കോട്ടയം ജില്ലയില്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ കടുത്ത ജാതിവിവേചനവും സംവരണ അട്ടിമറിയും നടക്കുന്നുവെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശങ്കര്മോഹന് രാജിവയ്ക്കേണ്ടിവന്ന സംഭവം അവകാശവാദങ്ങള്‍ക്കും മേനിപറച്ചിലുകള്‍ക്കുമപ്പുറം ‘പ്രബുദ്ധകേരളം’ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും സ്ഥാപനത്തിലും സ്വന്തം വീട്ടിലും ജാതിവിവേചനം കാണിച്ചുവെന്ന് രണ്ട് അന്വേഷണ സമിതികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മനസ്സില്ലാമനസ്സോടെ ഡയറക്ടറെക്കൊണ്ട് സര്‍ക്കാര്‍ രാജിവയ്പ്പിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. സ്ഥാപനത്തില്‍ സ്വീപ്പര്‍ ജോലിചെയ്യുന്നവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജാതിവിലക്കുകളുടെ കാലത്തെ രീതികള്‍ക്ക് നിര്‍ബന്ധിച്ചു എന്നതായിരുന്നു ഗുരുതരമായ ആരോപണം. ഡയറക്ടറുടെ വീടിനു പുറത്തെ ശുചിമുറിയില്‍ കുളിച്ചിട്ടു വേണമായിരുന്നുവത്രേ ഈ ജോലിക്കാര്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍! ഇട്ടിരുന്ന വസ്ത്രം മാറ്റി പുതിയത് ധരിക്കണമായിരുന്നു!! ഇതുസംബന്ധിച്ച പരാതികള്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ലഭിച്ചിട്ടും യാതൊരു നടപടിയുമെടുക്കാതെ സര്‍ക്കാര്‍ ഈ ഡയറക്ടറെ സംരക്ഷിക്കുകയായിരുന്നു എന്നത് നടുക്കമുണ്ടാക്കുന്ന കാര്യമാണ്. ഒരു ജാതിക്കോമരത്തെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ പ്രത്യക്ഷസമരത്തിലിറങ്ങിയിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. സമരം ശക്തിപ്പെടുന്തോറും ഡയറക്ടറെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഏറ്റവുമൊടുവില്‍ രണ്ട് അന്വേഷണ സമിതികളുടെയും റിപ്പോര്‍ട്ട് എതിരായതോടെ ഡയറക്ടറെക്കൊണ്ട് രാജിവയ്പ്പിക്കുകയായിരുന്നു.
കെ.ആര്. നാരായണനെപ്പോലെ രാഷ്ട്രപതിയായിരുന്ന ഒരാളുടെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടായിരുന്നോ എന്നത് മറ്റൊരു ചര്‍ച്ചാവിഷയമണ്. പ്രതികൂലമായ സാഹചര്യങ്ങളോട് പടപൊരുതി ജീവിതത്തിന്റെ പടവുകള്‍ കയറുകയും, പ്രഥമ പൗരന്റെ പദവിയിലെത്തുകയും ചെയ്ത ഒരാള്‍ക്ക് വേണ്ടിയിരുന്നത് ഇങ്ങനെയൊരു സ്മാരകമായിരുന്നില്ല എന്നത് തര്‍ക്കമറ്റ കാര്യമാണ്. അതെന്തുമാവട്ടെ, ജാതിവിവേചനങ്ങളോട് കലഹിച്ച ഒരാളുടെ പേരിലുള്ള സ്ഥാപനത്തില്‍പ്പോലും ജാതിവിവേചനങ്ങള്‍ കൊടികുത്തിവാഴുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്! നിയമവിരുദ്ധവും സംസ്കാരശൂന്യവുമായ പ്രവൃത്തികള്‍ ഈ സ്ഥാപനത്തിലെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നു എന്നറിഞ്ഞിട്ടും കേരളത്തിലെ സാംസ്കാരിക നായകന്മാര് ഒരു അവാര്‍ഡ് വിവാദത്തിന്റെ പ്രാധാന്യം പോലും അതിന് നല്‍കുകയോ പ്രതികരിക്കുകയോ ചെയ്തില്ല എന്നത് ഇക്കൂട്ടരുടെ തനിനിറം പുറത്തുകൊണ്ടുവന്നു. ഇവരില്‍ ഏറ്റവും വിചിത്രമായി പെരുമാറിയത് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്‍തന്നെയാണ്. ജാതിവിവേചനം കാണിച്ചുവെന്ന പത്തിലേറെ പരാതികള്‍ ഉയര്‍ന്നിട്ടും ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് അടൂര്‍ സ്വീകരിച്ചത്. ഇതൊരു നീചപ്രവൃത്തിയായിപ്പോയി എന്നു പറയാതെ വയ്യ. താന്‍ ഉള്‍പ്പെടുന്ന സിനിമാരംഗത്തെ ചിലര്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ അടൂര്‍ കൂടുതല്‍ ക്രുദ്ധനാവുകയാണുണ്ടായത്. മാന്യന്മാരെന്നും സംസ്കാരസമ്പന്നരെന്നും സമൂഹം കരുതുന്ന ചിലരുടെ മനസ്സുകള്‍ വ്യാപരിക്കുന്നത് മറ്റൊരു ദിശയിലാണെന്ന പാഠം ഇതില്‍നിന്ന് ശരാശരി മലയാളിക്ക് പഠിക്കാനുണ്ട്.
ഇടതുപക്ഷ കേരളത്തിലെ ഇരുണ്ട മുഖമാണ് ഈ സംഭവവികാസങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. നവോത്ഥാന ശ്രമങ്ങളില്‍ യാതൊരു പങ്കും വഹിക്കാതിരിക്കുകയും, വളരെ പിന്നീട് രൂപംകൊള്ളുകയും ചെയ്തതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. എന്നിട്ടും തങ്ങളാണ് നവോത്ഥാനം കൊണ്ടുവന്നതെന്നു പറഞ്ഞ് ഇക്കൂട്ടര്‍ ചരിത്രത്തെ കൊഞ്ഞനംകുത്തി കാണിക്കുകയാണ്. ഇതിലൊന്നാണ് മഹത്തായ ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്കിയ കേരളഗാന്ധി കേളപ്പജിയെ മറന്ന് കോണ്‍ഗ്രസ്സുകാരനെന്ന നിലയ്ക്ക് ശിഷ്യന്മാരില് ഒരാളായിരുന്ന എകെജിക്ക് സ്മാരകം പണിയുന്നത്. ആശ്രിതവാത്സല്യംകൊണ്ടാവാം, ഒരു ജാതിവെറിയനെ അടൂര്‍ ഗോപാലകൃഷ്ണന് ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തപ്പോള്‍ അതിനൊപ്പം നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തത്. ജാതിവിവേചനങ്ങള്‍ നടക്കുന്നതായി കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളെ ഒരുവര്‍ഷക്കാലത്തോളം ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിച്ചു എന്ന സത്യം ആരും കാണാതെ പോകരുത്. പരസ്യമായി ഇങ്ങനെയൊരു നിലപാടെടുക്കുന്ന പാര്‍ട്ടിയും ഭരണസംവിധാനവും രഹസ്യമായി എന്തൊക്കെ കാര്യങ്ങളായിരിക്കും ചെയ്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ഥാനത്തു തുടരാന്‍ തടസ്സമില്ലാതിരുന്നിട്ടും ശങ്കര്മോഹന് രാജിവയ്ക്കേണ്ടിവന്നത് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിജയമാണ്. എന്നാല്‍ പ്രശ്നം ഒരു രാജിയില്‍ അവസാനിക്കുന്നില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനങ്ങളെക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകളും പുറത്തുവിടേണ്ടതുണ്ട്. എന്തൊക്കെയാണ് അവിടെ നടന്നതെന്ന് ജനങ്ങളറിയട്ടെ. ഇനിയത് ആവര്‍ത്തിക്കാതിരിക്കാനും ഇങ്ങനെയൊരു നടപടി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: