ന്യൂദല്‍ഹി: അസാധാരണ നേട്ടം കൈവരിച്ച കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. കേരളത്തില്‍ നിന്നുള്ള ആദിത്യ സുരേഷ് ഉള്‍പ്പെടെ പതിനൊന്ന് പേര് വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ഡോ. മുഞ്ജ്പാറ മഹേന്ദ്ര ഭായ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ആറ് വിഭാഗങ്ങളിലായി അഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള ആറ് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളുമാണ് പുരസ്കാരത്തിന് അര്‍ഹരായത്. മെഡലും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വനിത, ശിശു മന്ത്രാലയമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. പുരസ്കാര ജേതാക്കള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കും.
കൊല്ലം ഏഴാംമൈല്‍ സ്വദേശി ആദിത്യ സുരേഷ് കലാരംഗത്തെ മികവിനാണ് പുരസ്കാരത്തി നായി തെരഞ്ഞെടുക്കപ്പെട്ടത്. അസ്ഥികള്‍ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്ട എന്ന അപൂര്‍വ ജനിതകാവസ്ഥയോടെയായിരുന്നു ആദിത്യയുടെ ജനനം. അമര്‍ത്തി തൊട്ടാല്‍ ഒടിയുന്ന എല്ലുകളുമായി വേദനയെ വെല്ലുവിളിച്ചാണ് ആദിത്യ മുന്നോട്ടുപോകുന്നത്. ഇതിനകം അറുന്നൂറോളം വേദികളില്‍ ആദിത്യ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുന്നത്തൂര്‍ വിജിഎസ്എസ് അംബികോദയം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മലയാളം പദ്യം ചൊല്ലില്‍ എഗ്രേഡ് നേടി യിരുന്നു. ടി.കെ. സുരേഷിന്റെയും രഞ്ജിനിയുടെയും മകനാണ്. സഹോദരന്: അശ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: