വൃത്തം ഒരു വിഷയംതന്നെയാണ്. ‘ലക്ഷ്മണരേഖ’ വൃത്തത്തിലായിരുന്നിരിക്കണം. രാക്ഷസനായ മാരീചന് രാവണ ദൗത്യമേറ്റെടുത്ത് സീതാപഹരണത്തിന് സാഹചര്യമൊരുക്കാന്‍ നടത്തിയ ആസൂത്രണത്തിനെ ചെറുക്കാന്‍, രാമപത്നിയും അങ്ങനെ ഏട്ടത്തിയമ്മയുമായ സീതയ്ക്ക് ലക്ഷ്മണന് ഏര്‍പ്പെടുത്തിയ നിയന്ത്രണമായിരുന്നു ലക്ഷ്മണരേഖ.
അമ്പുകൊണ്ട് ആശ്രമമുറ്റത്ത് ചുറ്റും വരച്ച രേഖ ആയതിനാല്‍ അത് വൃത്തിത്തിലായിരുന്നിരിക്കണം. ഏതുസാഹചര്യത്തിലും അത് മറികടക്കരുതെന്നായിരുന്നു നിര്‍ദേശം. അതൊരു കരാര്‍ ആയിരുന്നു, വ്യവസ്ഥയായിരുന്നു, സംവിധാനമായിരുന്നു.
രാമായണം രചിച്ച ആദികവി വാല്മീകിയുടെ ആദ്യ ശ്ലോകവും വൃത്തത്തിലായിരുന്നു, ‘അനു്ഷടുപ്പ്’ വൃത്തത്തില്‍; ‘മാ നിഷാദ…’ എന്ന് തുടക്കം.
എഴുത്തച്ഛന് രാമകഥ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടാക്കിയപ്പോള് ഭാഷാവൃത്തങ്ങളുടെ ഉത്സവാഘോഷമായി ഓരോ കാണ്ഡത്തിനും. മഹാകവി കുമാരനാശാന് പില്ക്കാലത്ത് സീതയെ മുന്‍നിര്‍ത്തി ശ്രീരാമനേയും സൂര്യവംശത്തെത്തന്നെയും വിചാരണ ചെയ്ത് രചിച്ച ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യവും വൃത്തത്തിലായിരുന്നു; ‘വിയോഗിനി’യില്‍. അതില്‍, ലക്ഷ്മണന് നിര്‍ദേശിച്ച വിലക്കുകള്‍ ലംഘിച്ച് രാവണനാല്‍ അപഹരിക്കപ്പെട്ട് അക്കാരണത്താലുണ്ടായ അപവാദത്തിന്റെ പേരില്‍ പില്ക്കാലത്ത് പരിത്യക്തയായ സീത, ‘ഉടജാന്തവാടിയില്‍ സ്ഥിതിചെയ്ത കാലത്ത്’ പഴയതെല്ലാം ഓര്‍മിക്കുന്ന വേളയാണ് ആശാന്റെ രാമായണകാവ്യമായ ചിന്താവിഷ്ടയായ സീത…ആ കാവ്യം ‘വിയോഗിനി’ എന്ന വൃത്തത്തിലല്ലായിരുന്നെങ്കില് ഇത്ര തീവ്രമാകുമായിരുന്നോ എന്ന് സംശയമാണ്.
കവി ബാലചന്ദ്രന് ചുള്ളിക്കാട് പാടിച്ചൊല്ലിപ്പതിപ്പിച്ച കവിതകള്‍ അധികവും വൃത്തത്തിലുള്ളതല്ലായിരുന്നു. ‘എവിടെ ജോണ്‍?’ എന്ന് ചുള്ളിക്കാട് ചോദിച്ചത് വൃത്തത്തിലായിരുന്നില്ല. പക്ഷേ അതിന്റെ വൃത്തം ചോദ്യരൂപത്തിലായിരുന്നു. അത് ലക്ഷ്മണന് വൃത്തം വരച്ച അമ്പിന്റെ മുനയേക്കാള്‍ കൂര്‍ത്ത ‘ചോദ്യശര’മായിരുന്നു. കവിതയ്ക്ക് ചിലപ്പോള്‍ അങ്ങനെയും ആകേണ്ടിവരും.
ചുള്ളിക്കാട് കവിതയെഴുതി, പാടി നടന്ന കാലത്ത് അതിന് വൃത്തമുണ്ടോ എന്ന് ആരും അത്ര അന്വേഷിച്ചില്ല. പക്ഷേ വൃത്തവും താളവുമുള്ള കവിതകളായിരുന്നു എല്ലാം. അവ അടിമുടി, പ്രഖ്യാപിതമായ ലക്ഷണ നിര്‍വചനം ചെയ്തിട്ടുള്ള സംസ്കൃത-ഭാഷാ വൃത്തങ്ങളുടെ വൃത്തത്തില്‍ ആയിരുന്നിരിക്കില്ല പലപ്പോഴും. പക്ഷേ പരാതികള്‍ ഉയര്‍ന്നില്ല. വൃത്തവും താളവും ശ്രദ്ധിക്കാതെ ആസ്വാദകര്‍ കവിതകേട്ടിരുന്നു, ചിലര്‍ വായിക്കുകയും ചെയ്തു. ‘മാപ്പുസാക്ഷി’ എന്ന കവിതയിലെ ‘ഫ’ എന്ന ആ ആട്ട് വൃത്തത്തിലല്ലെന്ന് ആര്‍ക്കും തോന്നിയില്ല. ആ കവിത ആവശ്യപ്പെട്ട സംവേദനത്തില്‍ അതായിരുന്നു അതിന്റെ വൃത്തവും താളവും.
ചുള്ളിക്കാടിന്റെ കവിതയെ, അങ്ങനെ ആധുനിക കവിതയുടെ ആരൂഢവും അലങ്കാരവുമാക്കി ചിലര്‍ പ്രചരിപ്പിച്ച വൃത്തനിരാസവും ഗദ്യാഘോഷവുമായി സന്തോഷിക്കുന്ന കാലത്താണ് ഏറെ നാളുകള്‍ക്ക് ശേഷം ‘താതവാക്യം’ എന്ന ചുള്ളിക്കാട് കവിത വന്നത്. അത് വൃത്ത നിബദ്ധമായിരുന്നു. അതുകൊണ്ടുതന്നെ വൃത്തം ചര്‍ച്ചയായിരുന്നു. ‘വസന്തതിലകം’ വൃത്തത്തില്‍ എഴുതിയ കവിത.
ആ കവിത ‘കേക’യിലാണെന്നും ‘കേക’യെ ചുള്ളിക്കാട് പരിഷ്കരിച്ച് മനോഹരവും ആകര്ഷകവുമാക്കിയെന്നും മറ്റും ‘ഗവേഷണം’ ചെയ്ത് പഠിച്ച് പിഎച്ച്ഡി നേടിയ വിദ്യാര്‍ത്ഥിയെക്കുറിച്ച് ചുള്ളിക്കാടുതന്നെ പറഞ്ഞിട്ടുണ്ട്! സര്‍വകലാശാലകളിലെ ഗവേഷണ നിലവാരവും അതിന് ഗൈഡ് ചെയ്യുന്ന അധ്യാപകരുടെ നിലവാരവും പൊതുവേ മലയാള ഭാഷയുടെ അവസ്ഥയുമൊക്കെ വെളിപ്പെടുത്തുന്നതാണ് ആ സംഭവം. എഴുത്തച്ഛനാണ് മലയാള ഭാഷയെ പരിഷ്കരിച്ച് ഏകരൂപമുണ്ടാക്കി അക്ഷരങ്ങള്‍ക്ക് നിലവാരം സ്ഥിതീകരിച്ചതെങ്കില് ‘ഞാന്‍ നവകാല എഴുത്തച്ഛന്’ എന്ന ഭാവത്തിലാണ്, ഭാഷാവധമാണ് ചെയ്യുന്നതെന്നറിയാത്ത, ഈ ക്രിയയിലെ മത്സരാര്‍ത്ഥികളുടെ ചാപല്യങ്ങള്‍. അതുകൊണ്ടാണ് ‘വൃത്തം’ ‘ചതുര’മാകുന്നത്. ചാതുര്യമാകാം; പെരുന്തച്ചന് നിര്‍മിച്ച കുളംപോലെ, ഒരു കരക്കാര് നോക്കുമ്പോള്‍ ചതുരത്തിലും മറ്റൊരു കരക്കാര് നോക്കുമ്പോള്‍ വൃത്തത്തിലും കാണുന്ന, ആസ്വദിക്കാനാവുന്ന കാഴ്ച ഒരുക്കിയാല്‍ അത് ചാതുര്യമാണ്. പക്ഷേ, വെറും ചാപല്യങ്ങള്‍ ചാതുര്യമാണെന്ന് വാദിക്കുന്നതാണ് പ്രശ്നം.
അടുത്തിടെ, വിദ്യാര്‍ത്ഥികളായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ് നല്കുന്ന സമിതിയുടെ ഭാഗമായപ്പോള്‍ ഞാന്‍ അനുഭവിച്ച വ്യഥകളിലൊന്ന് ഇതായിരുന്നു. വൃത്തത്തിലും ‘ചതുര’ത്തിലും എഴുതാന്‍ കഴിഞ്ഞിരുന്ന, ആധുനിക കവിതയുടെ ആവിഷ്കര്‍ത്താക്കളില്‍ പ്രമുഖനായിരുന്ന എന്‍.എന്‍. കക്കാടിന്റെ പേരില്‍ മയില്‍പ്പീലി മാസിക ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. കവിത വൃത്തത്തില്‍ വേണമെന്ന ശാഠ്യമൊന്നുമില്ലെങ്കിലും ‘വളയത്തില്കൂടി ചാടുന്നത്’ അധികയോഗ്യതയായി കണക്കാക്കുന്നയാളെന്ന നിലയിലാണ് കവിതാ പുസ്തകങ്ങളെ മൂല്യനിര്‍ണയം ചെയ്തത്. പക്ഷേ, വൃത്തം തീരെ പ്രയോഗിക്കാത്ത ചില രചനകളില്‍ കവിത കണ്ടു. അവയ്ക്ക് വൃത്തമില്ലായ്മ അയോഗ്യതയായി തോന്നിയതേ ഇല്ല.
പറഞ്ഞുവന്നത്, വൃത്തം കവിതയ്ക്ക് അധികയോഗ്യതയോ വൃത്തമില്ലായ് അയോഗ്യതയോ അല്ലെന്നാണ്. അധികയോഗ്യതയാകുന്നത്, വൃത്തകവിതയ്ക്ക് മത്സരിക്കാനുള്ള യോഗ്യതയുള്ളതുകൊണ്ടാണ്. കാരണം, ഒരേ മാനദണ്ഡങ്ങള്‍ വെച്ച് അളക്കുമ്പോഴാണല്ലോ ശരിയായ മൂല്യ നിര്‍ണയം സംഭവിക്കുക. അത് കവിതയിലായാലും ഏത് വേദിയില്‍ ഏത് കാര്യത്തിലായാലും അങ്ങനെയാണ്. അതുകൊണ്ടാണ് സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനെയും സംഗീതാചാര്യന് ത്യാഗരാജ സ്വാമികളേയും താരതമ്യം ചെയ്യാനാവാത്തത്. വൃത്തം ഒരു വ്യവസ്ഥയാണ്.
വ്യവസ്ഥയായ ആ വൃത്തം കവിതയ്ക്ക് മാത്രമല്ല, ഗദ്യത്തിനും ജീവിതത്തിനുമുണ്ട്. വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനുമുണ്ട്. അതൊരുതരത്തില്‍ പറഞ്ഞാല്‍ അതിരാണ്. പരിമിതിക്കും പരിധിയ്ക്കുമിടയിലെ അതിര്. സ്വാതന്ത്ര്യത്തിനുമുണ്ട് വൃത്തം. രാജ്യത്തിന്റെ ഭരണഘടന ഒരുതരത്തില്‍ വൃത്തമാണ്; വ്യവസ്ഥയാണ്. ഇങ്ങനെ ഓരോ രംഗത്തും ഉണ്ടായിരിക്കേണ്ട വൃത്തമില്ലാതാകുമ്പോഴാണ് അവ്യവസ്ഥയുണ്ടാകുന്നത്.
സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ ലക്ഷ്യത്തിന്റെയും മാര്‍ഗത്തിന്റെയും വൃത്തം തെറ്റുമ്പോഴാണ് നേരത്തേ പറഞ്ഞതുപോലെ ‘വസന്തിലകം’ ‘കേക’യാണെന്ന വിലയിരുത്തലിന് ഡോക്ടറേറ്റ് കിട്ടുന്നത്. ‘വാഴക്കുല’ ആരുടേതെന്ന തര്‍ക്കമുണ്ടാകുന്നതും അതില്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും പൊതുസ്ഥലത്ത് വിചാരണചെയ്യപ്പെടുന്നതും ചിന്താ ജെറോമുമാര്ക്ക് സര്‍വകലാശാലകളുടെ ഡോക്ടര്‍ ബിരുദം കിട്ടുന്നതും. സുനില്‍.പി.ഇളയിടത്തിന്റെയും കെ.ടി. ജലീലിന്റെയും ഡോക്ടറേറ്റുകള്‍ പിന്നെയും പിന്നെയും കോപ്പിയടിയും വസ്തുതപ്പിശകും പോലുള്ള മോശം കാര്യങ്ങള്‍ക്ക് ചര്‍ച്ചയാകുന്നതും.
കഴിഞ്ഞ ദിവസം, ഒരു സഹൃദയന്, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ വിസിയായ ഡോ. അനില്‍ വള്ളത്തോളിന്റെ ‘നീലാഞ്ജനം’ എന്ന കവിതാ സമാഹാരത്തിലെ ചില കവിതകളില്‍ കണ്ട വൃത്തഭംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ‘ജയ മലയാള ഭാഷേ’, ‘വള്ളത്തോള്‍ സ്മരണ’ എന്നീ കവിതകളിലെ ശ്ളോകങ്ങളിലാണ് പിഴവ്. ‘സ്രഗ്ധര’യും ‘ശാര്‍ദൂല വിക്രീഡത’വുമൊക്കെയായ ശ്ളോകങ്ങളില്‍ വൃത്തഭംഗം ഏറെ. കവിതയില്‍ വൃത്തഭംഗം വരുന്നത് മഹാപരാധമായി കാണേണ്ടതില്ലായിരിക്കാം. പക്ഷേ ഭാഷയും സാഹിത്യവും ബിഎ, എംഎ ക്ലാസ്സുകളില്‍ പഠിപ്പിക്കുകയും അവര്‍ക്ക് ഗവേഷണത്തിന് ഗൈഡാകുകയും ചെയ്യുന്നയാളാണ് ‘വളയത്തിലൂടെ’ ചാടിയപ്പോള്‍ അതില്‍ തട്ടി വീണത്. അതിലെ അപകടമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഒരുപക്ഷേ, കവിയുടെ പിശകല്ല, അച്ചടിപ്പിശകായിരിക്കുമെന്ന് പറയാം. പക്ഷേ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്‍ട്രല്‍ കോ-ഓപ് സ്റ്റോഴ്സ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകത്തിലെ പിഴവിന് ആരായിരിക്കും ഉത്തരവാദി? അങ്ങനെ ഒരാളുണ്ടാവണമല്ലോ? അതാണ് യൂണിവേഴ്സിറ്റികളുടെ സംവിധാനത്തിലെ ‘വൃത്തഭംഗം’; സര്‍വകലാശാലകളിലെ നിയമനങ്ങളിലെ ‘വൃത്തഭംഗം’. അപകടകരമാണല്ലോ അതെല്ലാം. കാരണം വധിക്കപ്പെടുന്നത് ഭാഷയാണല്ലോ. സാഹിത്യത്തില്‍ നേന്ത്രക്കുലകള്ക്കും കദളിക്കുലകള്ക്കും പകരം ‘കാളാമുണ്ടം’ (ചിലനാട്ടില്‍ കാളാമുണ്ടന്‍ എന്നു പറയും; പഴക്കുലയുടെ തണ്ടാണത്) ‘കാഴ്ചക്കുല’കളാകുന്നത്.
ഒരു പ്രിയ സുഹൃത്ത് കെ. മോഹന്‍ദാസ് ദിവസവും കവിതയെഴുതി സാമുഹ്യ മാധ്യമത്തില്‍ ചേര്‍ക്കും. എത്രയോ കാലമായി തുടരുന്നു, ദിനചര്യപോലെ. മനോഹരമായ വരികള്‍ പലതും. പക്ഷേ, വൃത്തത്തിലല്ലെന്ന് പോരായ്മ ചിലര്‍ ചൂണ്ടിക്കാട്ടും. ഒരുപക്ഷേ വൃത്തത്തിനുവേണ്ടി അധ്വാനിക്കുമ്പോള്‍ എഴുത്തു തടസം ഉണ്ടാകുന്നുവെന്നത് കാരണമാകാം. അതെ ശീലമാണ് പ്രശ്നം. എഴുതിപ്പോയ ശീലം. അദ്ദേഹം അത് സമ്മതിക്കുന്നുമുണ്ട്.
മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും കാമ്പുള്ള, എണ്ണത്തില്‍ കുറവാണെങ്കിലും ഉജ്ജ്വല കവിതകള്‍ എഴുതിയ ശ്രീനാരായണ ഗുരുവിനെപ്പോലെ വൃത്തത്തില്‍ വ്യത്യസ്തതയും വിദ്വത്വവും പുലര്‍ത്തിയ കവികളില്ല. ആത്മോപദേശശതകം എഴുതിയപ്പോള്‍ അതിന് ആരും സ്വീകരിച്ചിട്ടില്ലാത്ത ‘മൃഗേന്ദ്രമുഖം’ എന്ന വൃത്തമാണ് ഗുരു സ്വീകരിച്ചത്. ഒരിക്കല്‍ രചിച്ച ഒരു ശ്ലോകം ഏത് വൃത്തമെന്ന് തിരിച്ചറിയാനാവാതെ വന്നപ്പോള്‍ ഈ വിഷയത്തില്‍ പ്രഗത്ഭനായ കവി ശ്രീലകം വേണുഗോപാലിനോട് ചോദിച്ചു. ബോട്ടണി അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ മലയാള ഭാഷാ പരിജ്ഞാനത്തിനു മുന്നില്‍ സര്‍വകലാശാലകളിലെ പല ‘ഗൈഡുമാരും’ തലകുമ്പിട്ടു നില്‍ക്കണം. അദ്ദേഹം പഠിച്ചുപറഞ്ഞു, ഇങ്ങനെയൊരു വൃത്തം ഇല്ല, ഇത് പുതിയൊരു വൃത്തമായി പേരിട്ട് അവതരിപ്പിക്കാവുന്നതാണ് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
അതായത് വൃത്തഭംഗം വരുത്താനും വൃത്ത നിര്‍മ്മാണം നടത്താനും കവികള്‍ക്ക് കഴിയും. വ്യവസ്ഥകള്‍ ഉണ്ടാക്കാനും ലംഘിക്കാനും കഴിയുന്നതുപോലെ. ഏതു വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശവും നമുക്കുണ്ട്. അത് ജനാധിപത്യ സംവിധാനത്തില്‍ സര്‍വരും അംഗീകരിച്ച ഭരണഘടനയ്ക്ക് വിരുദ്ധമാകുമ്പോള്‍ ശിക്ഷക്കപ്പെടുന്നു. ഭാഷയില്‍ പക്ഷേ അതുണ്ടാകുന്നില്ല. അതുണ്ടാകാത്തിടത്തോളം വൃത്ത ഭംഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. കവിതയില്‍ മാത്രമല്ല, ജീവിതത്തിലാകെയും സമൂഹത്തിലും.
പിന്കുറിപ്പ്:
സംസ്ഥാന ബജറ്റവതരണത്തില്‍ പലപ്പോഴും കവിതയായിരുന്നു ഒരാശ്വാസം. തോമസ് ഐസക്കുപോലും കവിത പാടി. ബാലഗോപാല്‍ പക്ഷേ അങ്ങനെയല്ല, കവി ചങ്ങമ്പുഴ എഴുത്ത് നിര്‍ത്തണമെന്ന് പ്രമേയം പാസാക്കിയ (അങ്ങനെ ഉണ്ടായിട്ടില്ലെന്നും വാദം) കമ്യൂണിസ്റ്റ് പക്ഷക്കാരനാണ്. ചങ്ങമ്പുഴയുടെ ‘പാടുന്ന പിശാച്’ എന്ന കാവ്യം എഴുതിയ കാലത്ത് 51 വെട്ട് വെട്ടുന്ന പതിവ് കമ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടാകാഞ്ഞത് കവിയുടെ ഭാഗ്യം. അത്രയ്ക്കുണ്ട് അതിലെ കമ്മ്യൂണിസ്റ്റ് വിമര്‍ശനം. ബജറ്റില്‍നിന്നല്ല, സ്കൂള്‍ പാഠപുസ്തകങ്ങളില്നിന്നുതന്നെ കവിതയെ ഇറക്കിവിട്ടു കഴിഞ്ഞപ്പോള്‍പ്പിന്നെ നമുക്ക് എന്ത് വൃത്തം? എന്ത് ഭാഷ? നമുക്ക് പുസ്തകച്ചന്തകള്‍ ആഘോഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: