ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി തലസ്ഥാനം. കര്‍ത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്.
പരേഡ് റിഹേഴ്‌സല്‍ പൂര്‍ത്തിയായി കഴിഞ്ഞു. രാവിലെ 6 മണി മുതല്‍ ദല്‍ഹിയില്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ സിസി ഇന്ത്യയിലെത്തി. രാഷ്‌ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് സ്വീകരിച്ചു.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന തുടങ്ങിയവരും ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ രാഷ്‌ട്രപതി ഭവനില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ സിസിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. 27 -വരെ നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ അഞ്ച് മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദര്‍ശനം. ജി- 20 യില്‍ അതിഥി രാജ്യമായും ഈജിപ്തിനെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: