ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസിയുടെ കള്ളക്കഥ ഇപ്പോള്‍ പുറത്തുവിട്ടതിന്റെ ദുഷ്ടലാക്കുകളിലൊന്ന് ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ശോഭ കെടുത്തുകയെന്നതായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍കീഴില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ രാജ്യത്തിന്റെ ശക്തിയും പരമാധികാരവുമൊക്കെ പ്രകടിപ്പിക്കാനുള്ള അവസരമായാണ് റിപ്പബ്ലിക് ദിനാഘോഷത്തെ കാണുന്നത്. ഇതുകൊണ്ടുതന്നെ റിപ്പബ്ലിക് ദിനാഘോഷത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആഭ്യന്തര ശത്രുക്കളും വൈദേശികശക്തികളും നടത്താറുണ്ട്. മതതീവ്രവാദികളുടെ ഷഹീന്‍ബാഗ് മോഡല്‍ സമരവും വര്ഗീയകലാപങ്ങളുമൊക്കെയായിരുന്നു മുന്‍വര്‍ഷങ്ങളിലെങ്കില്‍ ഇക്കുറി ആ ദൗത്യമേറ്റെടുത്തത് സാമ്രാജ്യത്വ ജിഹ്വയായ ബിബിസിയായിരുന്നു. പതിവുപോലെ ഈ ശ്രമവും വിജയിച്ചില്ല. ഏറെ വ്യത്യസ്തവും ശ്രദ്ധേയവുമായിത്തന്നെ പൂര്‍വ്വാധികം ശോഭയോടെയുള്ള റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ദ്രപ്രസ്ഥം സാക്ഷ്യംവഹിച്ചു. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ സന്ദേശം നല്‍കുന്നതായിരുന്നു ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം. കര, വേ്യാമ, നാവികസേനയിലെ വനിതാ പ്രാതിനിധ്യത്തിന്റെ ഉജ്വല പ്രകടനമാണ് നടന്നത്. വിവിഐപി കള്‍ച്ചറിന് അവധി കൊടുത്ത് നിര്‍മാണത്തൊഴിലാളികളും പച്ചക്കറി വില്‍പ്പനക്കാരും പാല്‍വില്‍പ്പനക്കാരും റിക്ഷാത്തൊഴിലാളികളുമൊക്കെ പ്രത്യേകം ക്ഷണിതാക്കളായി വന്നത് പുതിയൊരു ചരിത്രത്തിന് നാന്ദികുറിക്കുകയുണ്ടായി.
സാമ്രാജ്യത്വ പൈതൃകം പേറുന്ന രാജ്പഥ് കര്‍ത്തവ്യപഥ് ആയി മാറിയശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക്ദിനാഘോഷമായിരുന്നു ഇത്. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ആസാം റൈഫിള്‍സ് തുടങ്ങിയ കേന്ദ്രസേനകളുടെ നിശ്ചലദൃശ്യം ഇത്തവണത്തെ പ്രത്യേകതകളിലൊന്നായിരുന്നു. രാജസ്ഥാനിലെ അതിര്‍ത്തി കാക്കുന്ന ബിഎസ്എഫിലെ വനിത അംഗങ്ങള്‍ ഒട്ടകത്തിന്റെ പുറത്തേറി മാര്‍ച്ചില്‍ പങ്കെടുത്തതും പുതുമയുള്ള കാഴ്ചയായി. വ്യോമസേനയുടെ സ്ക്വാഡിനെ നയിച്ച് സിന്ധു റെഡ്ഢി എന്ന വനിത ചരിത്രത്തിലിടം നേടി. വനിതാ സേനാംഗങ്ങളുടെ അതിസാഹസികമായ മോട്ടോര്‍ അഭ്യാ സപ്രകടനവും കാഴ്ചക്കാരെ ആകര്‍ഷിച്ചു. തദ്ദേശീയമായി നിര്‍മിച്ച ടാങ്ക്വേധ മിസൈലുകളും ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലും പ്രദര്‍ശിപ്പിച്ച് കരസേന ശ്രദ്ധ പിടിച്ചുപറ്റി. ഇതില്‍ത്തന്നെ ഇന്ത്യ സ്വന്തമായി നിര്‍മിച്ച ആകാശ് മിസൈല്‍ സംവിധാനത്തെ നയിച്ചത് ലഫ്റ്റനന്റ് ചേതന ശര്‍മയാണ്. വ്യോമസേനയുടെ ഗരുഡ കമാന്റോകളും മാര്‍ച്ചില്‍ അണിനിരന്നു. റഫാല്‍ ഉള്‍പ്പെടെ ആധുനിക യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനവും സവിശേഷതയായി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതാ സ്വയംസഹായ സംഘങ്ങള്‍ ഇദംപ്രഥമമായി പരേഡില്‍ പങ്കുചേര്‍ന്നു. നൂറുകണക്കിന് പെണ്‍കുട്ടികളടക്കം രണ്ടായിരത്തിലേറെ എന്‍സിസി കേഡറ്റുകള്‍ പരേഡിന്റെ ഭാഗമായി. ഇങ്ങനെ എടുത്തുപറയാവുന്ന നിരവധി പുതുമകളുണ്ടായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക്ദിന പരേഡിന്.
ഇത്തവണത്തെ റിപ്പബ്ലിക്ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായത് ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്തെ സിസിയാണ്. ആദ്യമായാണ് ഈജിപ്തിന്റെ ഒരു നേതാവിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത്. ഈജിപ്തിന്റെ കരസേനാംഗങ്ങളും ഇന്ത്യന്‍ സേനയ്ക്കൊപ്പം റിപ്പബ്ലിക്ദിന പരേഡില്‍ പങ്കുചേര്‍ന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും ഒരു വിദേശസേനയ്ക്ക് ഈ അവസരം നല്‍കുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനകളാണിത്. അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തതോടെ ജി-20ക്ക് അതിന്റെ ലക്ഷ്യങ്ങളെല്ലാം കൈവരിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിസി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഭാരതീയതയില്‍ ഊന്നുന്ന നിശ്ചലദൃശ്യങ്ങളാണ് ഇക്കുറി അവതരിപ്പിച്ചത്. ജമ്മുകശ്മീരിന്റെ അമര്‍നാഥ് ബാബ ഇതിലൊന്നായിരുന്നു. കുരുക്ഷേത്ര യുദ്ധത്തിലെ കൃഷ്ണാര്‍ജുന സംവാദമായിരുന്നു ഹരിയാനയുടെ നിശ്ചലദൃശ്യം. ശ്രീരാമനും സീതാലവകുശന്മാരും ഉള്‍പ്പെടുന്ന അയോധ്യാധാമായിരുന്നു ഉത്തര്‍പ്രദേശിന്റേത്. ഇങ്ങനെ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഓരോ ദൃശ്യവും കര്‍ത്തവ്യപഥിലൂടെ കടന്നുപോവുമ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി. സാമ്രാജ്യത്വത്തിന്റെ കരിനിഴലില്‍നിന്നും മുക്തമായി പുതിയ ഇന്ത്യ പിറന്നുകഴിഞ്ഞതിന്റെ വ്യക്തമായ ചിത്രമാണ് ഇവയെല്ലാം വരച്ചുകാട്ടിയത്. ഇന്ത്യന്‍ ജനത വളരെ കാലമായി ഇതിന് കാത്തിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: