ന്യൂദല്‍ഹി: കര്‍ത്തവ്യപഥിലെ പ്രൗഢ ഗംഭീരമായ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തെരുവു കച്ചവടക്കാരും തൊഴിലാളികളും. സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും നാരീശക്തിയും പ്രദര്‍ശിപ്പിക്കുന്നതാകും പരേഡ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിവാദ്യം സ്വീകരിക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് എല്‍ സിസി മുഖ്യാതിഥിയാകും.
രാവിലെ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി ധീര ജവാന്മാര്ക്കു ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതോടെ പരേഡ് ആരംഭിക്കും. ദേശീയ പതാക ഉയര്‍ത്തി 21 തോക്കുകളുടെ അഭിവാദനത്തോടെ ദേശീയഗാനം ആലപിക്കും. വിന്റേജ് 25 പൗണ്ടര്‍ തോക്കിനു പകരമായി 105 എംഎം ഇന്ത്യന്‍ ഫീല്‍ഡ് ഗണ്‍ ആണ് ഇത്തവണ ഉപയോഗിക്കുന്നത്. ഹെലികോപ്റ്ററുകള്‍ പുഷ്പ വര്‍ഷം ചൊരിയും. ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പരേഡിനു നേതൃത്വം നല്‍കും.
കേണല്‍ മഹ്മൂദ് മുഹമ്മദ് അബ്ദുല്‍ ഫത്താഹ് എല്‍ ഖരസാവിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ സൈന്യവും മാര്‍ച്ച് ചെയ്യും. 144 സൈനികര്‍ ഉള്‍പ്പെടുന്നതാണ് സംഘം. വിവിധ സേനാ വിഭാഗങ്ങള്‍, എന്‍സിസി, എന്‍എസ്എസ് കേഡറ്റുകള്‍, പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര ജേതാക്കള്‍, വിവിധ സംസ്ഥാനങ്ങള്‍, വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ എന്നിവയുടെ നിശ്ചല ദൃശ്യങ്ങള്‍, കുട്ടികളുടെ സാംസ്കാരിക പ്രകടനങ്ങള്‍, മോട്ടോര്‍ സൈക്കിള്‍ റൈഡ് എന്നിവയുണ്ടാകും. വ്യോമ സേനയുടെ 45 വിമാനങ്ങളും കര സേനയുടെ നാലു ഹെലികോപ്റ്ററുകളും നാവിക സേനയുടെ ഒരു വിമാനവും ചേര്‍ന്നൊരുക്കുന്ന ഫ്ളൈ പാസ്റ്റോടെ പരേഡ് സമാപിക്കും.
29നു ബീറ്റിങ് ദി റിട്രീറ്റിന്റെ ഭാഗമായി വിജയ്ചൗക്കില് 3,500 തദ്ദേശീയ ഡ്രോണുകള്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഷോ നടക്കും. നേതാജി ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനമായ 30നു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: