പെഷവാര്‍ : പാക്കിസ്ഥാന് പെഷവാര്‍ മുസ്ലിം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. 200ലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണും മരണസംഖ്യ ഉയരാന്‍ കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പെഷാവാറിലെ അതീവ സുരക്ഷാ മേഖലയിലെ സുന്നി പള്ളിക്കുള്ളില്‍ ചാവേര്‍ ആക്രമണമുണ്ടായത്. ഉച്ചക്ക് ശേഷമുള്ള പ്രാര്‍ത്ഥനകള്‍ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാനും കാരണമായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. തെഹരീകെ താലിബാന് പാക്കിസ്ഥാന് (ടിടിപി) നേതാവായിരുന്ന ഉമര്‍ഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്.
അതേസമയം ചാവേറായി എത്തിയ ഭീകരന്റെ തല ലഭിച്ചതായി പാക് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. പള്ളിക്കുള്ളില്‍ പ്രവേശിച്ച ഇയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉമര്‍ഖാലിദ് ഖുറസാനി ഓഗസ്റ്റില്‍ അഫ്ഗാനില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. സഹോദരന്റെ മരണത്തിനുള്ള പ്രതികാരമാണ് ചാവേര്‍ ആക്രമണമെന്നാണ് താലിബാന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: