തിരുവനന്തപുരം: മാര്‍ത്തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ പമ്പാ നദീ തീരത്ത് നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനിലെ പ്രാസംഗികരെ ചൊല്ലി വിവാദം മുറുകുന്നു. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് പ്രസിദ്ധമായ സുവിശേഷ യോഗങ്ങള്‍ നടക്കുന്നത്. 128 വര്‍ഷമായി മുടക്കം കൂടാതെ നടന്നു വരുന്ന ഈ കണ്‍വെന്‍ഷനില്‍ കാലാകാലങ്ങളായി ലോക പ്രശസ്തരായ സുവിശേഷകരാണ് പ്രസംഗിക്കാനെത്തുന്നത്. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക യോഗത്തില്‍ ഡോ. ശശി തരൂര്‍ എം പിയാണ് ഇത്തവണത്തെ മുഖ്യാതിഥി.
മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാര്‍ക്ക് പുറമേ വിദേശത്ത് നിന്നും അറിയപ്പെടുന്ന ഇവാഞ്ചലിസ്റ്റുകളും (സുവിശേഷകര്‍) പങ്കെടുക്കുന്നുണ്ട്. സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപതാ മെത്രാന് മാര്‍ റാഫേല്‍ തട്ടില്‍ ഇത്തവണത്തെ യോഗങ്ങളില്‍ മുഖ്യ പ്രാസംഗികനായി പങ്കെടുക്കുന്നുണ്ട്. വൈദികനായിരുന്ന കാലത്ത് റാഫേല്‍ തട്ടില്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിച്ചതാണെന്ന് എഴുത്തുകാരിയും മുന്‍ കന്യാസ്ത്രീയുമായ സിസ്റ്റര്‍ ജെസ്മി വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. ഇത്തരമൊരു സ്ത്രീ പീഡകനായ ബിഷപ്പിനെ എന്തിനാണ് മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ വിളിച്ചുവെന്നാണ് സഭാ വിശ്വാസികള്‍ ചോദിക്കുന്നത്.
സഭയുടെ പുതിയ മേലധ്യക്ഷനായി ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മെത്രാപ്പോലീത്ത അധികാരമേറ്റശേഷം നടന്ന രണ്ട് മൂന്ന് കണ്‍വെന്‍ഷനുകളില്‍ അഴിമതി, തട്ടിപ്പു കേസുകളില്‍ പ്രതിസ്ഥാനത്തു നില്ക്കുന്ന സിഎസ്ഐ മോഡറേറ്റര്‍ ധര്‍മ്മരാജ് റസാലം, സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരെ കണ്വെന്ഷന് പ്രാസംഗികരായി ക്ഷണിച്ചതിനും സഭയ്ക്കുള്ളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. അതൊന്നും വകവെയ്ക്കാതെയാണ് മാര്‍ റാഫേല്‍ തട്ടിലിനെ ഇത്തവണ ക്ഷണിച്ചു വരുത്തുന്നത്. സ്ത്രീപീഡകരായ വൈദികരേയും ബിഷപ്പുമാരേയും വിളിച്ചാ ദരിക്കാനുള്ള വേദിയാണോ മാരാമണ്‍ കണ്വെന്ഷന് എന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്. തൃശ്ശൂര്‍ ബിഷപ്പ് പലതവണ തന്നോട് പ്രേമാഭ്യാര്‍ത്ഥന നടത്തിയെന്ന രാത്രിയില്‍ തന്നെ സ്വപ്നം കണ്ടാണ് ഉറങ്ങുന്നതെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും സിസ്റ്റര്‍ ജെസ്മി വെളിപ്പെടുത്തിയിരുന്നു.
വിവാദങ്ങളുടെ തോഴിയാണ് സഭയോട് കലഹിച്ച് തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ജസ്മി. കന്യാസ്ത്രീ മഠങ്ങളില്‍ നടക്കുന്ന അരാജക പ്രവര്‍ത്തികളെ കുറിച്ച് പുസ്തകത്തിലൂടെ ജെസ്മി നടത്തിയ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിസ്റ്റര്‍ എഴുതിയ ആമേന്‍ എനന ആത്മകഥ സഭയ്ക്ക് കീഴിലുള്ള മഠങ്ങളിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും സ്വവര്ഗ്ഗബന്ധങ്ങളെയുമെല്ലാം പരാമര്‍ശിച്ചിരുന്നു. വിവാദത്തിന് ഇടയാക്കിയ ഈ ആത്മകഥയ്ക്ക് ശേഷം അവര്‍ നടത്തിയ പല പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്കിടയാക്കി.
തൃശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ റാഫേല്‍ തട്ടില്‍ പലതവണ തന്നോട് പ്രേമാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞാണ് സിസ്റ്റര്‍ ഡോ. ജസ്മി രംഗത്തെത്തിയത്. രാത്രിയില്‍ തന്നെ സ്വപ്നം കണ്ടാണ് അദ്ദേഹം ഉറങ്ങുന്നതെന്ന് ബിഷപ്പ് പറയുമായിരുന്നു. ബിഷപ്പ് പ്രേമ പരവശമായ കണ്ണുകളുമായാണ് പെരുമാറിയതും സംസാരിച്ചതെന്നും അവര്‍ വെളിപ്പെടുത്തുന്നു. ജന്മഭൂമി പത്രത്തോടാണ് ഈ മുന്‍ കന്യാസ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രണയാഭ്യാര്‍ത്ഥന നടത്തിയ ബിഷപ്പ് അപമര്യാദയായി പെരുമാറിയിരുന്നു എന്നുമാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയിരുന്ന സമയത്ത് തന്നെ സ്വകാര്യ മുറിയിലേക്ക് വിളിപ്പിക്കാറുണ്ട്. അശ്ലീല ചുവയോടെ സംസാരിക്കാറുണ്ട്. മാറിടത്തിലും മറ്റും തുറിച്ചു നോക്കാറുണ്ട്. ഇതേക്കുറിച്ച് നേരിട്ട് പ്രതിഷേധം പ്രകടിപ്പിച്ചിട്ടും അദ്ദേഹം ഇത് തുടരുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കൈരളി ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവര്‍ ഈ ഭാഗം വെട്ടിയാണ് സംപ്രേഷണം ചെയ്തത്. ഗോപസ്ത്രീകളായ ചില കന്യാസ്ത്രികള്‍ തട്ടിലിനെപ്പോലുള്ള ‘ഉണ്ണികൃഷ്ണനെ’ പ്രണയിക്കുന്നതു ഭാഗ്യമായി കരുതുന്നു. കന്യാസ്ത്രീകള്‍ പരിശുദ്ധ വേശ്യകളാണെന്ന അഭിമുഖത്തിലെ പരാമര്‍ശവും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഫാദര്‍ റാഫേല്‍ തട്ടിലിന്റെ പ്രവര്‍ത്തികളെക്കുറിച്ച് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലും സിസ്റ്റര്‍ ജെസ്മി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
മാരാമണ്‍ കണ്‍വെന്‍ഷന്റെ മുന്‍ കാല സമ്മേളനങ്ങളില്‍ ലോകപ്രശസ്ത സുവിശേഷകരായ സാധു സുന്ദര്‍ സിംഗ്, ഇ. സ്റ്റാന്‍ലി ജോണ്‍സ്, നോബേല്‍ സമ്മാന ജേതാവ് ജോണ്‍ ആര് മോട്ട്, ബഹിരാകാശ യാത്രികന് ജയിംസ് ഇര്വിന്, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റോബര്‍ട്ട് റണ്‍സി തുടങ്ങിയവര്‍ സംബന്ധിച്ചിട്ടുണ്ട്. ഇത്തരം പ്രശസ്തരുടെ സാന്നിധ്യമാണ് മാരാമണ്‍ കണ്‍വെന്‍ഷന്റെ പ്രസിദ്ധിക്ക് ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: