ഇസ്ലാമാബാദ്: നാഷണൽ ഫ്രിക്വൻസി കുറഞ്ഞതിനെ തുടർന്ന് പാക്കിസ്ഥാനിൽ വൈദ്യുതി ബന്ധം താറുമാറായി. ദേശീയ വാതക വിതരണത്തിനുള്ള കരാറിൽ ധാരണയിലെത്താത്തതും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാത്രികാലങ്ങളിൽ വൈദ്യുതി ഉത്പാദന യൂണിറ്റുകൾ താത്ക്കാലികമായി അടച്ചുപൂട്ടിയതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി.
വൈദ്യുതി തടസ്സം ടെലികോം മേഖലയുടെ പ്രവർത്തനത്തേയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാനാണ് പാക്കിസ്ഥാൻ സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച് പാകിസ്ഥാൻ നാഷണൽ ഇൻഫർമേഷൻ ടെക്നോളജി ബോർഡ് (എൻഐടിബി) മുന്നറിയിപ്പ് നൽകി. വരുന്ന ജൂലൈ മാസത്തിൽ കൂടുതൽ ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
വിലക്കയറ്റം മൂലം പാക് ജനങ്ങൾ വലയുന്നതിനിടെയാണ് വൈദ്യുത പ്രതിസന്ധിയുടെ വരവ്. പാക്കിസ്ഥാൻ സർക്കാർ പൊതുപ്രവർത്തകരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഫാക്ടറികളിലേക്കുള്ള ഷോപ്പിംഗ് മാളുകൾ നേരത്തേ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനായി ഖത്തറുമായുള്ള ചർച്ചയിലാണ് പാക് സർക്കാർ.
അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള എൽഎൻജി വിതരണ കരാറിനെ കുറിച്ചുള്ള ചർച്ചകളാണ് ഖത്തറുമായി പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: