തിരുവനന്തപുരം: രാജ്യത്തെ അപമാനിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ച. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായി നടക്കുന്ന ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ്. ഇത്തരം നീക്കങ്ങളെ യുവമോര്‍ച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു. ക്യാമ്പസ്സുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കം രാജ്യദ്രോഹപരമാണെന്നും പ്രഫുല്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നല്‍കരുത്. സംസ്ഥാനത്തിന്റെ മത സൗഹാര്‍ദവും ക്രമസമാധാനവും തകര്‍ന്നാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും പ്രഫുല്‍ പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരനും രംഗത്തുവന്നിരുന്നു സുപ്രീംകോടതിയേയും രാജ്യത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ് ഇടത് യുവജന സംഘടനകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: