാരംഭിക്കാന്‍ ധാരണയായിട്ടുള്ളത്. പദ്ധതിക്കു വേണ്ടിവരുന്ന തുകയില്‍ പകുതി നല്‍കാമെന്ന ഉറപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങിയതാണ് പണി മുടങ്ങാന്‍ കാരണം. അഴിമതി ലക്ഷ്യംവച്ചുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അമിതാവേശം കാണിച്ച പിണറായി സര്‍ക്കാര്‍ ചില സ്ഥാപിത ശക്തികളുടെ സമ്മര്‍ദ്ദംകൊണ്ട് ശബരിപാതയെക്കുറിച്ച് മിണ്ടാറില്ല. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ പോകുന്ന ശബരിപാത യാഥാര്‍ത്ഥ്യമാവുന്നതോടെ ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അത് ഗുണം ചെയ്യും. അവരുടെ വര്‍ഷങ്ങളായുള്ള ആവശ്യവും പ്രാര്‍ത്ഥനയുമാണ് നിറവേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: