മഹ്സ അമീനി നഗര്‍ : യുക്തിവാദി സമ്മേളന സ്ഥലങ്ങള്‍ ഇപ്പോള്‍ പല തമാശകള്‍ക്കും വേദിയാകുന്നുണ്ടെന്ന് സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ ഇ എ ജബ്ബാര്‍. നാട്ടുകാര്‍ കാണാതെ തലയില്‍ മുണ്ടുമിട്ട് സമ്മേളനത്തിനെത്തുന്ന പലരും തൊട്ടടുത്ത സീറ്റില്‍ സ്വന്തം അയല്‍വാസിയെ കണ്ട് ഞെട്ടുന്ന അനുഭവങ്ങള്‍ ഇപ്പോള്‍ നിരവധിയാണ്. മിക്ക സമ്മേളനങ്ങളിലും നാട്ടിലെ അറിയപ്പെടുന്ന മതപണ്ഡിതരുടെ മക്കള്‍ പോലും വന്ന് പങ്കെടുക്കുന്നു. മുസ്ലീങ്ങളുടെ പുരോഗതിയെ കുറിച്ച് അത് പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നു. ഓണവും ക്രിസ്തുമസ്സും ന്യൂഇയറും ആഘോഷിയ്‌ക്കുകയും സെറ്റ് സാരിയുടുത്ത് തിരുവാതിര കളിയ്‌ക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് മുസ്ലീം പെണ്‍കുട്ടികളെ ഇപ്പോള്‍ നമ്മള്‍ കണ്ടു. ഇത് മത പൗരോഹിത്യത്തോടുള്ള യുവതലമുറയുടെ വെല്ലുവിളിയാണ്.
മലപ്പുറത്ത് എക്‌സ്മുസ്ലീം പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു ജബ്ബാര്‍ മാഷ് എന്നറിയപ്പെടുന്ന ഇ എ ജബ്ബാര്‍.
ഇസ്ലാം വലിയൊരു അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിയ്‌ക്കുന്ന കാലമാണിത്. അച്ചടി യന്ത്രത്തിന്റെ പ്രചാരമാണ് യൂറോപ്പില്‍ ക്രിസ്തുമതത്തെ കടപുഴക്കിയത്. മതപൗരോഹിത്യത്തിന്റെ കോട്ടകള്‍ക്കുള്ളില്‍ അറിവിന്റെ വെളിച്ചം പരക്കാന്‍ അത് കാരണമായി. അതോടെ എല്ലാ കെട്ടുകളും പൊട്ടിച്ച് ജനങ്ങള്‍ പുറത്തേയ്‌ക്ക് വന്നു. എന്നാല്‍ അതേ കാര്യം ഇസ്ലാമില്‍ നടന്നില്ല. അറിവ് കടന്നു ചെല്ലാന്‍ കഴിയാത്ത വിധം ഇസ്ലാമിക രാജ്യങ്ങള്‍ ഇരുമ്പു മതിലുകള്‍ തീര്‍ത്തിരിയ്‌ക്കുകയായിരുന്നു. എന്നാല്‍ സാറ്റലൈറ്റുകള്‍ വഴി കടന്നുവരുന്ന ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ വന്നതോടെ ഏത് ഇരുമ്പു മതിലും കടന്ന് അറിവുകള്‍ ജനങ്ങളിലേക്ക് നിര്‍ബാധം എത്താന്‍ തുടങ്ങി. ഇതുവരെ ഹറാമെന്ന് പറഞ്ഞ് നിഷേധിയ്‌ക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യങ്ങളെല്ലാം ഇപ്പോള്‍ ഒന്നൊന്നായി സൗദിയില്‍ പോലും വരാന്‍ തുടങ്ങിയിരിയ്‌ക്കുന്നു.
വിശ്വാസികള്‍ വലിയ തോതില്‍ മതം വിട്ടു പോകുന്നു എന്ന് മത പണ്ഡിതന്മാര്‍ തന്നെ പരസ്യമായി സമ്മതിയ്‌ക്കുന്നുണ്ട്. അതിനവര്‍ നിര്‍ബന്ധിതരായിരിയ്‌ക്കുന്നു. അല്‍ക്വൈദ ഭീകരനായിരുന്ന യെമനി പൗരന്‍ അബ്ദുള്‍ മജീദ് സിന്ദാനിയുടെ നേതൃത്വത്തില്‍ ലോകമെങ്ങും വഹാബിസം വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച പ്രോജക്ടാണ് സിന്ദാനി പ്രോജക്റ്റ്. വള്ളിപുള്ളി മാറ്റമില്ലാതെ സംരക്ഷിയ്‌ക്കപ്പെടുന്ന ദൈവവചനമാണ് ഖുറാന്‍ എന്നും ഖുറാന്‍ വചനങ്ങളില്‍ ശാസ്ത്ര സത്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു എന്നുമൊക്കെയുള്ള വാദങ്ങള്‍ വലിയതോതില്‍ പ്രചരിപ്പിയ്‌ക്കപ്പെട്ടത് അതിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ ഈ അവകാശ വാദങ്ങളെല്ലാം അവര്‍ക്ക് വിനയായി ഭവിയ്‌ക്കുകയാണ്. നൂറുക്കണക്കിന് വ്യത്യാസങ്ങള്‍ ഉള്ള നാലോ അഞ്ചോ ഖുറാനുകള്‍ ഞാന്‍ തന്നെ സംഘടിപ്പിച്ച് നമ്മുടെ സമ്മേളനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജബ്ബാര്‍ മാഷ് പറഞ്ഞു. മൊറോക്കന്‍ ഖുറാന്‍ പോലെയല്ല ലിബിയന്‍ ഖുറാന്‍. അതുപോലെയല്ല സൗദിയിലെ ഖുറാന്‍. ഇവയെല്ലാം സൗദിയില്‍ ഉള്‍പ്പെടെ വാങ്ങാന്‍ കിട്ടും. എന്നാല്‍ അതതു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കേ ആ രാജ്യത്തിന്റെ ഖുറാന്‍ വാങ്ങാന്‍ പറ്റൂ. ലണ്ടന്‍ സ്പീക്കേര്‍സ് സ്‌ക്വയറില്‍ അത്തരം വ്യത്യസ്തങ്ങളായ മുപ്പതോളം ഖുറാനുകള്‍ ക്രിസ്ത്യാനികള്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. അതുപോലെ തന്നെയാണ് ഖുറാനില്‍ ശാസ്ത്രം ഉണ്ടെന്നുള്ള അവകാശവാദവും. അത്തരമൊരു അവകാശവാദം ഉയര്‍ത്തിയത് വലിയ അബദ്ധമായി പോയി എന്ന് ഇപ്പോള്‍ മതപണ്ഡിതര്‍ തന്നെ സമ്മതിയ്‌ക്കുന്നു. ഇതിന്റെയൊക്കെ പേരില്‍ യുവ തലമുറകള്‍ അവരെ വെല്ലുവിളിയ്‌ക്കുന്നു.
ദീനും മന:ശാസ്ത്രവും ഒരുപോലെ പഠിച്ച കൗണ്‍സലേര്‍സിന് വിശ്വാസി കുടുംബങ്ങളില്‍ ഇപ്പോള്‍ വലിയ ഡിമാന്ടാണ്. പുതിയ തലമുറയെ മന:ശാസ്ത്രപരമായി കൗണ്‍സലിംഗ് ചെയ്ത് മതത്തില്‍ പിടിച്ചു നിര്‍ത്താനാണ് ശ്രമിയ്‌ക്കുന്നത്. പുരോഹിതന്മാര്‍ പറയുന്ന മതാചാരങ്ങള്‍ അതേപടി അനുസരിയ്‌ക്കാന്‍ തയ്യാറല്ലാത്ത യുവതലമുറ കാരണം കുടുംബങ്ങളില്‍ വലിയ ആന്തരിക സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നു.
വിശ്വാസം ഇല്ലെങ്കിലും വലിയൊരു വിഭാഗം, മുസ്ലീം എന്ന തങ്ങളുടെ സ്വത്വം ഉപേക്ഷിയ്‌ക്കാന്‍ കഴിയാതെ അതില്‍ തന്നെ തുടരുകയാണ്. കാരണം നിയമപരമായും മറ്റും അവര്‍ എപ്പോഴും മുസ്ലീങ്ങള്‍ തന്നെ ആയിരിയ്‌ക്കും. ഏകീകൃത സിവില്‍ നിയമം ഇല്ലാത്തിടത്തോളം അവര്‍ക്ക് ബാധകമാവുക മുസ്ലീം വ്യക്തിനിയമം തന്നെ ആയിരിയ്‌ക്കും. നമ്മള്‍ മതം ഉപേക്ഷിച്ചാലും മതം നമ്മെ ഉപേക്ഷിയ്‌ക്കാത്ത ഒരവസ്ഥ. എന്നാല്‍ മുനാഫിക്കുകള്‍ ഇനി അങ്ങനെ അറച്ചു നില്‍ക്കേണ്ടതില്ല. ധൈര്യപൂര്‍വ്വം പുറത്തേയ്‌ക്ക് വരാനുള്ള സമയമായിരിയ്‌ക്കുന്നു.
1947ല്‍ മലപ്പുറത്തിനടുത്ത് കിളിയമണ്ണില്‍ ഉണ്ണീന്‍ എന്ന മുസ്ലീം, മതം ഉപേക്ഷിച്ച് രാമസിംഹനായി മാറിയിരുന്നു. തുടര്‍ന്ന് അദ്ദേഹം താന്‍ വാങ്ങിയ പറമ്പില്‍ ഉണ്ടായിരുന്ന ഒരു ക്ഷേത്രം പുനരുദ്ധരിയ്‌ക്കുകയും ആരാധന തുടങ്ങുകയും ചെയ്തു. അതിനെ തുടര്‍ന്ന് ഹാലിളകി എത്തിയ മുസ്ലീം ജനക്കൂട്ടം അദ്ദേഹത്തിന്റെ വീട് ആക്രമിച്ച് കുടുംബത്തോടെ വെട്ടിക്കൊല്ലുകയുണ്ടായി. ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ടാണ് ജബ്ബാര്‍ മാഷ് തന്റെ പ്രഭാഷണം തുടങ്ങിയത്. മതം വിട്ടുപോകുന്നവരെ അത്തരത്തില്‍ ഇനി ശാരീരികമായി ആക്രമിച്ച് പിടിച്ചു നിര്‍ത്താന്‍ കഴിയില്ല. അതിന് പകരമാണ് സ്‌നേഹ സംവാദം, ശാസ്ത്ര സംവാദം തുടങ്ങിയ പുതിയ പരിപാടികളുമായി ഉസ്താദുമാര്‍ രംഗത്തെത്തിയിരിയ്‌ക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: