മണി എടപ്പാള്‍
”അരുത് രാമനുണ്ണീ, നീയൊന്നും എന്റെ കാലില്‍ വീഴേണ്ട ആളല്ല. നീയൊരുകവിയായിട്ടും എത്രയോ വലിയ സേവനങ്ങളാണ് ഈ സമൂഹത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്”. മഹാകവിയുടെ പാദനമസ്ക്കാരം ചെയ്യാന്‍ തുനിഞ്ഞ യുവകവിയായ രാമനുണ്ണിയെ തടഞ്ഞുകൊണ്ട് മഹാകവി പറഞ്ഞ വാക്കുകളാണിത്. കവിയെ കാണാന്‍ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ആദ്യം ചെയ്യുന്നത് കവിയുടെ പാദം തൊട്ടു വന്ദിക്കുക എന്നതാണ്. എന്നാല്‍ അന്നത്തെ കവിയുടെ ആവാക്കുകളിലെ അനുഗ്രഹവര്‍ഷത്തിനു മുന്നില്‍ കണ്ണീര്‍ക്കണം പൊഴിക്കേണ്ടി വന്നു രാമനുണ്ണിക്ക്. തന്റെ പ്രവര്‍ത്തനങ്ങളെ നല്ലപോലെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതില്‍ നവതിയിലെത്തിയ ഋഷികവിയോടുള്ള കടപ്പാടിന്റെ ആഴം വര്‍ദ്ധിച്ചു വന്നു. തന്റെ മനസ്സിലെന്നും ഗുരുവായി പ്രതിഷ്ഠിക്കപ്പെട്ട ഒരു ബിംബമായി മഹാകവി മാറിക്കഴിഞ്ഞു.
കാവ്യരചനയുടെ സാമ്രാജ്യങ്ങള്‍ കീഴടക്കുമ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനോടു പോലും അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്ന ഒരു സാഹിത്യപ്രതിഭയായി രാമനുണ്ണി വളര്‍ന്നു. കനപ്പെട്ട ലേഖനങ്ങളും വിവര്‍ത്തനങ്ങളും മഹാകാവ്യങ്ങളും ആയിരക്കണക്കിന് സിനിമാ-ഭക്തിഗാനങ്ങളും സൃഷ്ടിക്കുമ്പോഴും പരിചയപ്പെടുന്ന ഓരോ സഹൃദയന്റേയും ക്ഷേമാന്വേഷണങ്ങള്‍ ചോദിച്ചറിഞ്ഞ് അവന്റെ ഒരു ബന്ധുവോ, രക്ഷകര്‍ത്താവോ, സുഹൃത്തോ ആയി രാമനുണ്ണി മാറുമായിരുന്നു. ആയിടയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വരെ രാമനുണ്ണിയെ തേടിയെത്തി. വേദികളില്‍ നിന്നും വേദികളിലേക്ക് ഒരു ഗന്ധര്‍വ്വന്റെ ലാവണ്യത്തോടെ ചന്ദനസുഗന്ധം പരത്തി അവന് പാറിപ്പറന്നു നടന്നു. ഇതിനിടയ്ക്ക് തന്നെ മഹാകവിയായി പണ്ഡിതന്മാര് പ്രഖ്യാപിച്ച വാര്‍ത്ത പോലും രാമനുണ്ണി അറിയാതെപ്പോയി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
അര്‍ഹതയും കഴിവുമുള്ള സാഹിത്യപ്രതിഭകളെ ആദരിക്കലും സഹായിക്കലും രാമനുണ്ണിയെന്ന കവിയുടെ ജീവിതചര്യയായിരുന്നു. അതിനു വേണ്ടി എന്തു ത്യാഗവും സഹിക്കുക എന്നത് അയാളുടെ ജീവിതലക്ഷ്യമാണോയെന്ന് പലര്‍ക്കും തോന്നിപ്പോയിട്ടുണ്ട്. തന്റെ വ്യക്തിബന്ധങ്ങള്‍ പരമാവധി അതിനുവേണ്ടി ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെക്കുറിച്ച് അയാള്‍ക്ക് ചിന്തയില്ലായിരുന്നു. മറ്റുള്ളവരുടെ കാര്യത്തിലായിരുന്നു ഏറെ ശ്രദ്ധ. എത്ര വലിയ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമ്പോഴും പിന്നിരക്കാരോടൊപ്പമായിരുന്നു എന്നും രാമനുണ്ണിയുടെ സ്ഥാനം. തന്റെ പ്രതിഭയുടെ വ്യാപ്തിക്കൊത്ത അഹങ്കാരം ലവലേശം പോലും ഒരിക്കലും പുറത്തുകാണിക്കാന്‍ ശ്രമിച്ചില്ല എന്നതാണ് രാമനുണ്ണിയുടെ മഹത്വമെന്ന് പലരും പറയുമായിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം ഒരുകൂട്ടം സാഹിത്യകാരന്മാരും സംഘാടകരും രാമനുണ്ണിയെ കാണാനെത്തി.
”രാമനുണ്ണ്യേട്ടാ, നമുക്കൊരു ഗംഭീര സാഹിത്യസഭ നടത്തണം”
കൂട്ടത്തിലൊരാള്‍ തുടങ്ങി വെച്ചു.
”ആ പരിപാടി കണ്ട് കേരളത്തിലെ സാംസ്ക്കാരിക ജനത ഒന്ന് ഞെട്ടണം”
കൂടെവന്ന വെള്ള ഷര്‍ട്ടിട്ട ഒരാള്‍ ആവേശം കൊണ്ടു.
”അതിന് ഞാനെന്താണ് ചെയ്യേണ്ടത്”
രാമനുണ്ണി വളരെ വിനയാന്വിതനായി ചോദിച്ചു.
”അങ്ങതിന്റെ നേതൃത്വം ഏറ്റെടുത്ത് അത് ഭംഗിയായി വിജയിപ്പിച്ചു തരണം” ഏതോ ഒരു സംഘടനയുടെ ഭാരവാഹി എന്നു തോന്നിപ്പിക്കുന്ന ഖദറിട്ട ആള് പറഞ്ഞു.
”ഞാനോ……?”
”അതെ. അത്രയും വലിയൊരു പരിപാടി രാമനുണ്ണിയെപ്പോലുള്ള ഒരാള്‍ക്കേ ചിട്ടയോടെ നടത്താനാകൂ…. ്യൂഞങ്ങളോട് സഹകരിക്കണം.”
കൂട്ടത്തില്‍ പ്രായം കൂടിയ ആള് ആവശ്യപ്പെട്ടു.
”അറിയപ്പെടുന്ന സാഹിത്യകാരന്മാരെ കൂടാതെ സിനിമാ താരങ്ങളും ഉണ്ടാകണം. എന്നാലേ പരിപാടി ഒന്നു കൊഴുക്കൂ… രാമനുണ്ണ്യേട്ടന് സിനിമാലോകത്തും നല്ല ബന്ധമല്ലെ.” മറ്റൊരാള്‍ ഒന്നു കൊഴുപ്പിച്ചു പറഞ്ഞു.
നല്ലവരെന്നു തോന്നിക്കുന്ന ഒരു കൂട്ടം സഹൃദയര്‍ വന്ന് നിര്‍ബന്ധിച്ചപ്പോള്‍ രാമനുണ്ണിക്ക് വഴങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. കലാ-സാഹിത്യ പ്രതിഭകളെ ആദരിക്കല്‍, പുസ്തക പ്രകാശനം, പുരസ്ക്കാര സമര്‍പ്പണം, കലാപരിപാടികള്‍ എന്നിവ നിശ്ചയിച്ച് പ്രവര്‍ത്തനം തുടങ്ങി.
ആ മഹായജ്ഞത്തിന്റെ വിജയത്തിനുവേണ്ടി രാമനുണ്ണി രാപ്പകലില്ലാതെ ഓടിനടന്ന് പ്രമുഖരായ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും തന്റെ സ്വാധീനം വെച്ച് നേരിട്ടു പോയി കണ്ട് ഏല്‍പ്പിച്ചു. മഹാപ്രതിഭയും തന്റെ അടുത്ത സുഹൃത്തും പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും നടനുമായ ആളെത്തന്നെ അധ്യക്ഷനായും പറഞ്ഞുറപ്പിച്ചു.
മഹാനഗരത്തിലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുനടക്കുന്ന ആ കലാസാഹിത്യ മാമാങ്കത്തിന്റെ ദിവസം വന്നെത്തി. ഓഡിറ്റോറിയത്തിന്റെ അകത്തും പുറത്തും ആളുകള്‍ വന്നെത്തിത്തുടങ്ങി. താളമേളങ്ങളോടെ താലപ്പൊലിയും പൂത്താലവുമായി കലാകാരന്മാരെയും സാഹിത്യകാരന്മാരെയും സിനിമാക്കാരേയും വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരാന്‍ തുടങ്ങി. സംഘാടകര്‍ ഓരോരുത്തരും തങ്ങളുടെ നെഞ്ചില്‍ ബാഡ്ജും കുത്തി അവരവരെ എത്രകണ്ട് പ്രദര്‍ശിപ്പിക്കാന്‍ പറ്റുമോ അത്തരത്തില്‍ ജാഥയുടെ മുന്‍നിരയില്‍ നിരന്നുനിന്ന് വിലസുകയാണ്.
എന്നാല്‍ ഇതൊക്കെ ഇത്ര ഭംഗിയായി സംഘടിപ്പിച്ച രാമനുണ്ണിയെ അക്കൂട്ടത്തിലൊന്നും കാണാനില്ല. ആരും അന്വേഷിക്കുന്നുമില്ല. സംഘാടകരില്‍ ഒരാള്‍ക്കു പോലും അതുവരെ കൂടെയുണ്ടായിരുന്ന രാമനുണ്ണിയെ അന്വേഷിക്കണമെന്ന ചിന്തപോലുമുണ്ടായില്ല എന്നതാണ് വാസ്തവം. അവരെല്ലാം നിയന്ത്രിക്കാനാവാത്ത ജനസഞ്ചയത്തിനിടക്ക് അവനവന്റെ സ്ഥാനം ഉറപ്പിക്കാനും വേദിയില്‍ കയറിപ്പറ്റാനുമുള്ള തത്രപ്പാടിലായിരുന്നു.
ക്ഷണിക്കപ്പെട്ട അതിഥികളെയെല്ലാം പോലീസുകാരുടെ സഹായത്താല്‍ ഒരുവിധം വേദിയിലെ ഇരിപ്പിടങ്ങളില്‍ ഇരുത്തി. ആ സമയം വേദിയുടെ പിന്നണിയില്‍ നിന്നും ശബ്ദഗാംഭീരമുള്ള അനൗണ്‍സ്മെന്റ് ആരംഭിച്ചു. പരിപാടിയുടെ തിരശ്ശീല ഉയരുകയാണ്.
ഉദ്ഘാടകന്‍ നിലവിളക്കു തെളിയിക്കുന്ന സമയം. ഓഡിറ്റോറിയത്തിനു പുറത്ത് കവാടത്തിനടുത്ത് അകത്തു കയറാന്‍ കഴിയാതെ രാമനുണ്ണി തിക്കിലും തിരക്കിലും പെട്ട് ഞെരിഞ്ഞമരുകയായിരുന്നു. അതിനെ തരണം ചെയ്യാന്‍ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. വൈശാലി എന്ന സിനിമയിലെ നായികയുടെ അവസ്ഥ.
കറിവേപ്പില പോലെ പുറത്തേക്കിട്ടു. സന്തോഷത്തിന്റെ നാളുകള്‍ വന്നപ്പോള്‍ ആ ആഘോഷത്തിമിര്‍പ്പില്‍ അതിനുവേണ്ടി അത്രയും കഷ്ടപ്പെട്ട രാമനുണ്ണിയെ ഒരു നിമിഷം കൊണ്ട് മറന്നുപോയ സംഘാടക സമിതിയുടെ മനസ്സ് എത്ര സ്വാര്ത്ഥമായിരുന്നൂവെന്ന് നാം അറിയണം? നന്ദികേട്! അല്ലാതെന്തു പറയാന്‍!
താന്‍ ചിട്ടപ്പെടുത്തിക്കൊടുത്ത പരിപാടികള്‍ ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്നുകേള്‍ക്കുമ്പോള്‍ തന്നെ അന്വേഷിക്കാനോ ശ്രദ്ധിക്കാനോ ഒരാളും വന്നില്ലല്ലോ എന്നത് രാമനുണ്ണിയെ വല്ലാതെ വേദനിപ്പിച്ചു. അതുവരെ കൂടെയുണ്ടായിരുന്നവര്‍ പോലും തിരക്കിനിടയില്‍ തന്നെ ചവിട്ടിമെതിച്ചു കയറിപ്പോയി എന്നുള്ളതാണ് ദുഃഖസത്യം. തിരക്കിനിടയില്‍ നിന്നും നിസാര പരിക്കുകളോടെ ആ രാത്രിതന്നെ രാമനുണ്ണി വീട്ടിലെത്തി. ആ ഒരു സംഭവം രാമനുണ്ണിയെ മാനസികമായും ശാരീരികമായും വല്ലാതെ തളര്‍ത്തി. വളരെയധികം ശാരീരികാസ്വസ്ഥകളുമുണ്ടായി. ഏറെനാള്‍ ചികിത്സയും നടത്തി. അന്ന് തന്നെകൊണ്ടുപോയി ഇത്രയധികം അപഹാസ്യനാക്കി ചവിട്ടിമെതിച്ച കലാസാഹിത്യ മാമാങ്കത്തിന്റെ സംഘാടകര്‍ പരസ്പരം തമ്മില്ത്തല്ലിപ്പിരിഞ്ഞ വാര്‍ത്തയാണ് രാമനുണ്ണി പിന്നെ കേട്ടത്. അത് അതിനേക്കാള്‍ വലിയ സങ്കടമാണ് രാമനുണ്ണിയില്‍ സൃഷ്ടിച്ചത്. കാരണം അയാള്‍ കലയേയും സാഹിത്യത്തേയും അത്രകണ്ട് സ്നേഹിരുന്നു. തന്റെ ജന്മം വൈശാലിയുടേതാണെന്നു വിശ്വസിക്കുമ്പോഴും ഈയൊരുനുഭവം മറ്റു പലരുടേയും ജീവിതത്തിലും ഉണ്ടാകാമെന്നു സമാശ്വസിച്ചു കൊണ്ട് രാമനുണ്ണി വീണ്ടും തന്റെ പ്രവര്‍ത്തന മേഖലയിലേക്ക് പ്രയാണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: