മനാമ: ഇന്ത്യ ഏഷ്യാകപ്പില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ വരില്ലെന്ന് ഭീഷണിപ്പെടുത്തി പാക് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (പിസിസി) ചെയര്മാന് നജാം സേത്തി. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലാണ് മത്സരിക്കാന്‍ വരില്ലെന്ന പാകിസ്ഥാന്റെ ഭീഷണി.
ഏഷ്യാ കപ്പിന് പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) വിളിച്ചു ചേര്‍ത്ത ബഹ്റൈനില്‍ നടന്ന അടിയന്തര യോഗത്തില്‍ ബിബിസിഐ ചെയര്മാന് ജയ് ഷായുമായി പാകിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന് നജാം സേത്തി ഉടക്കിയത്.
എന്ത് ഭീഷണി മുഴക്കിയാലും പാകിസ്ഥാനില്‍ ഏഷ്യാ കപ്പ് കളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് ജയ് ഷാ മറുപടി നല്കി. ഏഷ്യാ കപ്പിന്റെ പേരില്‍ കുറച്ച് പണമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യമൊന്നും പാകിസ്ഥാനില്ല. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പാകിസ്ഥാനില്‍ ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യയ്ക്ക് താല്പര്യമില്ല. ഇന്ത്യ എത്തിയില്ലെങ്കില്‍ വരുമാനം ഉണ്ടാകില്ലെന്ന് അറിയാവുന്ന നജാം സേത്തി ഭീഷണിപ്പെടുത്തി കാര്യം സാധിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് യോഗത്തില്‍ ജയ് ഷായുമായി പൊട്ടിത്തെറിച്ചതെന്ന് അറിയുന്നു. എന്നാല്‍ സ്വന്തം നിലപാടില്‍ ജയ് ഷാ ഉറച്ചുനില്‍ക്കുകയായിരുന്നു.
മിക്കവാറും ഇന്ത്യയുടെ നിര്‍ദേശം കണക്കിലെടുത്ത് ഐസിസി ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റാനാണ് സാധ്യത. കാരണം ഇന്ത്യയില്ലെങ്കില്‍ വരുമാനമില്ലെന്ന് ഐസിസിയ്ക്ക് നന്നായി അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: