ഡോ. കവിത വി.
തിരുവനന്തപുരത്ത് തപസ്യകലാ സാഹിത്യവേദി സംഘടിപ്പിച്ച അക്കിത്തം അനുസ്മരണത്തില്‍ അവതരിപ്പിച്ചത്
‘അവനാകുന്നു നമ്മുടെ കരളിലെ-
യാനന്ദം പരമാനന്ദം’
കാവ്യചോദനയുടെ ഊറ്റുറവുവക്കില് കിനിയുന്ന കവിവാക്കിങ്ങനെ. എഴുത്തനുഭവസുഖത്തിന്റെ നേര്‍വാക്കു വിടരുന്നതുകേവലം കാവ്യാനന്ദത്തില്നിന്നാണോ? ഉപരിസൗന്ദര്യത്തെ കവിതയില്‍ ആവിഷ്കാരകൗതുകമായി പകര്ന്നുപാടാന് മാത്രം കഴിയുന്ന ഒരു കവിയില്‍നിന്നു മുന്‍ചൊന്ന ആത്മധന്യതയുടെ കവിത പ്രതീക്ഷിക്കേണ്ടതുണ്ടോ?
ഏകാദ്വയശാന്തിഭൂവില് അകമമര്ത്തിമാത്രമെഴുതുന്ന മൊഴിച്ചന്തങ്ങളെ കേവലവിചാരയുക്തി്ക്കു പിടികിട്ടുന്നതല്ല. താന്‍ ഉപദ്ധ്യാനിക്കുന്ന കവിതയുടെ കാന്തഭൂവില്നിന്നു വെണ്ണിലാപ്പറവകള് പോലെ പാറിവീഴുന്ന പൊരുള്വെളിച്ചങ്ങളെ ‘അന്തിമഹാകാല’ത്തില്‍ പരമാര്ത്ഥനിഷ്ഠന്റെ ചേതസ്സാല് അറിയുന്നുണ്ടോ കവി? തന്റെ അസ്തിത്വമായി താന്‍ തിരിച്ചറിഞ്ഞ വാക്കിന്റെ പിറവിയിടം പരമാനന്ദധന്യതയായി, കൃതാര്ത്ഥവാക്കായ കവി പ്രകാശിപ്പിക്കുന്നുണ്ടോ? അതാണു കവിധര്‍മ്മം എന്ന തിരിച്ചറിവാണോ കാവ്യജീവിതത്തിനൊടുവിലെ,
”ഇഴുകുന്നില്ലാ താമരയിലമേ-
ലൊഴുകും മുത്തൊളി നീര്‍പ്പോള-
പ്രശസ്താമാമീ ഗയ, വാരാണസി
പ്രയാഗ, രാമേശ്വരമെല്ലാം
ചേതോഹരമായ്ത്തീര്ന്നൂ പാവന-
ഗീതാമന്ത്രധ്വനിയാലേ
അതിലമരുന്നൂ ഭഗവാന്, ശാശ്വത-
നനന്തനാരായണമൂര്ത്തി;
അവനാകുന്നു നമ്മുടെ കരളിലെ-
യാനന്ദം പരമാനന്ദം!”
– ഈ വരികളിലൂടെ പ്രകാശിതമാകുന്നത്? പുറമേ വാക്കുകളെ നേര്വാക്കുകളായി മാത്രം പറയാനിഷ്ടപ്പെടുന്ന കവി, അതിഭാവുകത്വത്തിന്റെ മേദസ്സില്‍നിന്നു കവിതയെ മോചിപ്പിക്കുവാനാഗ്രഹിക്കുന്നു. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. വാക്കുകള്‍ വെള്ളില്പറവകളായി ഉയിരിടുന്ന അമൃതമഹിമാവിനെ കവി അറിഞ്ഞിരുന്നുവോ? ചിന്തനീയമാണു വിഷയം. എവിടെയാണോ വാക്ക് മനസ്സിലും മനസ്സു ഉപരിബോധത്തിലും പൊരുളറിഞ്ഞു അകമടങ്ങി ഉപശമിക്കുന്നത്, വിഷയാനന്ദവും കാവ്യാനന്ദവും നിവര്ത്തമാകുന്നത്, ആ ശാന്തിമഹിമാവിനെ കവി അറിഞ്ഞില്ലെന്നുണ്ടോ? കാവ്യജീവിതത്തിന്റെ ‘അന്തിമഹാകാല’ത്തില്‍ പി
റവിയെടുത്ത അക്കിത്തം കവിതകളെ ഹൃദയത്തോടു ചേര്‍ത്തുവായിച്ചാല്‍ ഈ ചോദ്യത്തിനുത്തരമായി.
വാക്കും ജീവിതവും വേറിട്ടതല്ല കവിയ്ക്ക് യൗവനത്തില്‍ സമത്വസുന്ദരമായലോകം സ്വപ്നം കണ്ടുണരുന്ന യുവത്വമായിരുന്നു കവിതയ്ക്കും. അവിടെയും ഒരു സത്യാന്വേഷകനുണ്ടായിരുന്നു. സ്ഥിതിസമത്വത്തിന്റെ നൂതനദര്ശനത്തില് നെല്ലുംപതിരും ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ അന്വേഷിച്ചറിഞ്ഞതങ്ങനെയാണ്. ഋഗ്വേദത്തിലെ ‘സംവാദസൂക്ത’മാണു തനിക്കതുള്‍ക്കൊള്ളാന്‍ ഭൂമികയൊരുക്കിയതെന്നു കവി പി
ല്ക്കാലത്തു തിരിച്ചറിയുന്നു. കവിയോടുള്ള അഭിമുഖത്തില്‍ അതു രേഖപ്പെടുത്തിയിട്ടുണ്ട്. ”….സമാനോമന്ത്രസ്സമിതി സമാനി സമാനാമനസ്സഹചിത്തമേഷാം”. അതായത് സമാനമായ മന്ത്രം, സമാനമായ കൂടിച്ചേരല്‍, സമാനമായ മനസ്സ്, സമാനമായ ചിത്തം എന്ന സുപ്രസിദ്ധമായ ഋക്ക് തന്നെ പണ്ടേ സ്വാധീനിച്ചിരുന്നു എന്ന് (അഭിമുഖം : നാരായണന് പി.
എം, അച്യുതന് നമ്പൂതിരി, അക്കിത്തം, അക്കിത്തം കവിതകള്‍, 2010:1156, 1157). ”സമത്വം യോഗ ഉച്യതേ” എന്ന സത്യബുദ്ധി കവിയിലെ സമാനഹൃദയനെ ഉണര്‍ത്തിയെന്നു വ്യക്തം.
അന്വേഷിയുടെ ആത്മസഞ്ചാരം
ജീവിതസത്യത്തെ പലമുഖം കൊണ്ടന്വേഷിക്കുന്ന കവി, ചുറ്റിത്തിരിച്ചിലുകള്ക്കെല്ലാം ഒടുവില്‍ കണ്ടെത്തിയ വാക്കും പൊരുളും കാവ്യജീവിതത്തിന്റെ ‘അന്തിമഹാകാല’ത്തില്‍ പകര്‍ന്നു വയ്ക്കുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2006 ല്‍ ‘ചോദ്യം എന്ന ഉത്തര’മെന്ന കവിതയിലൂടെ ആരായുന്നത്, താനറിയുന്ന പൊരുളന്വേഷകനായി അനുവാചകനെയും മാറ്റാന്‍ ഉള്ള അബോധശ്രമത്തിന്റെ ഭാഗമായാണ്. അതിങ്ങനെ,
”എവിടെപ്പോയെന് മനസ്സില്‍
പണ്ടുശ്ശബ്ദിച്ച പുല്‍ക്കുഴല്‍?
എവിടെപ്പോയ് കൃഷ്ണ, കാലില്‍
കിലുങ്ങിയ ചിലങ്കകള്‍?
എവിടെപ്പോയെന്റെ രക്ത-
നാഡിതോറുമുഴറ്റോടെ
ഓളം വെട്ടിക്കൊണ്ടിരുന്ന
കളഭത്തിന്റെ സൗരഭം?
എവിടെപ്പോയെന്റെ നാവില്‍
നിദ്രാണ നിമിഷത്തിലും
പ്രസരിച്ചുകൊണ്ടിരുന്ന
പായസാമൃതനിര്‍വൃതി?
സത്താന്വേഷകനായ കവി വീണ്ടും ചോദിക്കുന്നു
”യുഗങ്ങള്‍ തന്മേഘമാര്ഗ-
ങ്ങളെ പിന്തള്ളി, ആരു ഞാന്‍?”
എന്നിങ്ങനെ. ‘പ്രവാസം’ എന്ന കവിതയില്‍ മോക്ഷപ്പൊരുളന്വേഷകനായി കവി മാറുന്നു.
വിദൂരത കീറി-
പ്പുണരും മാനവ-
ഹൃദയൈക്യത്തിലെ
തളര്‍ച്ചയോ മോക്ഷം?
സമാനഹൃദയങ്ങളുടെ ഐക്യം വിദൂരതകളെ പിന്തള്ളി ബോധമഹിമയില് ഐക്യപ്പെടുന്നതു കവി തിരിച്ചറിയുന്നു. കവിതയുടെ സത്താന്വേഷകനായ കവിയുടെ കടന്നുവരവു കാലാന്തരത്തില്‍ മനുഷ്യപക്ഷത്തു നിലയുറപ്പിച്ച തത്ത്വാന്വേഷകന്റെതായി തെളിഞ്ഞുവരുന്നതു കവിവാക്കില് തിരിച്ചറിയാം.
സാക്ഷാത്കൃതന്റെ അനുഭവം
അന്വേഷകനായ കവി ഉപാസനയിലൂടെ ആത്മമഹിമയില്‍ അകമടങ്ങി നി
ല്ക്കുന്നത് ‘കേശവായ നമഃ’ എന്ന കവിതയില്‍കാണാം. തന്റെ ജ്ഞാനസാഫല്യത്തിന്റെ അരുള്വഴികളെ കവി പ്രകാശിപ്പിക്കുന്നുണ്ട്. തന്റെ ജീവിതാന്തത്തെപ്പറ്റിയുള്ള സംഭവവികാസങ്ങളില്‍ ജിജ്ഞാസ നഷ്ടപ്പെടുന്നതു സത്യമറിഞ്ഞവനു മാത്രമാണ്.
അറിവായെല്ലാം അറിവിലറിയുന്ന അനാദിചൈതന്യമായ തന്നെയറിഞ്ഞവനുമാത്രമേ മരണഭയം വിട്ടുമാറുന്നുള്ളൂ. നിര്‍മ്മമത്വത്തോടെ അധികം അലങ്കാരവാക്കില്ലാതെ അറിഞ്ഞവന്റെ പൊരുളിനെ കവി പ്രകാശിപ്പിക്കുന്നത്
”അസ്തമയാനന്തര സംഭവങ്ങളെപ്പറ്റി-
അല്പ്പവും ജിജ്ഞാസയില്ല, അത്താഴപ്പുറമേ ഞാന്‍
കേശവ, നിനക്കായി മനസാ നമിച്ചെന്റെ
കോസറിയില്‍
കണ്പൂട്ടിമലര്ന്നുകിടക്കുമ്പോള്
ഇല്ല യാത്രകള്‍, മണിക്കൂറുകള്‍,
യുഗങ്ങളു-
മില്ല നിന്റെ കാരുണ്യത്താല്‍
സ്വപ്നമുക്തനാണെങ്കില്”.
ഭാരതീയദര്ശനസാരമായി ഋഷികളാല്‍ വ്യക്തമാക്കിയിട്ടുള്ള മുക്തിയുടെ ജ്ഞാനഭൂമികയറിഞ്ഞ കവി
”നാസതോ വിദ്യതേ ഭാവോ
നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോ ƒ ന്ത-
സ്തനയോസ്തത്ത്വദര്ശിഭിഃ”
എന്ന ഗീതാശ്ലോകതത്ത്വം അറിഞ്ഞിരുന്നു. അതു പില്‍ക്കാലകവിതകളിലും വ്യക്തമാണ്. ശ്ലോകം പറയുന്നതു മിഥ്യയായ ഒരു വസ്തുവിന് ഉണ്മയില്ല. സത്യത്തില്‍ ഉള്ളതായ വസ്തുവിന് (സത്തിനു) അഭാവവും ഉണ്ടാകുന്നില്ല. രണ്ടിന്റെയും യാഥാര്‍ത്ഥ്യത്തെ തത്ത്വദര്‍ശികള്‍ അറിഞ്ഞിരിക്കുന്നു. ‘ഭഗവദ്ഗീതാസാംഖ്യയോഗത്തിലെ ഈ വരികള്‍ ഉദ്ഘോഷിക്കുന്ന ഈ സത്യമറിഞ്ഞ് കൃതാര്‍ത്ഥനായ കവിയെ ‘മാതൃഭാഷ’ എന്ന കവിതയിലും കാണാം.
”അക്ഷരം,
വാക്കര്ത്ഥമെന്നിവയൊന്നുമ-
ല്ലാന്തരസത്യം, ഇക്കാരണത്താല്‍
മറ്റേതുഭാഷയെക്കാളും ബലിഷ്ഠമായ്
പെറ്റമ്മതന്‍ സ്നേഹമുജ്ജ്വലിപ്പൂ”
എന്നു കവി പാടുന്നു. തത്ത്വവിചാരത്തിന്റെ ജ്ഞാനപാഠങ്ങള്‍ സ്വാംശീകരിച്ച കവിമനസ്സ് എഴുത്തച്ഛനുശേഷം ഗുരുദേവനെപ്പോലുള്ള മഹായോഗികളൊഴിച്ചാല് മലയാളത്തില്‍ തെളിഞ്ഞുവരുന്നതു അക്കിത്തം കവിതകളിലൂടെത്തന്നെ. അകക്കണ്ണില്‍ സത്യമറിയാന്‍ കവി ജീവിതോപാസനയായി അതിനെ മുന്നില്‍ കണ്ടതിനാല്‍ മാത്രമാണു നിവര്ത്തകന്റെ മുക്തിമാര്‍ഗം കവിതകളില്‍ നി
ര്വേദത്തിന്റെ തികവറിയുന്നത്. ‘വിത്തിലെ വിദ്യ’ എന്ന കവിതയില്‍ ഈ പൊരുളറിഞ്ഞവന്റെ ദര്‍ശനം സുവ്യക്തമാണ്.
”ഞാനെന്ന ഭാവമെവിടുന്നു തെളിയുന്നു
പ്രാണന്റെ ചലമഹിമയെവിടെ വിളയുന്നു
അറിയില്ലെന്നിക്കൊന്നുമെന്നറിയുമ്പോള്
അറിവിന്റെ നിറകുടമാവുന്ന മര്ത്യന്
അറിവിന്റെ പര്യായമിപ്രപഞ്ചത്തില്
ഒരു വാക്കുമാത്രമാണതു തന്നെ വിനയം
വിത്തെന്ന ശബ്ദത്തിലുള്ള പരമാര്‍ത്ഥം
വിദ്യയെന്നുടനേ മനസ്സിലാവുന്നു”
‘യുദ്ധപ്പുഴ’ എന്ന കവിത ഗീതാധ്യാനശ്ലോകത്തിലെ ‘രണനദി’ എന്നതു പരാമര്‍ശിക്കുന്നതിനെ സൂചിപ്പിക്കുന്ന ശ്ലോകത്തിന്റെ മലയാള ആവിഷ്കാരമാണ്.
സത്യമറിഞ്ഞു ജാത്യാദിദുരാചാരങ്ങളെ നിരോധിക്കുന്ന രാജകര്മ്മപ്രകീര്ത്തനമാണ്. ‘നാലൊന്നില്‍ നാലുമൊന്ന്’ എന്ന കവിത. അതില്‍ സമൂഹത്തിലെ ജാതിവ്യവസ്ഥയെ ഗാന്ധിജിയുടെ ഉദ്ബോധത്താല് മറികടന്ന മഹാരാജാവിന്റെ ക്ഷേത്രപ്രവേശനവിളംബരം കവി അനുസ്മരിക്കുന്നു. തത്ത്വമറിഞ്ഞൊരാള്ക്കു മാത്രം പാടാനാകുന്ന വരികളിങ്ങനെ വായിക്കാം.
”മായ്ക്കാവൂ നാലൊന്നിലീ-
നാലക്ഷരം ഭഗവല്‍കൃപ
പറഞ്ഞില്ലാസ്പഷ്ടമായി-
ട്ടിതൊന്നും തമ്മിലെങ്കിലും
രണ്ടുപേരും ചെവിക്കൊണ്ടു-
ഹൃദയം കൊണ്ടു തത്ക്ഷണം
കുരുക്ഷേത്രത്തിലെ പദ്മ-
നാഭന്‍ ചൊന്ന പരംപൊരുള്‍
ധര്മ്മഗ്ലാനിയധര്മത്തെ
വര്ദ്ധിപ്പിക്കുമ്പോഴൊക്കെയും
സര്ജിക്കും ഞാന്‍ കരുത്തോലു-
മാത്മാക്കളെനിരന്തരം”
ഇങ്ങനെ ത്രിഗുണങ്ങളെ അതിവര്ത്തിച്ച സ്ഥിതപ്രജ്ഞന്റെ ഭൂമികയാണ് ചാതുര്വര്ണ്യാതിക്രമം കൊണ്ടറിയുന്ന മോക്ഷമെന്ന ഗീതോപദേശം ധരിച്ചു. മലയാളകവിതയില്‍ ഇത് അറിഞ്ഞാവിഷ്കരിച്ച ആധുനികകവികള്‍ കുറവാണ്. സൂക്ഷ്മശരീരത്തിന്റെ ജ്ഞാനനിലയെ അടിസ്ഥാനമാക്കിയാണ് ഗീതയില്‍ ചാതുര്‍വര്‍ണ്യം പറഞ്ഞിരിക്കുന്നത്. അതിനു വിരുദ്ധമായി സമൂഹത്തിലെ സാധാരണക്കാരുടെ സ്ഥൂലശരീരത്തിന് കല്പി
ച്ചിരിക്കുന്ന പതിത്വമായ ജാതിവ്യവസ്ഥ അശാസ്ത്രീയമെന്ന സത്യം കവി തിരിച്ചറിഞ്ഞിരിക്കുന്നു. ഇക്കാര്യം ശരിയായി ഗ്രഹിക്കാത്തതാണ് ഭാരതത്തിലെ ജാതീയമായ അനാചാരങ്ങള്‍ക്കു കാരണം. ഗീത നാലാമദ്ധ്യായം ജ്ഞാനകര്മ്മസംന്യാ
സയോഗത്തിലെ ഏഴാമത്തെ ശ്ലോകം ‘യദാ യദാ ഹി ധര്‍മ്മസ്യ’ എന്നു തുടങ്ങുന്നതിന്റെ പരിഭാഷതന്നെ കവി ഈ കവിതയില്‍ നല്‍കിയിരിക്കുന്നതില്‍നിന്ന് ഇതു തീര്‍ത്തും വ്യക്തമാണ്. ഗീതോപദേശം അതിവര്ണാശ്രമിയായ സ്ഥിതപ്രജ്ഞനെ സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണെന്ന സത്യം തിരിച്ചറിഞ്ഞവര്‍ മലയാളസാഹിത്യത്തില്‍ അധികമാരുമില്ല. താനറിഞ്ഞ സത്യത്തെ അറിയാത്തവര്‍ക്കു പകര്‍ന്നു നല്കുന്ന കൃപ, ജ്ഞാനികളില്‍ പ്രകടമാണ്.
ഉദ്ബോധകന്റെ ഉണര്‍ത്തുപാട്ട്
തത്ത്വോപദേശത്തിന് ഉപനിഷത്തുകളും ഗീതയും സ്വീകരിച്ച അനുഷ്ടുപ്പുഛന്ദസ്സില്തന്നെ കവിയും രചന നി
ര്വഹിക്കുന്നതു ഹൃദയപാരസ്പര്യംകൊണ്ടുതന്നെ. ജ്ഞാനോദ്ബോധകനായ കവി, സംസ്കൃത-ദ്രാവിഡഭാഷകളുടെ അതിര്‍വരമ്പുകള്‍ മാച്ചുകളഞ്ഞ് ഭാഷയുടെ കരുത്തുപ്രകടമാകുന്നതു ‘പ്രധാനമന്ത്രി’ എന്ന കവിതയില്‍ ശ്രദ്ധിക്കാം. ഇതു താന്‍ ദര്‍ശിച്ച സത്യം, സമൂഹത്തില്‍ നടന്നുകാണാനുള്ള ഉദ്ബോധനസ്വരം കേള്‍പ്പിക്കും.
”ഭഗവദ്ഗീത വായിച്ചുള്-
കൊണ്ടിട്ടുള്ളവരാകണം
പ്രധാനമന്ത്രിമാര്‍, ആശി
ക്കുന്നു ഞാന്‍ കര്‍മ്മഭൂമിയില്‍
കൃഷ്ണന് യോഗേശ്വരന് തന്നെ
പാര്‍ത്ഥനെന്ന ധനുര്ധരന്
നീതി, ഭൂതിര് ശ്രീ, ജയങ്ങള്‍-
ക്കര്ഹനാണെന്നറിവുള്ളവര്
ഉദ്ധരോദാത്മനാത്മാനം
ആത്മാനമവസാദയേത്
എന്ന മന്ത്രോപദേശത്താല്‍
മനസ്സുദ്ബുദ്ധമായവര്.
കര്‍മ്മണ്യേവാധികാരസ്തേ
മാ ഫലേഷുകദാചന
എന്ന മന്ത്രക്കടിഞ്ഞാണാല്
നിയന്ത്രിക്കപ്പെടുന്നവര്‍.
ക്ഷുദ്രം ഹൃദയദൗര്ബല്യം
ത്യക്തോത്തിഷ്ഠ പരന്തപ
എന്ന മന്ത്രച്ചാട്ടവാറാല്
പ്രഹരിക്കപ്പെടുന്നവര്.
ഭഗവദ്ഗീത വായിച്ചുള്-
ക്കൊണ്ടിട്ടുള്ളവരാകണം
പ്രധാനമന്ത്രിമാര്‍, പ്രാര്ത്ഥി-
ക്കുന്നു ഞാന്‍ കര്‍മ്മഭൂമിയില്‍
തന്റെ കവിവാക്കുദ്ഭവിച്ച പശ്ചാത്താപവൈവശ്യത്തിന്റെ അര്‍ജ്ജുനവിഷാദയോഗത്തില്‍ ഗുരുവായൂരപ്പനു കാവ്യാര്‍ച്ചനയായി തന്നില്‍നിന്നു വെളിവായി കവിഞ്ഞുവന്ന കവിത, പരമാനന്ദനിര്വൃതിയില് വിലീനമായിത്തീരുന്നതു കൃതിയുടെ ഈ അന്ത്യകവിതയില് കാണാം. അവിടെ കണ്ണുതുറന്നിരിക്കുന്നുണ്ട് ആത്മസാക്ഷി ഭഗവാന്.
‘ഗീതാധ്യാന’മെന്ന ആ കവിത തുടങ്ങുന്നത്,
”ഇമവെട്ടാത്തുള്ക്കണ്ണുകളോടെ
ഇരിപ്പു മുന്നില്‍ ശ്രീകൃഷ്ണന്
അടക്കിനിര്ത്തീടുന്നൂ കുതിര-
ക്കടിഞ്ഞാണുകളാ തൃക്കൈകള്‍” എന്നാണ്, അതു അവസാനിക്കുന്നത്,
”അതിലമരുന്നൂ ഭഗവാന്, ശാശ്വത-
നനന്തനാരായണമൂര്ത്തി
അവനാകുന്നൂ നമ്മുടെ കരളിലെ-
യാനന്ദം പരമാനന്ദം!”
എന്നും. ജീവിതത്തിലും കവിതയിലും കവിജന്മം അങ്ങനെ സാര്‍ത്ഥകമായി. പക്ഷേ
”കോവിലിലുണ്ടൊരുമ്പെട്ടവള് (അവള്)
തൂവിടുമെന്നെന് കാരുണ്യം
എന്നു ധരിച്ചു കണ്ണുമിഴിച്ചീ-
ലെന്നുടെ നേരെ കൂത്തിച്ചീ”
എന്ന തെറിവാക്കു പറയുന്ന അഭിനവകോമരങ്ങളെ ആവിഷ്കരിച്ച കവിയ്ക്കുണ്ടോ ഈ തത്ത്വാന്വേഷണവും ഉപാസനയും സാക്ഷാത്കൃതന്റെ ധന്യതയും അറിഞ്ഞവന്റെ ഉദ്ബോധനാത്മകതയും? എന്നാണെങ്കില്‍ കവിജീവിതത്തെ സമഗ്രാനുഭവമായിക്കണ്ടാല് കവിയിലെ സാക്ഷിബോധത്തിന്റെ പൊരുള്‍ തിരിച്ചറിയാനാകുമെന്നതാണു സത്യം. പി
ല്ക്കാലത്തു പ്രസിദ്ധനായിത്തീര്‍ന്ന അതേ കോമരം തന്നെ അതിനു തെളിവുതരുന്നു. താന്‍ സിദ്ധനായതു ദേവീകടാക്ഷമെന്നു തിരിച്ചറിഞ്ഞു. പശ്ചാത്തപി
ക്കുന്ന കോമരത്തെ കവി അറിയുന്നുണ്ട്. ഭക്തനും ഭഗവാനും വേറല്ല: ഒറ്റ ചേതനാസത്യം ഒറ്റവൈഖരിമന്ത്രം. ആ വൈരഭക്തിയുടെ മറ നീക്കി ഭഗവതിയരുളിയതിങ്ങനെ
”ഒരുനാളെന്നെ ഭജിച്ചവനെ-
പ്പിന്നൊരുനാളും ഞാന്‍ വെടിയില്ല” എന്നത്രേ. ഇതു കേട്ട ഭക്തനോ,
”ചാടിയെണീറ്റു പുണര്ന്നാനത്തിരു-
ചരണം രണ്ടു ഭുജത്താലും”
ഇതാണ് ആ ഭക്തന്റെ പരിണാമസത്യം. വാക്കില്‍ വക്കാണവുമായിക്കഴിഞ്ഞാലും രജോതമോഗുണമായിയലഞ്ഞാലും തേടിവരുന്നവനെ കൈവെടിയില്ല ആ നിത്യനിര്‍മലപൗര്‍ണമി എന്ന പരമാര്‍ത്ഥമാണു കവി കണ്ടറിഞ്ഞത്. ജീവിതസപര്യയില്‍ കവി കവിതയിലൂടെ കണ്ടെടുത്ത വെളിച്ചമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: