Categories: Article

‘കളരിയാവിരൈ’ മുതല്‍ കള്ളിപാകിന കളരിയിലൂടെ ആര്യവത്കൃത കളരി അഥവാ ഖളൂരികവരെ

Published by

മുകുന്ദന്‍ കുറുപ്പ്  

വര്‍ത്തമാനകാലത്ത് കളരി എന്നത് കേവലം കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കേന്ദ്രം എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. അതോടൊപ്പം കേരളത്തിന്റെ തനതായ പ്രാക്തന കലാരൂപം എന്ന നിലയില്‍ അവതരിപ്പിക്കുന്ന അസോസിയേഷനുകളായുംപ്രസ്ഥാനങ്ങളായും ഇതുമാറിയിരിക്കുന്നു. പാരമ്പര്യ കളരി സംസ്‌കാര പരിപാലന കുടുംബങ്ങള്‍ കളരികളെ കുടുംബ ആരാധന കേന്ദ്രങ്ങളായും കണക്കാക്കിവരുന്നു. എന്നാല്‍ കളരിയും

കളരിവിദ്യാ പരിശീലനവും കളരി എന്ന വിജ്ഞാന സംസ്‌കാരവും പരിശോധിച്ച് ചരിത്രത്തിന്റെ ഏടുകളിലൂടെ പിന്നോട്ടുപോയാല്‍ ചരിത്രാതീതകാലത്തെ സര്‍വ്വകലാശാലകള്‍ എന്ന നിലയില്‍ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നകേന്ദ്രത്തിലേക്കും നാം എത്തിച്ചേരും.

കളരി എന്ന നാമപദം ദ്രാവിഡ ഭാഷയിലെ കല്ലൂരിയില്‍ നിന്നും രൂപപ്പെട്ടതാണെന്നുംസംസ്‌കൃത ഭാഷയിലെ ഖളൂരികയില്‍ നിന്നും ഉള്‍ത്തിരിഞ്ഞു വന്നതാണെന്നും ഉള്ള വ്യത്യസ്തഅഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം തുളനാട്ടിലെ ഗരഡി എന്നതില്‍ നിന്നുംരൂപപ്പെട്ടതാണെന്ന ഭാഷ്യവും നിലനില്‍ക്കന്നുണ്ട്. പ്രാചീനതയില്‍ കളരി എന്നതിന്റെ പൂര്‍ണ്ണഭാവം ഉള്‍ക്കൊണ്ടിരുന്ന ആഴമേറിയതും വിശാലമായതുമായ വലിയൊരുവിജ്ഞാനാശയ സമന്വയത്തിന്റെ സംഗ്രഹമായിരുന്നിരിക്കാം കളരിയാവിരൈ എന്നതെന്നുകരുതാം. ഈ ഒരു വലിയ ആശയം തന്നെയായിരുന്നു മധ്യകേരളത്തിലെ ആദിചേരന്മാരുടെ

സിരാകേന്ദ്രങ്ങളായ പ്രദേശങ്ങളിലെ കളരി ആചാര്യന്മാര്‍ പരിപാലിച്ചുപോന്ന കളരി എന്നത്.ഈ കളരികളില്‍ ജ്യോതിഷം, ആയുര്‍വ്വേദം, പാരമ്പര്യ വൈദ്യം, മര്‍മ്മ ചികിത്സ സമ്പ്രദായം,മാന്ത്രികതാന്ത്രിക വിദ്യകള്‍, കായിക പരിശീലനം, ആയുധ പരിശീലനം, പ്രാദേശിക ഭാഷാവിജ്ഞാന വിതരണം, പ്രാക്അറിവുകള്‍ ഇത്യാദി ക്ഷരം സംഭവിക്കാത്ത ഏതൊന്നും അക്ഷരമെന്ന നിലയില്‍ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും അവയില്‍ പലതുംഅവസരോചിതമായി പ്രയോഗിക്കുകയും ചെയ്തിരുന്നവരായിരുന്നു ഈ കളരിയാചാര്യന്മാര്‍.

തമിഴകത്ത് സംഘകാലത്തോടെ പൊതുവിദ്യാഭ്യാസം എന്നത് സാര്‍വത്രീകമായി വികാസം പ്രാപിച്ചിരുന്നു. സംഘകാലകൃതികളിലൊന്നായ തോല്‍കാപ്പിയത്തിന്റെ കര്‍ത്താവായതോല്‍കാപ്പിയര്‍, ഭാഷാപഠനത്തിന്റെ വിശാലമായ മൂന്നു ഭാഗങ്ങള്‍തന്നെ വിവരിച്ചിട്ടുണ്ട്.വിദ്യാഭ്യാസ മേഖലയിലെ വാദ്ധ്യാന്മാരെ അശരിയാര്‍, കുലപതി, ഇളംപലശിരിയാര്‍ എന്നെല്ലാംസംബോധന ചെയ്തിരുന്നുവെന്നു കാണുന്നു. പില്‍ക്കാലങ്ങളില്‍ അദ്ധ്യയനവും അദ്ധ്യാപനവുംനടത്തിയിരുന്ന കളരികളുമായി ബന്ധപ്പെട്ട പരിശീലകര്‍ക്ക് ആശ്ശാന്‍ എന്ന പേരുസിദ്ധിച്ചതുതന്നെ ആശരിയാര്‍ എന്നതില്‍ നിന്നുമായിരിക്കാം എന്ന നിഗമനം നിലില്‍ക്കുന്നുണ്ട്. സംസ്‌കൃതപദമായ ആചാര്യന്‍ എന്നതില്‍ നിന്നുമാണ് ആശ്ശാന്‍ എന്ന നാമം രൂപപ്പെട്ടതെന്നഅഭിപ്രായവും പണ്ഡിതര്‍ക്കിടയിലുണ്ട്.

കളരിവിദ്യകള്‍, പാരമ്പര്യ വിദ്യകള്‍, കൈവേല അറിവുകള്‍, പണിയറിവുകള്‍, നാട്ട്‌വിജ്ഞാനങ്ങള്‍, മന്ത്രതന്ത്ര വിജ്ഞാനം, ആരോഗ്യ വിജ്ഞാനം, ദേശഭാഷാ വിജ്ഞാനംഎന്നിവയെ പൊതുവെ വൈജയികീവിദ്യാജ്ഞാനം, വ്യായാമികീവിദ്യാജ്ഞാനം,വൈനയികീവിദ്യാജ്ഞാനം, മേഷകുക്കുടലാവക യുദ്ധതന്ത്ര വിദ്യാജ്ഞാനം എന്നിവകളില്‍ഉള്‍പ്പെടുത്തി പൊതു അറിവുകളുടെ ഭണ്ഡാരപ്പുരയായിരുന്നു കളരി എന്നു പറയാം. ഈഅറിവുകള്‍ പ്രാകൃത രീതീയിലായിരന്നുവെന്നാലും ചിട്ടയോടെ പ്രദാനം ചെയ്തിരുന്നകേരളത്തിന്റെ തനതായ ഒരു സംസ്‌കാരിക സ്ഥാപനം കൂടിയായിരുന്നു കളരി. കളരിയേയുംകേരളത്തേയും വേര്‍തിരിച്ചു നിര്‍ത്തുവാന്‍ കഴിയാത്ത വിധം രണ്ടും പരസ്പരം ഇഴപിരിഞ്ഞ്ബന്ധനസ്ഥരായി കിടന്നിരുന്നുവെന്ന് പണ്ഡിതരായ വിദ്വാന്‍ വെള്ളായ്‌ക്കല്‍ ഗോവിന്ദമേനോനും പുത്തേഴത്ത് രാമന്‍ മേനോനും 1950കളുടെ പൂര്‍വ്വാര്‍ദ്ധത്തില്‍അഭിപ്രായപ്പെട്ടിട്ടുണ്ട്.

കുലശേഖര ഭരണത്തിനുമുമ്പ് ഉടയവര്‍ എന്ന അധികാര സ്ഥാനത്തിനു കീഴില്‍തദ്ദേശീയ ഭരണ വ്യവസ്ഥ നിലനിന്നിരുന്നു. തറകളും മന്ദങ്ങളും കഴകങ്ങളും ഭരണ തലത്തിലെവിവിധ ഘടകങ്ങളായി വര്‍ത്തിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ഗ്രാമങ്ങളിലെ ഗോത്രനേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഗ്രാമജന ഭരണം എന്ന നിലയില്‍അക്കാലങ്ങളിലെ ഭരണ വ്യവസ്ഥ നിലനിന്നിരുന്നത്. ഈ കാലഘട്ടം എന്നത് ആദിചേരന്മാരുടെഅസ്തമനത്തിനു ശേഷം നിലവില്‍വന്ന രാഷ്‌ട്രീയ, ഭരണ – അധികാര വ്യവസ്ഥയാണ്. ഈകാലഘട്ടത്തെ ഇരുളടഞ്ഞ കാലഘട്ടം എന്നാണ് ഇളംകുളം കുഞ്ഞന്‍ പിള്ളവിശേഷിപ്പിച്ചിട്ടുള്ളത്. കൂടാതെ ഈ കാലഘട്ടത്തിന്റെ അന്തിമ ചരണങ്ങളില്‍ ബ്രാഹ്മണര്‍ ഗ്രാമീണ സമൂഹത്തിനുമേല്‍ സ്വാധീനം ചെലുത്തിക്കൊണ്ട് മേല്‍ക്കോയ്മയും അധിപത്യവുംസ്ഥാപിച്ചു. അവിടെ നിന്നുമാണ് ബ്രാഹ്മണവത്കരണത്തിന്റെ ഐതീഹ്യങ്ങളും കഥകളുംചരിത്രവും വ്യാപകമായി ചിത്രീകരിക്കപ്പെടുവാന്‍ തുടങ്ങിയത്.

മുന്‍കാലങ്ങളില്‍ കളരി ആചാര്യന്മാര്‍ കളരിവിദ്യകളുടെ വിവിധ ശൈലികളെഅടിസ്ഥാനമാക്കി തെക്കന്‍ ശൈലിയെന്നും വടക്കന്‍ ശൈലിയെന്നും മദ്ധ്യകേരളശൈലിയെന്നും മൂന്നായി തരം തിരിച്ചിട്ടുണ്ട്. കളരിയും കളരിവിദ്യകളും കളരി സംസ്‌കാരവുംകേരളത്തിലെ ഒട്ടുമിക്ക ജനവിഭാഗങ്ങള്‍ക്കും അവകാശപ്പെടാവുന്ന ഒന്നാണ്. എന്നാല്‍ ഓരോജാതി ജനവിഭാഗത്തിനും പ്രാദേശികമായി കളരിയുമായിട്ടുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച്അതിസൂക്ഷ്മമായി പരിശോധിച്ചാല്‍, വിവിധ കാലഘട്ടങ്ങളില്‍ പല വിദ്യകളുമായിട്ടാണ്അവര്‍ക്ക് ഈ ബന്ധം ലഭിച്ചതും നിലനിര്‍ത്തിയിരുന്നതുമെന്നു കാണാം.വിജ്ഞാന വിതരണം അഥവാ വിദ്യാദാനം എന്ന മഹത്തായതും വിശാലമായതുമായഅര്‍ത്ഥം ഉള്‍ക്കൊണ്ടിരുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ കളരിയേയും കളരിസംസ്‌കാരത്തേയും കളരിധര്‍മ്മങ്ങളേയും വേണ്ടവിധത്തില്‍ പഠിക്കാതെ, പ്രതിരോധവിദ്യ എന്നനിലയില്‍ കളരി എന്ന സ്ഥാപനത്തിന്റെ പരിമിതമായ അറിവുകളിലൂടെ കളരിപ്പയറ്റ് എന്നഒന്നിനെമാത്രം അടിസ്ഥാനമാക്കി കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളായി ചില പഠനങ്ങളും

രേഖപ്പെടുത്തലുകളും സര്‍വ്വകലാശാല തലങ്ങളിലും നടത്തിയിട്ടുണ്ട്. കളരി, കളരിയുടെഉത്പത്തി, കളരി സംസ്‌കാരം, കളരിവിദ്യകള്‍, കളരി സംസ്‌കാരത്തിന്റെ വളര്‍ച്ച, അതിന്റെവിവിധ കാലഘട്ടങ്ങള്‍, എന്നിവയെക്കുറിച്ചൊ, കളരിയുടെ വിശാലമായ പാരമ്പര്യഅറിവുകള്‍എന്ന ആശയത്തെക്കുറിച്ചൊ, അതിന്റെ പൗരാണികതയെക്കുറിച്ചൊ,അര്‍ത്ഥവ്യാപ്തിയെക്കുറിച്ചൊ ആവശ്യമായ പഠനങ്ങള്‍ നാളിതുവരെ നടന്നിട്ടില്ലായെന്നഅഭിപ്രായവും സമൂഹത്തില്‍ത്തന്നെ നിലനില്‍ക്കുന്നുണ്ട്.

ഈ അടുത്തകാലത്തായി കളരിയാവിരൈ എന്ന നഷ്ടപ്പെട്ട തലൈസംഘകൃതിയെക്കുറിച്ചും അതിന്റെ ആഖ്യാനത്തെക്കുറിച്ചും അര്‍ത്ഥതലങ്ങളിലെവ്യാപ്തിയെക്കുറിച്ചും ചില അന്വേഷണങ്ങളും പഠനങ്ങളും നടന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസംപി.കെ. ശശീധരന്‍ തയ്യാറാക്കിയ ‘നഷ്ടപ്പെട്ട കളരിയാവിരെ വീണ്ടും’ എന്നൊരു ലേഖനംവായിക്കാനിടവന്നു. കളരിയും കളരിവിദ്യകളും എന്നതില്‍ കളരിപ്പയറ്റ് എന്നത് കേവലം വളരെ ചെറിയൊരു ഭാഗം മാത്രമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കളരിവിദ്യാ പാരമ്പര്യത്തില്‍പ്രതിരോധ വിദ്യകളോടൊപ്പം മാനസ്സീകശാരീരിക ആരോഗ്യമേഖലയില്‍പ്പെട്ടിരുന്ന പലവിദ്യകളും അറിവുകളും കലാവിദ്യകളും ഉള്‍പ്പെട്ടിരുന്നു.

ആദി ചേരന്മാരുടെ കാലത്ത് പടയും പടപ്പുറപ്പാടും പടയൊരുക്കങ്ങളുമായി മറവര്‍എന്ന ജനവിഭാഗമായിരുന്നു മുന്നണി പടയാളികള്‍ എന്ന നിലയില്‍ അറിയപ്പട്ടിരുന്നത്.സംഘകാല കൃതികളായ പുറനാനൂര്‍, അകനാനൂര്‍, പതിറ്റുപത്ത് എന്നിവകളില്‍ മറവര്‍ പടയുടെപരാക്രമങ്ങളെക്കുറിച്ചും അവരുടെ വീരസാഹസികതകളെക്കുറിച്ചും വര്‍ണ്ണിക്കു്‌നതിനോടൊപ്പംഅവരാചിതമായി വില്ലവരെക്കുറിച്ചും മീനവരെക്കുറിച്ചും പരാമര്‍ശിച്ചു കാണുന്നുണ്ട്. മറവര്‍എന്ന ജനവിഭാഗം ചേര പ്രദേശമായിരുന്ന ഭാരതപ്പുഴയുടെ തടങ്ങളില്‍അധിവസിച്ചിരുന്നുവെന്നതിലേക്ക് ഇന്നത്തെ തൃശ്ശൂര്‍മലപ്പുറം ജില്ലകളിലെ മറവഞ്ചേരി,മാറാഞ്ചേരി ഇത്യാദി സ്ഥലനാമങ്ങള്‍ നിസ്സംശയം ചൂണ്ടികാട്ടാം.സംഘകാലത്തിനു മുമ്പും പിമ്പും തദ്ദേശീയ തലങ്ങളില്‍ പ്രദേശിക ഗോത്ര തലവന്മാരുടെ പ്രാദേശിക ഭരണവ്യസ്ഥകളും അധികാരപരിധികളുമായി ബന്ധപ്പെട്ട് ഗോത്രത്തലവന്മാര്‍ക്കിടയില്‍ ഉടലെടുത്തിരുന്ന മത്സരങ്ങളും സമ്പത്ത്ഘടനയുടെഅടിസ്ഥാനമായിരുന്ന ഗോക്കളുടെ മോഷണങ്ങളും ചെറുതും വലുതുമായപടയൊരുക്കങ്ങള്‍ക്കും പടയ്‌ക്കും വേദിയൊരുക്കിയിരുന്നതായി പ്രാക് ചരിത്രംപരിശോധിക്കുമ്പോള്‍ മസ്സിലാക്കുവാന്‍ കഴിയുന്നുണ്ട്. സംഘകൃതികളില്‍ കള്ളിപാകിന കളരിഎന്ന വാക്യം ആവര്‍ത്തനമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അന്നു കാലങ്ങളിലും വിവിധവിദ്യകളടങ്ങുന്ന അറിവുകള്‍ പരിശീലിപ്പിച്ചിരുന്ന സ്ഥാപനം എന്ന നിലയിലും യുദ്ധക്കളം,പൊതു സമ്മേളന സ്ഥലം, കളിക്കളം, കളം എന്നീ അര്‍ത്ഥത്തലങ്ങളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.

മദ്ധ്യകാലത്തോടെ അഥവാ അതിനെ തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ജാതിവ്യവസ്ഥയുടെ മേല്‍ക്കോയ്മയിലൂടെ കളരിസംസ്‌കാരത്തെ അഥവാ പാരമ്പര്യത്തെബ്രാഹ്മണവല്‍ക്കരിക്കുകയുണ്ടായി. അതുപോലെ നായര്‍ വത്കരിക്കുകയുംഈഴവത്കരിക്കുകയും അധഃകൃതവത്കരിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ടെന്ന സംസാരംവ്യാപകമായി പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. കളരിയും കളരിവിദ്യകളുമായിബന്ധപ്പെട്ട് പ്രചാരത്തിലുള്ള ബ്രാഹ്മണിക്കല്‍ ഐതീഹ്യങ്ങളും കഥകളുമാണ് ബ്രാഹ്മണവത്കരണ ആരോപണത്തിനു പിന്നില്‍ എന്നതാണ് വാസ്തവം. എന്നാല്‍ആദിചേരന്മാര്‍ക്കും കുലശേഖരന്മാര്‍ക്കും ഇടയിലുള്ള ബ്രാഹ്മണിക്കല്‍ കാലഘട്ടത്തിലുംകുലശേഖരന്മാരുടെ ഭരണം വികേന്ദ്രീകരിക്കപ്പെട്ട കാലഘട്ടത്തിലും തുടര്‍ന്നുംകളരിവിദ്യകളുമായി ബ്രാഹ്മണരിലെ ഒരു വിഭാഗത്തിന് പ്രത്യക്ഷ ബന്ധമുണ്ടായിരുന്നു.അതോടൊപ്പം ജന്മിനാടുവാഴി വ്യവസ്ഥിതിയിലും നാട്ടുരാജാക്കന്മാരുടെ മേല്‍ക്കോയ്മയുടെകാലഘട്ടത്തിലും പില്‍ക്കാലങ്ങളിലും പ്രദേശികമായി അന്യജാതി സമുദായങ്ങള്‍ക്ക് പടയില്‍പങ്കാളിത്തം ലഭിച്ചിരുന്നുവെന്നത് പ്രാധാന്യത്തോടെ കാണണം.

സംഘകാല കൃതികളില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെട്ട കളരി എന്ന വിശാല അര്‍ത്ഥംവരുന്ന പദം ബോധപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് ഒരു പരിധിവരെവാസ്തവമാണ്. സംഘകൃതികളില്‍ ആവര്‍ത്തിക്കപ്പെട്ട കള്ളിപാകിന കളരി എന്നപരാമര്‍ശങ്ങള്‍ ബ്രാഹ്മണ വത്കരണത്തിനു മുമ്പുമുതലെ കളരി എന്ന പദവും കളരി പാരമ്പര്യവിദ്യകളും കളരി സംസ്‌കാരവും ദ്രാവിഡ ദേശത്ത് നിലനിന്നിരുന്നു എന്നതിലേക്ക് വ്യക്തമായിവെളിച്ചമേകുന്നുണ്ട്.

മുന്‍ഖണ്ഡികയില്‍ സൂചിപ്പിച്ച തെക്കന്‍വടക്കന്‍മദ്ധ്യ കേരള ശൈലികളുടെ പ്രയോഗംനിലനിന്നിരുന്ന പ്രദേശങ്ങളെ നിരീക്ഷിക്കുമ്പോള്‍, ദക്ഷിണ കേരളത്തില്‍ തെക്കന്‍ ശൈലിയുംഉത്തരഅത്യുത്തര കേരളത്തില്‍ വടക്കന്‍ ശൈലിയും കോരപ്പുഴക്കു തെക്കുള്ള പേരിറിന്റെഇരു തടങ്ങളും പെരിയാറിന്റെ ഉത്തര തടവും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മദ്ധ്യകേരളശൈലിയും നിലനിന്നിരുന്നതായി കാണാം. ഇവിടെ ദക്ഷിണ കേരളത്തിലെ ശൈലിപൂര്‍ണ്ണമായും മറ്റു രണ്ടു ശൈലികളേക്കാള്‍ വ്യത്യസ്തമായിരുന്നു. മദ്ധ്യകേരളത്തിലെകളരിവിദ്യയുമായി ബന്ധപ്പെട്ട് ചൂണ്ടികാണിക്കാവുന്ന കാര്യം കളരി വിദ്യകള്‍പരിശീലിപ്പിച്ചിരുന്ന പണിക്കര്‍, കുറുപ്പ്, ആശ്ശാന്‍ എന്നീ സ്ഥാനികള്‍ യുദ്ധങ്ങളില്‍ അഥവായുദ്ധക്കളങ്ങളില്‍ പ്രത്യക്ഷത്തില്‍ പങ്കെടുത്തിരുന്നില്ല എന്നതാണ്. കളരി പരിശീലകര്‍പരിശീലകരായി മാത്രം നിലനിന്നപ്പോള്‍ പരിശീലനം നേടിയ ശൂദ്രരായിരുന്നു മധ്യകാലത്തോടെപടയില്‍ പങ്കെടുത്തിരുന്നത്. പില്‍ക്കാലങ്ങളില്‍ ഈഴവരടക്കം മറ്റു പല ജാതിജനവിഭാഗങ്ങള്‍യുദ്ധരംഗത്തേക്ക് കടന്നുവന്നു. നായര്‍ പട ഉയര്‍ന്നതോടെ സൈനീക പദവികള്‍ അലങ്കരിച്ചിരുന്ന സ്ഥാനികള്‍ക്ക് പണിക്കരെന്നും കുറുപ്പെന്നുമുള്ള സ്ഥാനപ്പേര് അഥവാ പദവിപ്രാപ്തമായി. പൊതുവെ ഇവര്‍ മധ്യകാലത്തും തുടര്‍ന്നും പൊതു പടയാളികളുടെ ആയോധനആചാര്യന്മാരായിരുന്നില്ല.

പ്രാദേശിക സൂക്ഷ്മ ചരിത്രം എന്ന രീതിശാസ്ത്രത്തെ അവലംബിച്ച് ചരിത്രംപരിശോധിക്കുമ്പോള്‍, ഒന്നും രണ്ടും നൂറ്റാണ്ടുകളിലൂടെയാണ് പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍കടലോര പ്രദേശങ്ങളിലേക്ക് തമിഴകത്തെ മുവ്വേന്തരിലെ ചേരന്മാര്‍ സാധീനംചെലുത്തിക്കൊണ്ട് അവരുടെ ഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ഇന്നത്തെ എറണാകുളംജില്ലയിലെ പെരിയാറിന്റെ തടപ്രദേശങ്ങള്‍, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകള്‍

ചേരന്മാരുടെ അധീനതയിലായതിനു ശേഷമാണ് ചേര സാമ്രാജ്യം എന്ന നിലയിലേക്ക് ചേരരാജ്യം ഉയര്‍ന്നത്. അതിനു മുമ്പ് തമിഴകത്തെ കോയമ്പത്തൂര്‍, ഈറോഡ്, പെരിയാര്‍, കാരൂര്‍,നമക്കാല്‍, സേലം, ധര്‍മ്മപുരി എന്നി വിശാല പ്രദേശങ്ങളില്‍ ഒതുങ്ങിയിരുന്ന രാജ്യമായിരുന്നു.ചേരരാജ്യം. പില്‍ക്കാലങ്ങളില്‍ പെരിയാറിനു തെക്കുള്ള കുട്ടനാടിന്റെ അധിപന്മാരായുംചേരന്മാര്‍ വര്‍ത്തിച്ചിട്ടുണ്ട്. തമിഴകത്തിന്റെ പശ്ചിമ തീര പ്രദേശങ്ങളില്‍ അധികാരംസ്ഥാപിക്കുന്നതിനു മുമ്പ് ചേരന്മാര്‍ക്ക് നാവീക പടയുണ്ടായിരുന്നില്ല. നയതന്ത്രങ്ങളിലൂടെപാലക്കാടന്‍ ചുരങ്ങളിലൂടെ തദ്ദേശിയരെ സ്വാധീനിച്ച് ഭാരതപ്പുഴയുടെ ഇരു തടങ്ങള്‍ഉള്‍പ്പെടുന്ന പശ്ചിമ കടലോര പ്രദേശങ്ങള്‍ അധീനതയിലാക്കുകയൊ കീഴടക്കുകയൊചെയ്തതായി കരുതേണ്ടിയിരിക്കുന്നു. ഈ പ്രദേശങ്ങള്‍ അധീനതയിലാക്കുവാന്‍ കാരണം,വിദേശിയരുമായുള്ള കടല്‍ മാര്‍ഗ്ഗമുണ്ടായിരുന്ന വാണിജ്യ ബന്ധം സുഖകരമാക്കുകഎന്നതിനായിട്ടായിരുന്നു. പശ്ചിമഘട്ടത്തിനും പശ്ചിമ തീരത്തിനും ഇടയ്‌ക്കുള്ള ചേരരാജ്യപ്രദേശങ്ങളെ കുടനാട് എന്നാണ് സംഘകാല കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. കുടനാട്എന്നാല്‍ പടിഞ്ഞാറന്‍ പ്രവശ്യയിലെ നാട് എന്നാണ് അര്‍ത്ഥമാക്കിയിരുന്നതായിചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലാണ് 8ആാം നൂറ്റാണ്ടൊടെബ്രാഹ്മണര്‍ വ്യാപകമായ കുടിയറ്റവും അധിവാസ വ്യവസ്ഥയും തുടര്‍ന്ന് സ്വാധീനംനേടുന്നതുമെല്ലാം എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അതിനു പിന്നില്‍ ആദി ചേരന്മാരുടെഅസ്തമനം വളരെ പ്രാധാന്യത്തോടെ പരിഗണിക്കണം. സംഘകാല കൃതികളിലെ അന്തണര്‍എന്ന പരാമര്‍ശം ചൂണ്ടികാണിക്കുന്നത്, ആ കാലഘട്ടത്തിലും ഇവിടെ ബ്രാഹ്മണര്‍ഉണ്ടായിരുന്നുവെന്നാണ്.

നാല്പത്തീരടി കളരിയും കളരി സംസ്‌കാരവും കളരി വിദ്യകളും പൂര്‍ണ്ണതയോടെഉള്‍ക്കൊണ്ടിരുന്ന അല്പസംഖ്യരില്‍ അല്പസംഖ്യരും തദ്ദേശിയരായ ശൂദ്രരുടെഗുരുസ്ഥാനീയരുമായ ഒരു ജനവിഭാഗം കോരപ്പുഴക്കു തെക്കുള്ള ഭാരതപ്പുഴയുടെ ഇരുതടങ്ങളും പെരിയാറിന്റെ ഉത്തര തടങ്ങള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലുമാണ് പൂര്‍ണ്ണമായുംആവാസ വ്യവസ്ഥ സ്ഥാപിച്ചിരുന്നത്. ഇക്കൂട്ടര്‍ ഭാഷാവിഷയങ്ങളും ആരോഗ്യപരിപാലനവിഷയങ്ങളും മന്ത്രതന്ത്രാദി വിദ്യകളും കലകളും കാലോചിതമായി ശാസ്ത്ര വിഷയങ്ങളുംകായികആയുധ വിദ്യകളും കളരികളില്‍ പരിശീലിപ്പിച്ചിരുന്നു. വാസ്തു, ജ്യോതി, മര്‍മ്മ,ആയുര്‍വേദ, ആസന, മന്ത്രതന്ത്രാദികള്‍ എന്നീ ഏഴു ശാസ്ത്രങ്ങളും കായീകാഭ്യാസം,ആയുധാഭ്യാസം എന്നിവയും ഉള്‍പ്പെടുന്ന ക്ഷരം സംഭവിക്കാത്ത ഏതൊരു അക്ഷരവിദ്യാജ്ഞാനവും പൂര്‍വ്വകാലങ്ങളില്‍ ഈ ഗുരുസ്ഥാനീയര്‍ കളരികളിലൂടെ പരിശീലിപ്പിച്ചിരുന്നു എന്നതിനോടൊപ്പം അവയില്‍ പലതും ജീവിതോപാധിയായി പ്രയോഗിച്ചിരുന്നു.

ആദി ചേരന്മാരുടെ വ്യാപാരവ്യവഹാര പാതയും രാഷ്‌ട്രീയഭരണഅധികാര സിരാകേന്ദ്രവുമായിരുന്ന ഈ പ്രദേശങ്ങള്‍ വളരെ പ്രാധാന്യത്തോടെ കാണണം. ഇവിടെ പാലക്കാടന്‍ ചുരങ്ങളിലൂടെ പടിഞ്ഞാറോട്ടുള്ള വ്യാപാര പാത എന്നത് ഭാരതപ്പുഴയും പുഴയുടെ തടങ്ങളുമായിരുന്നു. പിന്നീട് ചേര രാജ്യത്തിന്റെ അധികാരം തെക്ക് കൊല്ലംവരെ വ്യാപിക്കുന്നതായും ചരിത്രത്തില്‍ കാണാം. തദവസരത്തിലും തെക്കന്‍ പ്രദേശങ്ങള്‍ ചേരന്മാരുടെ പൂര്‍ണ്ണമായ ഭരണഅധികാര കേന്ദ്രങ്ങളായി വളരുകയൊ വികസിക്കുകയൊ ചെയ്തിരുന്നില്ല. എന്നാല്‍ ആ പ്രദേശങ്ങളില്‍ ചേരന്മാര്‍ക്ക് സ്വാധീനുണ്ടായിരുന്നു. അത്യുത്തര കേരള ദേശമായിരുന്ന മൂഷക രാജ്യത്തും (കോലത്ത്‌നാട്) ചേരന്മാര്‍ക്ക് സ്വാധീനമുണ്ടായിരുന്നു. കുടിയേറ്റക്കാരായ ആര്യബ്രാഹ്മണരുടെ വ്യാപനവും കുടിയിരിപ്പും വ്യാപകമായി ആദ്യം നടന്നതും പിന്നീട് സമൂഹത്തില്‍ അധികാര ധ്രൂവികരണവും പങ്കിടലുകളും ജാതികള്‍ക്കിടയില്‍ വിഭജനവും വികേന്ദ്രീകരണവും നടന്നതും ഭാരതപ്പുഴയുടെ ഇരുതടങ്ങളിമുള്ള ചേരന്മാരുടെ പൂര്‍ണ്ണ അധികാര കേന്ദ്ര പ്രദേശങ്ങളിലായിരുന്നു.

ബ്രാഹ്മണ കുടിയേറ്റ കുടിയിരിപ്പും അധികാര സ്വാധീന ചരിത്രവും കണ്ടില്ലായെന്നുനടിക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിന്റെ അതിപ്രാചീന കാലഘട്ടവും പ്രാചീന കാലഘട്ടവുംബുദ്ധജൈന മത കാലഘട്ടവും അതോടൊപ്പം ചേര ഭരണവും ചരിത്രത്തില്‍പരിഗണിക്കുന്നതിനോടൊപ്പം അല്പംപോലും അപ്രധാനമല്ലാതെ കാണേണ്ട ഒരു കാലഘട്ടമാണ്ബ്രാഹ്മണ കാലഘട്ടം. ബ്രാഹ്മണ സ്വാധീന കാലഘട്ടത്തിലും തുടര്‍ന്നും ബ്രാഹ്മണരും സവര്‍ണ്ണരുംപൊതുവെ അവരില്‍ കേന്ദ്രീകരിച്ച ജാതീയ സ്വാധീനവും ജനപഥവുമാണ് പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചതെന്നത് അത്യാധുനീക കാലഘട്ടത്തിലും കാണുവാന്‍ കഴിയുന്നത്.

കളരി, അക്ഷരകളരി, ആയുധ കളരി, എഴുത്തു കളരി, പൊയ്‌ത്തു കളരി, നാല്പത്തീരടികളരി, തുളുനാടന്‍ കളരി, കടത്തനാടന്‍ കളരി, കാഞ്ഞിരോടന്‍ കളരി, ദ്രാണമ്പള്ളി കളരി, കള്ളിപാകിന കളരി, നിലക്കളരി, തറക്കളരി, കുഴിക്കളരി, കുറുങ്കളരി, തൊടുകളരി,കളരിസ്ഥാനം, കളരി മുറ്റം, കളരിക്കുളം, കളരിപ്പറമ്പ്, കളരി സ്മശാനം, കളരി ദേവത, കളരിവന്ദനം, കളരി വണക്കം, കളരി വിദ്യ, കളരിയഭ്യാസം, കളരി മുറ, കളരിപ്പയറ്റ്, മര്‍മ്മക്കളരി, കളരിമര്‍മ്മം, കളരി സമ്പ്രദായങ്ങള്‍, കളരി ശൈലികള്‍, കളരി വായ്‌ത്താരികള്‍, കളരിയാശാന്‍,കളരി ഗുരുക്കള്‍, കളരിക്കുറുപ്പ്, കളരിപ്പണിക്കര്‍ ഇത്തരത്തില്‍ കളരി എന്ന നാമവുമായിബന്ധപ്പെട്ട ഒട്ടനവധി നാമങ്ങളും സംബോധനകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത്തരംനാമങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കളരി എന്ന പദത്തിന്റെയും കളരി എന്ന സാംസ്‌കാരികസ്ഥാപനത്തിന്റെയും പ്രാചീനതയിലേക്കും അര്‍ത്ഥവ്യപ്തിയിലേക്കുമാണ് എന്ന് നിസ്സംശയം പറയാം.

കളരി എന്നതുമായി ബന്ധപ്പെട്ട സംഘകാല കൃതികളിലെ സൂചനകളും മറ്റുംനിലനില്‍ക്കുമ്പോള്‍ത്തന്നെ, ബ്രാഹ്മണപരമായ പരശുരാമ സങ്കല്പം പൂര്‍ണ്ണമായുംതള്ളിക്കളയുവാന്‍ കഴിയുകയില്ല. കേരളത്തിലെ പ്രാക്തന കളരികള്‍ പരശുരാമപ്രതിഷ്ഠിതങ്ങളാണെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ എട്ടാം നൂറ്റാണ്ടോടെപ്രബലരായ ബ്രാഹ്മണരില്‍ പരശുരാമന്‍ എന്ന പേര് ആര്യ പരമ്പരയിലെ ഏതെങ്കിലും ഒരുപ്രമുഖ വ്യക്തിയുടേയോ കുടിയേറ്റകാലത്തെ പ്രബലനും പ്രമുഖ യോദ്ധാവുമായ ഏതെങ്കിലുംബ്രാഹ്മണന്റേയൊ ആയിരുന്നിരിക്കാം. അത് എന്തുതന്നെയായാലും കേരള മഹാത്മ്യത്തിലും

കേരളോത്പത്തിലും പരാമര്‍ശിക്കുന്ന ഉത്തര കേരളത്തിലെ ഒരു കളരിയുടെ തിരുശേഷിപ്പ് ഇന്നും അവിടെ കാണുന്നുണ്ട്. ലക്ഷ്മീപുരമെന്ന പെരിഞ്ചെല്ലൂരിലെ രാജരജേശ്വരക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഇന്നും ഒരു പഴയ കളരിയുടെ തറ കാടുപിടിച്ചു കിടക്കുന്നതുകാണാം. അതോടൊപ്പം കഴകാധികാരികളായി നിയുക്തപ്പെട്ടിരുന്ന വാള്‍നമ്പിമാര്‍ക്കും മറ്റുംആയോധന പരിശീനം നല്‍കിയിരുന്ന 6 (ആറ്) കളരികളെക്കുറിച്ചും അവയിലെയോഗഗുരുക്കളെക്കുറിച്ചും മറ്റു ചില ബ്രാഹ്മണ കളരികളെക്കുറിച്ചും വേണ്ടുന്ന തെളിവുകളെന്നനിലയില്‍ വ്യക്തമായ ശേഷിപ്പുകള്‍ ഇന്ന് പേരാറിന്റെ തടപ്രദേശങ്ങളില്‍ കാണുവാന്‍

കഴിയുന്നുണ്ട്. ആയതിനാല്‍ കളരികളില്‍ നിന്നും കളരിവിദ്യകളില്‍ നിന്നും അഥവാകളരിസമ്പ്രദായങ്ങളില്‍ നിന്നും ബ്രാഹ്മണ ബന്ധം പൂര്‍ണ്ണമായി ഒഴിവാക്കുവാനോ പാര്‍ശ്വവത്കരിക്കുവാനോ കഴിയുകയില്ല.

വിവിധ വിഷയങ്ങളുടേയും ലഭ്യമായ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, ചരിത്രാതീതകാലം മുതല്‍ തമിഴകത്ത് വളരെ വിശാലമായ അര്‍ത്ഥംഉള്‍ക്കൊണ്ടിരുന്ന ഒന്നായിരുന്നു കളരിയെന്നത്. വിവിധ വിഷയങ്ങള്‍ അഭ്യസിപ്പിക്കുവാന്‍ സ്ഥാപിച്ച സര്‍വ്വകലാശാലയായ കല്ലൂരി എന്നതില്‍ നിന്നാണൊ അതോ സംസ്‌കൃത പദമായഖളൂരികയില്‍ നിന്നാണൊ കളരി ഉത്ഭവിച്ചത് എന്നതിന് വ്യക്തത ലഭ്യമായിട്ടില്ല. പ്രാചീന തമിഴക കളരിവിദ്യകളും വേദാധിഷ്ഠിതമായ ആയുധ പരിശീലനങ്ങളും സമന്വയിച്ചാണ് പില്‍ക്കാലകളരിവിദ്യകള്‍ രൂപപ്പെട്ടതെന്നു പറയുന്നതില്‍ തെറ്റില്ല. കേരളത്തിലെ കളരി എന്ന സ്ഥാപനം  അതിപുരാതനമായിത്തന്നെ തമിഴകത്തിന് അവകാശപ്പെടാവുന്ന പൊതുവിജ്ഞാനത്തിന്റെ ഉറവിടവും വിജ്ഞാന വിതരണ കേന്ദ്രവുമായിരുന്നു എന്നത് തര്‍ക്ക വിഷയവുമല്ല.

സ്രോതസ്സുകള്‍ഃ

1. കളരിയാവിരൈ (ലേഖനം) ഡോ. പി.കെ. ശശീധരന്‍, (2) കളരി മാസിക , കലാകേന്ദ്രം , തൃശ്ശൂര്‍, (3) പ്രാചീനകേരളത്തിന്റെ ചരിത്രം – കെ.ശിവശങ്കരന്‍ നായര്‍, (4) കേരളത്തിലെ സ്ഥലചരിത്രങ്ങള്‍  എറണാകുളം ജില്ല,വി.വി.കെ. വാലത്ത്, (5) കേരളത്തിലെ സ്ഥലചരിത്രങ്ങള്‍  തൃശ്ശൂര്‍ ജില്ല, (6) കേരള സംസ്‌കാര ചരിത്രം ബ്രാഹ്മണഗ്രാമങ്ങളിലൂടെ, മുകുന്ദന്‍ കുറുപ്പ്, (7) കേരള ചരിത്രം – കളരിയും കലാരൂപങ്ങളും, മുകുന്ദന്‍ കുറുപ്പ്, (8)സംഘക്കളി, സി.കെ. നമ്പൂതരി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക