വരികള്‍ക്ക് ഈണമിടുന്ന കാലം കഴിഞ്ഞ് ഈണത്തിനൊപ്പം വരികളെഴുതുന്ന കാലത്താണ് ഭരണിക്കാവ് ശിവകുമാര്‍ ചലചിത്ര ഗാനരംഗത്തേക്ക് വരുന്നത്. 1973 ല്‍ ചെണ്ട എന്ന ചിത്രത്തില്‍ വയലാറിനും പി.ഭാസ്‌കരനുമൊപ്പം അവരുടെ നിലവാരത്തില്‍ ഗാനമെഴുതി തന്റെ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടാണ് ഭരണിക്കാവിന്റെ സിനിമാപ്രവേശം.
‘ ചെണ്ട’ യില്‍ ശിവകുമാര്‍ രചിച്ച പഞ്ചമിത്തിരുനാള്‍ എന്ന ഗാനം അതിന്റെ നിലവാരം കൊണ്ട് വയലാറിന്റേതാണെന്ന് പലരും കരുതി. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം ‘രാമചന്ദ്രവിലാസം’ എഴുതിയ അഴകത്ത് പത്മനാഭ കുറുപ്പിന്റെ പൗത്രനായ ശിവകുമാറിന് വയലാറിന്റെ വരികള്‍ക്കൊപ്പം എഴുതാന്‍ പാരമ്പര്യ സിദ്ധി മാത്രം മതിയായിരുന്നു.
ചലച്ചിത്ര രംഗത്ത് ഒട്ടേറെ പുതുമകള്‍ സ്രഷ്ടിച്ചു കൊണ്ട് നടന്‍ മധു നിര്‍മ്മാണ – സംവിധാന രംഗത്തേക്ക് വന്നത് ചലചിത്രഗാനങ്ങളുടെ പരമ്പരാഗത ഘടനയെ പൊളിച്ചെഴുതി കൊണ്ടാണ്. എഴുപതുകളില്‍ സിനിമയിലും സാഹിത്യത്തിലും ഉരുത്തിരിഞ്ഞ ആധുനികതയെ ചലചിത്ര ഗാനങ്ങളിലും പ്രതിഫലിപ്പിക്കുവാന്‍ സംഗീത സംവിധായകനായ ശ്യാമിലൂടെ മധുവിന് കഴിഞ്ഞു. ഭരണിക്കാവ് ശിവകുമാര്‍ ,ബിച്ചു തിരുമല, ഏറ്റുമാനൂര്‍ സോമദാസന്‍ തുടങ്ങിയ നവ പ്രതിഭകളെ മധു ഗാന രചനാ രംഗത്തേക്ക് ആനയിച്ചു. ‘രാഗാര്‍ദ്ര ഹംസങ്ങളേ’ തുടങ്ങി ശിവകുമാറിന്റെ ഒരു പിടി ഗാനങ്ങള്‍ ഗാന രചനാ രംഗത്ത് ഒരു നവ സര്‍ഗം തീര്‍ത്തു.
പഴയ കാല സിനിമകള്‍ക് ഇന്ന് പ്രേക്ഷകരില്ല. എന്നാല്‍ അതേ പഴയ സിനിമകളിലെ ഗാനങ്ങള്‍ക്ക് ഇന്നും ശ്രോതാക്കളുണ്ട്. വയലാറും പി.ഭാസ്‌കരനും ഒ.എന്‍.വി. യും ശ്രീകുമാരന്‍ തമ്പിയും കഴിഞ്ഞാല്‍ ശ്രോതാക്കള്‍ ഓര്‍ത്തിരിക്കുന്ന പേരുകള്‍ ഭരണിക്കാവ് ശിവകുമാറും ബിച്ചു തിരുമലയുമാണ്. മലയാള സിനിമ കച്ചവടവല്‍ക്കരണത്തിലേക്ക് കൂപ്പ് കുത്തിയ എണ്‍പതുകളില്‍ ചലചിത്ര ഗാന ശാഖ കവിത നഷ്ടപ്പെടാതെ പരിരക്ഷിച്ചു നിര്‍ത്തിയത് ഭരണിക്കാവ്, ബിച്ചു, പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി തുടങ്ങിയവരുടെ തൂലികയാണ്. ഇവരില്‍ ഏറ്റവും കുറച്ച് ഗാനങ്ങള്‍ മാത്രം എഴുതാന്‍ അവസരം ലഭിച്ച ഭരണിക്കാവ് ശിവകുമാറിന്റെ ഒരു ഡസനോളം ഗാനങ്ങള്‍ ഇന്നും മലയാളികള്‍ മുളിനടക്കുന്ന അനശ്വര ഗാനങ്ങളില്‍ ഇടം പിടിക്കുന്നവയാണ്.
നടന്‍ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം (1975) ത്തില്‍ യേശുദാസും സുജാതയും ചേര്‍ന്നു പാടുന്ന സ്വപ്നം കാണും പെണ്ണേ… എന്ന ശിവകുമാര്‍ രചിച്ച ഗാനം ഈ ഗായകര്‍ നിരവധി ഗാനമേളകളില്‍ പാടി ജനപ്രിയമാക്കി. ചോറ്റാനിക്കര അമ്മ (1976)യിലെ മനസ് മനസിന്റെ കാതില്‍… എന്ന ഗാനം ശിവകുമാറിന് ഒട്ടേറെ പ്രശംസ നേടിക്കൊടുത്തു. ആശീര്‍വാദത്തിലെ (1977) സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ… എന്ന ഭരണിക്കാവിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഗാനം മലയാളത്തിലെ എണ്ണം പറഞ്ഞ ചലചിത്ര ഗാനങ്ങളില്‍ പെട്ടതാണ്.
ആയിരവല്ലി തന്‍ തിരുനടയില്‍…, മകര സംക്രമ സൂര്യോദയം… രാഗങ്ങളേ മോഹങ്ങളേ…, ഗാകുല്‍ത്താന്‍ മലകള്‍ മുന്നില്‍, സുമംഗലാതിര രാത്രി…, തൂമഞ്ഞുത്തുകുന്ന ചന്ദ്രോദയം പോലെ…, സിന്ദൂര പുഷ്പ വനചകോരം… തുടങ്ങി അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങള്‍ എല്ലാം മികച്ച കവിതകള്‍ കൂടിയാണ്.
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ഗ്രാമത്തില്‍ 1949 ലാണ് ശിവകുമാറിന്റെ ജനനം. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന അദ്ദേഹം കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി ഹിന്ദു, മലയാളരാജ്യം തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നിട്ടുണ്ട്. 1975 ല്‍ ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ശിവകുമാറിന് ലഭിച്ചു.
തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ക്ക് ഗാനങ്ങളെഴുതിയായിരുന്നു തുടക്കം. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തമിഴിലും ശിവകുമാര്‍ ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.
യമുന എന്ന ചിത്രം നിര്‍മ്മിച്ച് സംവിധായകന്റെ കുപ്പായമണിഞ്ഞെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. 2007 ജനുവരി 24 ന് 58 വര്‍ഷം മാത്രം നിലനിന്ന ആ ജീവിതം പൊലിഞ്ഞു.
ഈണത്തിനൊപ്പം വരികളെഴുതേണ്ടി വരിക എന്ന വെല്ലുവിളിയിലും കാവ്യാനുശീലനം കൈമോശം വരാതെ നമ്മുടെ ഗാനശാഖയെ കാത്തുസൂക്ഷിച്ചു എന്നതാണ് ശിവകുമാറിന്റെ സംഭാവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക