ശശികുമാര്‍. എം. വി.
(കണ്ണൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)
കാര്‍ഷിക മേഖല ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് എല്ലാക്കാലത്തും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മൊത്തം തൊഴില്‍ സേനയുടെ 54.6 ശതമാനം പേര്‍ കാര്‍ഷിക മേഖലയാണ് തൊഴില്‍ തേടുന്നത്. രാജ്യത്തിന്റെ മൊത്തം ഭൂപ്രദേശം 3287 ഹെക്ടര്‍ ആണെങ്കില്‍ 1394 ഹെക്ടര്‍ (42.4%) ഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുക എന്നും വിശപ്പു രഹിത ലോകം സൃഷ്ടിക്കുക എന്നതും ഐക്യരാഷ്‌ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നവയാണ്.
രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിച്ചു വരുമ്പോള്‍ (ലോക ജനസംഖ്യയുടെ 17.7 ശതമാനം) ഭക്ഷ്യസ്വയം പര്യാപ്തതയും ഭക്ഷ്യസുരക്ഷയും പ്രധാനപ്പെട്ട വിഷയങ്ങളാവും. അപ്പോള്‍ ഉത്പാദന ക്ഷമത കൂട്ടുകയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ട് ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ശ്രമങ്ങള്‍ ആരംഭിക്കേണ്ടതും അത്യാവശ്യമായി വരുന്നു. ഈയൊരു ചുറ്റുപാടിലാണ് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വിത്തിന്റെ ഗുണപരമായ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ കമ്പോളം തേടുന്നതിനുമായി വിത്തുല്പാദനത്തിനും, ജൈവകൃഷിക്കും കയറ്റുമതിക്കുമായി മൂന്ന് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടുള്ളത്.
വിത്തുത്പാദന-ജൈവൊത്പാദന കയറ്റുമതി സംഘങ്ങള്‍
190 രാജ്യങ്ങളിലായി 34 ലക്ഷം ജൈവകര്‍ഷകര്‍ 749 ലക്ഷം ഹെക്ടറിലായി ജൈവകൃഷി ചെയ്തു വരുന്നുണ്ട്. ഇതില്‍ ഇന്ത്യയില്‍ മാത്രമായി 16 ലക്ഷം കര്‍ഷകര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ ഉത്പാദനം താരതമ്യേന കുറവാണ്. ഭൂമിയുടെ തുണ്ട്‌വല്‍ക്കരണവും വിത്തിന്റെ ഗുണ പരമായ ലഭ്യതയും മാര്‍ക്കറ്റിംഗ് സംവിധാനങ്ങളുടെ അഭാവവും ഉത്പാദനക്ഷമതയെ ബാധിക്കുന്ന വിഷയങ്ങളാണ്. ഇവിടെയാണ് പുതിയ സംഘങ്ങളുടെ പ്രസക്തി നിലനില്‍ക്കുന്നത്. ഇന്ത്യയുടെ വൈവിധ്യം നിറഞ്ഞ കാര്‍ഷിക കാലാവസ്ഥാ സ്ഥിതിവിശേഷം ജൈവ കൃഷിക്ക് അനുകൂല മാണ്, പ്രത്യേകിച്ചും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍. എങ്കിലും ജൈവ കാര്‍ഷിക ഉത്പാദനത്തില്‍ ഇന്ത്യക്ക് 2.7% പങ്കു മാത്രം ഉള്ളപ്പോള്‍ അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് 64 ശതമാനം പങ്കാണുള്ളത്.
ഇന്ത്യയുടെ ജൈവ കാര്‍ഷിക സാധ്യതകളെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താനും ഗുണനിലവാരമുള്ള വിത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും ഘടനാപരമായ ഒരു മാര്‍ക്കറ്റിംഗ് സംവിധാനം സൃഷ്ടിക്കുന്നതിനുമാണ് ഈ സംഘങ്ങള്‍ രൂപീകൃതമാകുന്നത്. ഉത്പാദനം മുതല്‍ ഉപഭോഗം വരെ കര്‍ഷകനെ സഹായിക്കുക എന്ന ഉദ്ദേശത്തോടു കൂടിയും, വിളവെടുപ്പിന് ശേഷമുള്ള മൂല്യവര്‍ദ്ധനവിനും ശക്തമായ ഒരു സപ്ലൈ ചെയിന്‍ സംവിധാനം ഒരുക്കുന്നതിനും ഇതുവഴി സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ലക്ഷ്യങ്ങള്‍
ഈ മൂന്നു തരത്തിലുള്ള സംഘങ്ങള്‍ വഴി കാര്‍ഷിക മേഖലയില്‍ സുസ്ഥിര വികസനം നേടുന്നതിനായി ഗുണനിലവാരമുള്ള വിത്തിന്റെ ലഭ്യത, കാര്‍ഷിക വിദ്യാഭ്യാസം, ജൈവകൃഷിക്ക് ഊന്നല്‍, വില സ്ഥിരത, ഉറച്ച മാര്‍ക്കറ്റ്, സംഭരണ സംവിധാനം, സംസ്‌കരണം, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റ് ഇന്റലിജന്‍സ്, കയറ്റുമതി പ്രോത്സാഹനം എന്നിവ ഉറപ്പാക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നു മേഖലകളിലെ വ്യത്യസ്ത സംഘങ്ങള്‍ അവരുടേതായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതായിരിക്കും. വിത്തിന്റെ ഉത്പാദനം, ടെസ്റ്റിംഗ്, സര്‍ട്ടിഫിക്കേഷന്‍, സംഭരണം, സംസ്‌കരണം, ലാബലിംഗ്, പാക്കേജിങ് എന്നിവയിലൂടെ ഉയര്‍ന്ന വിലയും കാര്‍ഷിക മേഖലയില്‍ ചലനാത്മകത സൃഷ്ടിക്കാനും ഇതുതകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഘടന
2002ലെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് പ്രകാരം ദേശീയതലത്തില്‍ രൂപീകൃതമായ ഈ സംഘങ്ങളുടെ പ്രവര്‍ത്തന മേഖല മൊത്തം രാജ്യ വ്യാപകമായിരിക്കും. ഈ സംഘങ്ങളില്‍ പ്രാഥമിക സംഘങ്ങളും, കര്‍ഷക ഉത്പാദക സ്ഥാപനങ്ങള്‍ക്കും അംഗമാകാവുന്നതാണ്. അമൂല്‍ , എന്‍സിസിഎഫ്, എന്‍ഡിഡിബി, എന്‍സിഡിസി എന്നീ ദേശീയ സ്ഥാപനങ്ങള്‍ ഈ സംഘങ്ങളുടെ പ്രമോട്ടിങ് അംഗങ്ങള്‍ എന്ന നിലയില്‍ സംഘങ്ങളുടെ മൂലധനത്തിലേക്ക് സംഭാവന ചെയ്യും. സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ള മൂന്നു സംഘങ്ങള്‍ വഴി സഹകരണ സംഘങ്ങളുടെ സഹകരണം എന്ന തത്വം പ്രായോഗികവല്‍ക്കരിക്കാനും കര്‍ഷകര്‍ക്കു അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും സാധിക്കും. മൂന്ന് സംഘങ്ങള്‍ക്കിടയില്‍ വിലങ്ങനെയുള്ള സഹകരണം സൃഷ്ടിക്കുക വഴി കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വിത്ത് ലഭ്യമാക്കാനും, ഉത്പാദന ക്ഷമത ഉയര്‍ത്താനും, വിദേശകമ്പോളം പിടിച്ചെടുക്കാനും സാധിച്ചേക്കും. കാര്‍ഷിക മേഖലയില്‍ പൊതുവിലും ജൈവ ഉത്പാദന മേഖലയില്‍ പ്രത്യേകിച്ചും കാതലായ മാറ്റങ്ങള്‍ ഇതുവഴി ഉണ്ടാവുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: