തിരുവനന്തപുരം: “ഏത് പാതിരാത്രിയും നിങ്ങള്‍ക്കെന്നെ വിളിക്കാം, അന്വേഷിച്ച് വരാം, ഞാന്‍ നിങ്ങളെ ആശുപത്രിയിലെത്തിക്കാം. ഒരു ജീവന്റെ വില എനിക്ക് നന്നായറിയാം” രോഗികള്‍ക്കും അശരണര്‍ക്കും കരിമുല്‍ ഹഖ് എന്ന മനുഷ്യന് നല്കുന്ന ഉറപ്പാണിത്. ഒരു ജീവന് രക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും ജീവിതത്തിലെ ഏറ്റവും വലിയ ധര്‍മ്മം അതു തന്നെയാണെന്നും കരിമുല്‍ ഹഖ് വിശ്വസിക്കുന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സ്വദേശിയാണ് പാവപ്പെട്ടവരുടെ അത്താണിയായ ബൈക്ക് ആംബുലന്‍സ് ദാദ എന്നറിയപ്പെടുന്ന കരിമുല്‍ ഹഖ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ‘സേവിംഗ് ലൈവ്സ്: ബൈക്ക് ആംബുലന്‍സ് ദാദ’ എന്ന സെഷനില്‍ ബിസ്വജിത് ജായുമായുള്ള സെഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തോട്ടം തൊഴിലാളിയായ ഹഖിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആംബുലന്‍സ് വിളിക്കാനുള്ള പണമില്ലാത്തതിനാല്‍ അമ്മയുടെ ജീവന് രക്ഷിക്കാനായില്ല. കൃത്യസമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാനായെങ്കില്‍ അമ്മയെ രക്ഷിക്കാമായിരുന്നു എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഈ ചിന്തയില്‍ നിന്നാണ് ബൈക്ക് ആംബുലന്‍സ് സേവനത്തിന്റെ തുടക്കം. തന്റെ അമ്മയുടെ ഗതി ഇനി ആര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹത്തില്‍ സ്വന്തം ഇരുചക്രവാഹനത്തെ ആംബുലന്‍സാക്കി മാറ്റുകയായിരുന്നു. ദുര്‍ബലരും രോഗികളുമായ ഗ്രാമീണരുടെ പ്രതീക്ഷയാണ് ഇന്ന് കരിമുല്‍ ഹഖ്.
കോവിഡ് സമയത്ത് ഒരുപാട് രോഗികളെ സഹായിക്കാനായതിലെ ചാരിതാര്‍ഥ്യം കരിമുല്‍ ഹഖ് പങ്കുവച്ചു. സര്‍ക്കാരിനേക്കാള്‍ വ്യക്തികളില്‍നിന്നും ഡോക്ടര്‍മാരില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നുമാണ് തനിക്ക് കര്‍മ്മമേഖലയില്‍ സഹായം ലഭിക്കുന്നതെന്ന് പറഞ്ഞ കരിമുല്‍ തന്റെ പ്രവര്‍ത്തനം വേറെ പലരും മാതൃകയാക്കിയതിലെ സന്തോഷവും പങ്കുവച്ചു. ഒറീസയിലെയും ചത്തീസ്ഗഡിലെയും മാവോയിസ്റ്റ് മേഖലയില്‍ പോലും സേവനം നല്കാന് തയ്യാറായി ചെറുപ്പക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. പത്മശ്രീ ലഭിച്ചതിന് മുമ്പും ശേഷവും തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്ന് സൂചിപ്പിച്ച കരിമുല്‍ അതിനു ശേഷം കുറേപ്പേര് സ്വീകരണങ്ങള്ക്കും യോഗങ്ങള്‍ക്കും വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. പക്ഷേ പ്രഥമ പരിഗണന എപ്പോഴും രോഗികള്‍ക്കായിരിക്കും. അവരെ കഴിയുന്നതും വേഗം ആശുപത്രിയിലെത്തിക്കുകയും ജീവന് രക്ഷിക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞുള്ള മറ്റൊരു നേട്ടത്തിലും താന്‍ അഭിരമിക്കുന്നില്ലെന്നും കരിമുല്‍ കൂട്ടിച്ചേര്‍ത്തു.
കരിമുല്‍ ഹഖിന്റെ സേവനത്തെ കുറിച്ചറിഞ്ഞ് സൈഡ് കാറുള്ള ബൈക്കാണ് ബജാജ് സമ്മാനമായി നല്‍കിയത്. ഇപ്പോള്‍ രണ്ട് സാധാരണ ആംബുലന്‍സുകള്‍ കൂടി കരിമുലിനുണ്ട്. സ്കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത കരിമുലിന് ഡോക്ടര്‍മാരുടെ ശിക്ഷണത്തില്‍ ഇപ്പോള്‍ രക്തസമ്മര്‍ദ്ദവും ശരീരത്തിന്റെ ചൂടും പരിശോധിക്കാനും പ്രഥമശുശ്രൂഷ നല്‍കാനും അറിയാം. ഗോത്രമേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും ഭക്ഷണവും റേഷനും വിതരണം ചെയ്യാനും ഹഖിന് കഴിയുന്നുണ്ട്.
“ജീവിതത്തില്‍ ഒന്നും സമ്പാദിക്കാന്‍ എനിക്കായിട്ടില്ല. അതിന്റെ ആവശ്യവും തോന്നിയിട്ടില്ല. എന്റെ തൊഴിലില്‍ നിന്നുള്ള തുച്ഛമായ പ്രതിഫലത്തിന്റെ വലിയൊരു പങ്കും രോഗികള്‍ക്ക് മരുന്നിനും ബൈക്കില്‍ പെട്രോളടിക്കാനുമായി ചെലവിടുന്നു. ജീവിതം മുഴുവന്‍ അത് തുടരും” ബൈക്ക് ആംബുലന്‍സ് ദാദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: