കൊച്ചി: അഭിഭാഷകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യസ്ഥകള്‍ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് 2022 ജൂൺ 12ന് ആർഷോയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന് കണ്ടായിരുന്നു നടപടി. ഒന്നരമാസത്തെ ജയില്‍വാസത്തിന് ശേഷം ഓഗസ്റ്റ് പത്തിന് കർശന ഉപാധികളോടെ ആര്‍ഷോയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതുപ്രകാരം എല്ലാ ശനിയാഴ്ചയും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഒപ്പു വയ്‌ക്കണമായിരുന്നു.
എന്നാൽ ഡിസംബറിൽ മൂന്നാഴ്ച എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കും. കോടതി ജാമ്യം റദ്ദാക്കിയതോടെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: