പാലക്കാട് : മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കൈകുരുങ്ങിയ പുലി ചത്തു. മേക്കളപ്പാറയിലെ കോഴിക്കൂട്ടിലെ ഇരുമ്പ് വലയില്‍ കൈകുരുങ്ങിയ പുലി ഏറെ നേരം ഈ നിലയില്‍ തുടര്ന്നതിനെത്തുടര്ന്നതിന് പിന്നാലെയാണ് ചത്തത്. പുലര്‍ച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടില്‍ കുടുങ്ങിയത്.
ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. തീരെ സുരക്ഷിതമല്ലാത്ത കൂട്ടില്‍ നിന്ന് പുലി ചാടാതിരിക്കാന്‍ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വെറ്റിനറി സര്ജന് ഡോ. അരുണ്‍ സഖറിയ എത്തി മയക്കുവെടിവെച്ച് പിടികൂടാനിരിക്കെ ഏഴേ കാലോടെയാണ് പുലി ചത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലിയുടെ വലയില്‍ കുടുങ്ങിയ കൈയ്ക്ക് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട്. ആറു മണിക്കൂറിലധികമാണ് പുലി വലയില്‍ കുടുങ്ങിക്കിടന്നത്. കൈക്ക് പുറമേ ചുണ്ടിനും മുറിവേറ്റിറ്റുണ്ട്. ഇത് മരണകാരണമാകാന്‍ സാധ്യതയില്ലെങ്കിലും കൂടുതല്‍ സമയം ശരീരത്തിന്റെ ഭാരം വഹിച്ച് വലയില്‍ കുടുങ്ങിയതാവാം മരണകാരണമെന്നാണ് കരുതുന്നത്.
പുലിയുടെ ശവശരീരം മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസിലേക്ക് മാറ്റി പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാകും തുടര്‍ നടപടികള്‍. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. അതേസമയം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവിടെയെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് വര്‍ഷമായി കടുവ പുലി പോത്ത് ആന എന്നിവയുടെ ശല്യം സ്ഥിരമായി ഉണ്ട്. രണ്ട് വര്‍ഷത്തിനിടെ മൂന്ന് പുലികളെയാണ് ഇതേ ഭാഗത്ത് നിന്ന് പിടികൂടിയത്.
അതേസമയം പുലി ചത്തത് ജനത്തിന്റെ ഭാഗത്ത് നിസഹകരണം കൊണ്ടാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് രൂക്ഷമായി വിമര്‍ശിച്ചു. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം പൂര്‍ണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളില്‍ വനപാലകര്‍ നല്കുന്ന നിര്‍ദ്ദേശം നാട്ടുകാര്‍ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും വനംമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: