ന്യൂദല്‍ഹി: മറ്റു പല രാജ്യങ്ങള്‍ക്കും പ്രചോദനമായ, വിസ്മയകരമായ യാത്രയാണ് ഇന്ത്യയുടേതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. റിപ്പബ്ലിക് ദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. നാം നേടിയതെല്ലാം, ഒരു രാഷ്ട്രമെന്ന നിലയില്‍, ഒരുമിച്ചാണ് ആഘോഷിക്കുന്നത്.
എണ്ണമറ്റ വെല്ലുവിളികള്‍ക്കു നടുവിലും നമ്മുടെ മനോഭാവം അചഞ്ചലമായി നിലകൊണ്ടു. വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനത, ഒരു രാഷ്ട്രമായി ഒത്തുചേര്‍ന്നു മുന്നേറി. വിവിധ മതങ്ങളും വിവിധ ഭാഷകളും നമ്മെ ഒന്നിപ്പിച്ചു. ആധുനിക ഇന്ത്യന്‍ ചിന്താഗതിക്കു രൂപം കൊടുത്തവര്‍ എല്ലാ ദിക്കില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകള്‍ നമ്മിലേക്കു വരട്ടെയെന്ന വേദോപദേശത്തെ പിന്തുടര്ന്നവരാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ഡോ. ബി.ആര്. അംബേദ്കറോട് രാഷ്ട്രത്തിനെന്നും നന്ദിയുണ്ടായിരിക്കും. ഭരണഘടനയ്ക്ക് അന്തിമ രൂപം നല്കുന്നതില് അദ്ദേഹം നിര്‍ണായക പങ്കാണു വഹിച്ചത്. ആ നിര്‍മാണ സഭയിലെ അംഗങ്ങള്‍ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും സമുദായങ്ങളെയും പ്രതിനിധാനം ചെയ്തിരുന്നു.
ബലോകം കടുത്ത സാമ്പത്തിക അനിശ്ചിതത്വത്തിലുഴലുമ്പോള് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി വളര്‍ന്നു. സര്‍ക്കാരിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇതു സാധ്യമാക്കിയത്. ആത്മനിര്‍ഭര്‍ ഭാരത് വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയിലൂടെ, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല.
ദേശീയ വിദ്യാഭ്യാസ നയം അഭിലഷണീയമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ നമ്മള് മുന്‍ നിരയിലാണ്. ഗഗന്യാന് പദ്ധതി പുരോഗമിക്കുന്നു. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയാണിത്. നക്ഷത്രങ്ങളുടെ അടുത്തെത്തുമ്പോഴും നമ്മുടെ കാലുകള്‍ നാം നിലത്തുറപ്പിച്ചു നില്ക്കും. ചൊവ്വ ദൗത്യത്തിനു കരുത്തു പകരുന്നത് സ്ത്രീകളുടെ സംഘമാണ്. സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും വെറും മുദ്രാവാക്യങ്ങളല്ല. ശാക്തീകരണത്തിന്റെ ഇതേ കാഴ്ചപ്പാടാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോടും സര്‍ക്കാരിന്.
ലോക വേദിയില്‍ രാജ്യം നേടിയെടുത്ത ആദരവ് പുതിയ അവസരങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും കാരണമാണ്. ഇന്ത്യയുടെ നേതൃത്വത്തില്‍, കൂടുതല്‍ സമത്വവും സുസ്ഥിരവുമായ ലോകക്രമം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജി20ക്കു കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു.
വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്, പുരാതന പാരമ്പര്യങ്ങളില്‍ പുതിയ വീക്ഷണം വേണം. വിശാലമായ പ്രപഞ്ചത്തില്‍, പ്രകൃതിയോടുള്ള ആദരവും വിനയവും ഇനിയും ജ്വലിപ്പിക്കണം. അവിവേകമായ വ്യാവസായികവല്‍ക്കരണത്തിന്റെ ദുരന്തങ്ങള്‍ മുന്‍കൂട്ടിക്കണ്ട മഹാത്മാ ഗാന്ധി നമ്മുടെ കാലത്തെ യഥാര്‍ഥ പ്രവാചകനായിരുന്നു. നേതൃത്വവും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും കൊവിഡ് പോരാളികളും ഏതു സാഹചര്യത്തെയും നേരിടാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നാം പഠിച്ചു.
സൂക്ഷ്മത കൈവിടാതിരിക്കാനും ജാഗ്രത പാലിക്കാനും നമ്മള് പഠിച്ചു. ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍’ എന്ന മനോഭാവത്തോടെ ജീവിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്ന കര്‍ഷകര്‍, തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കു സംഭാവന നല്കുന്ന ഓരോ പൗരനെയും അഭിനന്ദിക്കുന്നു. സംസ്കാരത്തിന്റെയും നാഗരികതയുടെയും ദൂതന്മാരായ പ്രവാസികള്‍ക്കും ആശംസകള്‍ അറിയിക്കുന്നു.
അതിര്‍ത്തി കാക്കുന്ന ജവാന്മാര്ക്കും എല്ലാ ധീരരായ സൈനികര്‍ക്കും അഭിനന്ദനം. വീരമൃത്യു വരിച്ച എല്ലാ ധീര ഹൃദയര്‍ക്കും അഭിവാദ്യം. എല്ലാ പ്രിയപ്പെട്ട കുട്ടികള്‍ക്കും ശോഭനമായ ഭാവിക്കായി പ്രാര്‍ഥന. റിപ്പബ്ലിക് ദിനത്തില്‍ എല്ലാവര്ക്കും ആശംസള് നേര്‍ന്നാണ് രാഷ്ട്രപതി പ്രസംഗം സമാപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: