ന്യൂദല്‍ഹി: അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസെര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത് ഓഹരി വിപണിയെ ഉലച്ചു. ഇന്നലെ വ്യാപാരം ആരംഭിച്ചതു മുതല്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും നഷ്ടത്തിലാണ്.
അദാനി ട്രാന്സ്മിഷന് ഓഹരികള്‍ 19.2 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 19.1 ശതമാനവും ഇടിഞ്ഞു. 2020 മാര്‍ച്ചിനുശേഷമുള്ള എറ്റവും വലിയ ഇടിവാണ് ഇത്. അതേസമയം, അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഇഷ്യു (എഫ്പിഒ) ആരംഭിച്ചു. അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെയും മൂല്യത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ 1.25 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അദാനി കമ്പനികള്‍ 85 ശതമാനത്തോളം അതിശയോക്തി തുകയിലാണ് ഓഹരികളുടെ വ്യാപാരം നടത്തുന്നതെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. അതേസമയം റിപ്പോര്‍ട്ടിനെതിരെ അദാനി ഗ്രൂപ്പ് രംഗത്തു വന്നു.
തങ്ങളില്‍ നിന്നു സ്വീകരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലല്ല റിപ്പോര്‍ട്ടു തയാറാക്കിയത്. യാഥാര്‍ഥ കണള്ക്കുകള്ക്കായി ആരും സമീപിച്ചില്ല. ഈ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുമ്പ് ഉയര്‍ന്നതാണ്. അതെല്ലാം കോടതി തള്ളിക്കളഞ്ഞതുമാണ്, അദാനി ഗ്രൂപ്പ് വക്താവ് പറയുന്നു. എന്നാല്‍ രണ്ടു വര്‍ഷമെടുത്ത തയാറാക്കിയ റിപ്പോര്‍ട്ട് വസ്തുതാപരമാണെന്നും അതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി.
അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഇഷ്യു (എഫ്പിഒ) തുടങ്ങാനിരിക്കെ പുറത്തുവിട്ട റിപ്പോര്‍ട്ട് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും അദാനി ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിങ് പറഞ്ഞു. റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: