തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും അസംബിള്‍ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികള്‍ക്കായി കെഎസ്ആര്‍ടിസി സ്ഥലവും കെട്ടിടവും വര്‍ക്ക്‌ഷോപ്പും നല്കാന്‍ തയാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു. ഇ മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സ് ‘ഇവോള്‍വി’ ന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മോട്ടോര്‍ വാഹന വകുപ്പാണ് ഇവോള്‍വിന്റെ സംഘാടകര്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിപിസിഎല്‍ എന്നിവയുമായി സഹകരിച്ച് കേരളത്തില്‍ മൂന്ന് ഹൈഡ്രജന്‍ ഫില്ലിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം പരിപാടിയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാമേശ്വര്‍ തേലി പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു. അസാപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ആദി ഗ്രൂപ്പ് കേരളത്തില്‍ ഹൈഡ്രജന്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നൈപുണ്യ വികസന സംവിധാനം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
കെഎസ്ആര്‍ടിസി പുതിയ 400 ഇ ബസുകള്‍ കൂടി വാങ്ങും. ഇതിന് പുറമേ ഡീസല്‍ ബസുകള്‍ ഇലക്ട്രിക് ആക്കി മാറ്റുന്നതില്‍ സാമ്പത്തികനില കൂടി പരിഗണിച്ച് തീരുമാനമെടുക്കും. സമാപന സമ്മേളനം മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ആന്റണി രാജു സുവനീര്‍ പ്രകാശനം ചെയ്തു. മാല്ദ്വീപ് കോണ്‍സല്‍ ജനറല്‍ ആമിന അബ്ദുല്ല ദീദി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഗതാഗത വകുപ്പ് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, ഗതാഗത വകുപ്പ് അഡീഷനല്‍ കമ്മിഷണര്‍ പി.എസ്. പ്രമോദ് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: