തിരുവനന്തപുരം: പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്ത് (28) ആണ് മരിച്ചത്. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും യുവാവ് പോലീസിനെ അറിയിച്ചു.
വിഴിഞ്ഞം പോലീസിനെയാണ് ഇയാള്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. തന്റെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആക്രമിച്ച യുവാവിനെ തടഞ്ഞതിന് പൊലീസ് തന്റെ പേരില്‍ കള്ളക്കേസ് എടുത്തതാണ് താന്‍ മരിക്കാന്‍ കാരണമെന്ന് യുവാവ് പറയുന്നു. തൊടുപുഴ സിഐക്കെതിരെയാണ് യുവാവിന്റെ പരാതി. പോലീസ് യുവാവിനെ പരാമവധി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോള്‍ ആണ്. സാറേ എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷെ പോലീസ് എന്റെ ജീവിതത്തില്‍ ഇല്ലാത്ത കേസ് എന്റെ തലയില്‍ കെട്ടിവച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് എന്റെ പേരില്‍ കേസ് എടുത്തത്. ഞാന്‍ 49 ദിവസം ജയിലില്‍ കിടന്നു. 17 ദിവസം എന്നെ മെന്റല്‍ ആശുപത്രിയിലാക്കി. നഷ്ടപ്പെട്ടുപോയ എന്റെ ഇമാജിനേഷന്‍ തിരിച്ചുകിട്ടുമോ?. സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്ക് എന്റെ മൂന്ന് മക്കള്‍ക്ക്. അവര്‍ക്ക് ആവശ്യമുള്ള പഠിപ്പിനും ഭക്ഷണത്തിനുമുള്ള കാര്യം ചെയ്യണം. ഈ ഫോണ്‍ കോള്‍ കഴിഞ്ഞാല്‍ ഞാന്‍ മരിക്കുമെന്നുമാണ് യുവാവ് പറഞ്ഞത്.
പോലീസിനെ വിളിച്ച ശേഷം ഫോണിലെ കോണ്ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്ക് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം സെന്റ് ചെയ്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഫോണ്‍വിളിക്ക് പിന്നാലെ പോലീസ് ഇയാളെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: