തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യപാല്പ്പായസം തയ്യാറാക്കാനായി ഭീമന് വാര്‍പ്പെത്തി. 1500 ലിറ്റര്‍ പാല്‍പ്പായസം തയ്യാറാക്കാന്‍ കഴിയുന്ന കൂറ്റന്‍ നാലു കാതന്‍ ഓട്ടു ചരക്ക് (വാര്‍പ്പ്) ചൊവ്വാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ എത്തിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് വഴിപാടായി വാര്‍പ്പ് നല്‍കിയത്.
ദേവസ്വം ചെയര്മാന് ഡോ. വി.കെ.വിജയന് ദേവസ്വം ഭരണ സമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി പി.സി. ദിനേശന് നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് വാര്‍പ്പ് ദേവസ്വത്തിനായി കൈമാറിയത്.
ക്രെയിന്‍ ഉപയോഗിച്ചാണ് വാര്‍പ്പ് ക്ഷേത്രത്തിനുള്ളില്‍ എത്തിച്ചത്. തിടപ്പള്ളിയില്‍ പുതുതായി നിര്‍മിച്ച അടുപ്പില്‍ നാലു കാതന്‍ ചരക്ക് വെച്ചു. ഈ മാസം 25 ന് ആദ്യത്തെ നിവേദ്യ പായസം പ്രശാന്തിന്റെ വഴിപാടായി തയ്യാറാക്കും. പായസം ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടില്‍ ഭക്തര്‍ക്ക് വിളമ്പും.
പരുമല മാന്നാര്‍ അനു അനന്തന് ആചാരിയാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. നാല്‍പ്പതോളം തൊഴിലാളികള്‍ നാല് മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടേകാല്‍ ടണ്‍ ഭാരമുള്ള വാര്‍പ്പിന് മുപ്പത് ലക്ഷമാണ് ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: