കോട്ടയം : പാലത്തിന് ബലം പകരുന്നതിനായി വശങ്ങളില് സ്ഥാപിക്കുന്ന ബീം വാര്‍ത്തിരിക്കുന്നത് കമ്പിക്ക് പകരം തടി ഉപയോഗിച്ച്. റീ ബില്‍ഡ് കേരള എഞ്ചിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാലത്തിന്റെ നവീകരണം നടത്തുന്നതിനിടയിലാണ് ഇത്തരത്തില്‍ കമ്പിക്ക് പകരം തടി ഉപയോഗിച്ച് കൃത്രിമത്വം കാണിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കോട്ടയം മേഖല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചനീയര്‍ ബെന്‍സി ലാല്‍ സ്ഥലം പരിശോധനക്ക് എത്തിയപ്പോള്‍ നാട്ടുകാരാണ് ഭിത്തി പൊളിച്ചു പണിയണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച് ഉദ്യോഗസ്ഥര്‍ കരാറുകാരന് നോട്ടീസും നല്കി. 1.32 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ഇത്തരത്തില്‍ നവീകരണം നടത്തുന്നത്.
എന്നാല്‍ പ്രധാന റോഡിലേക്കു ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിക്കു ബലം കൂട്ടാനായി കല്‍ക്കെട്ടിനിടയില്‍ അടിച്ചുറപ്പിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികളിലാണു തടിക്കഷണം കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിനെതിരെ പരാതി ഉന്നയിച്ചതോടെ കരാറുകാര്‍ കല്‍ഭിത്തി പൊളിച്ചു നീക്കി. മുമ്പുണ്ടായിരുന്ന കല്‍ക്കെട്ടിലെ കല്ലുകള്‍ ഉപയോഗിച്ചാണു പുതിയ സംരക്ഷണ ഭിത്തി നിര്‍മിച്ചത്. ഈ കല്ലുകള്‍ക്കു പകരം പുതിയവ ഉപയോഗിച്ചു സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നും ആവശ്യമെങ്കില്‍ മണ്ണുറപ്പിക്കാന്‍ ഭിത്തിക്കുള്ളില്‍ പഴയ കല്ലുകള്‍ ഇടാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം തൂണുകള്‍ തിരുവല്ലയില്‍ നിന്നു കരാറുകാരന് വാങ്ങിയതാണെന്ന് ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി പൊളിച്ചപ്പോള്‍ അടിത്തറയുടെ വാനത്തിന് ആവശ്യത്തിനു താഴ്ചയും നിര്‍ദേശിക്കപ്പെട്ട ഒരു മീറ്റര്‍ വീതിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മീറ്റര്‍ നീളമുള്ള തൂണ് പൂര്‍ണമായും മണ്ണിലേക്കു താഴ്ത്തിയാണ് ഉറപ്പിക്കേണ്ടത്. ഇവിടെ തൂണുകള്‍ രണ്ടായി മുറിച്ചു കല്ലുകള്‍ക്കിടയില്‍ വയ്ക്കുകയായിരുന്നു.
പുറമേ നിന്നു നോക്കിയാല്‍ തുണൂകള്‍ കാണാമെങ്കിലും ഇവയൊന്നും മറുവശത്തു മണ്ണില്‍ താഴ്ത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ ഇതു ശ്രദ്ധിക്കാതെയാണ് എണ്ണമെടുത്തു പോകുന്നത്. കല്ല് കെട്ടിയിരിക്കുന്നതു ശരിയായ രീതിയിലുമല്ല. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഷീദ് ആണ് പദ്ധതിയുടെ കരാറുകാരന്. 41 മീറ്റര്‍ കെട്ടേണ്ടിയിരുന്ന സംരക്ഷണ ഭിത്തി ആദ്യം 25 മീറ്റര്‍ മാത്രമാണു കെട്ടിയിരുന്നത്. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണു ബാക്കി ഭാഗത്തു പണി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: