ഗുണ്ടാബന്ധമുള്ള രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യേണ്ടിവന്നത് പോലീസ് സേനയില്‍ നിലനില്‍ക്കുന്ന അതിഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തലസ്ഥാനത്തെ കുപ്രസിദ്ധരായ രണ്ട് ഗുണ്ടാതലവന്മാര് തമ്മിലെ സാമ്പത്തിക തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിവൈഎസ്പിമാരായ രണ്ടുപേര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യസല്‍ക്കാരത്തില്‍ ഈ പോലീസുകാര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നുവെന്നും, ഇതിലൊരാളുടെ മകളുടെ പിറന്നാളാഘോഷത്തിന് പണം പിരിച്ചുകൊടുത്തത് ഗുണ്ടകളായിരുന്നുവെന്നും ഇരുവര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടത്രേ. നിരവധി കേസുകളില്‍ പ്രതിയായ ഒരു ഗുണ്ടാനേതാവിനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതിന് തന്നെ സസ്പെന്റ് ചെയ്തെന്ന് സിഐ റാങ്കിലുള്ള ഒരു പോലീസുകാരന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഗുണ്ടകളുടെ സംരക്ഷകരായിരിക്കുന്ന പോലീസിനെ വെട്ടിലാക്കിയിരുന്നു. ഈ പ്രശ്നം കൂടുതല്‍ ചര്‍ച്ചയാവാതിരിക്കാനും, പോലീസുകാരും ഗുണ്ടകളും തമ്മിലെ അവിശുദ്ധ ബന്ധം മൂടിവയ്ക്കാനുമാണ് മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരിക്കുന്നതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇത് ഒരു ഒത്തുകളിയുടെ ഭാഗവുമാണ്. ജനങ്ങളുടെ ശ്രദ്ധ മറ്റൊന്നിലേക്ക് മാറുന്നതോടെ സസ്പെന്‍ഷനിലായിരിക്കുന്ന പോലീസുദ്യോഗസ്ഥരെ തിരിച്ചെടുക്കും. ശമ്പളമുള്‍പ്പെടെ ഇവര്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കാനിടയില്ല.
പോലീസ്-ഗുണ്ടാ ബന്ധം ഒറ്റപ്പെട്ട സംഭവമല്ല. തലസ്ഥാനത്തെ സംഭവം ഇതിന് തെളിവാണ്. ഇപ്പോള്‍ സസ്പെന്‍ഷനിലായിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുണ്ടാനേതാക്കളും ഭൂമാഫിയയുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും ഇയാള്‍ പിടിക്കപ്പെടുകയോ നടപടി നേരിടുകയോ ചെയ്തിട്ടില്ല എന്നത് വളരെ ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷമാണ്. ഗുണ്ടകളുടെയും മാഫിയകളുടെയും ശത്രുപക്ഷത്ത് നിലയുറപ്പിക്കേണ്ട പോലീസുകാര്‍ അവരുടെ ദല്ലാളുകളായും വിധേയന്മാരായും മാറുന്നു. പല ഗുണ്ടാത്തലവന്മാരുടെയും അംഗരക്ഷകരായി പെരുമാറുന്ന പോലീസുദ്യോഗസ്ഥരുണ്ട്. പോലീസിന്റെ അറിവോടെയാണ് നഗരങ്ങളില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്. പല സംഭവങ്ങളിലും പിടിയിലാവുന്ന ഇക്കൂട്ടര്‍ക്കെതിരെ ശരിയായ കേസുകള്‍പോലും എടുക്കാറില്ല. പോലീസുകാര്‍ ഒറ്റുകാരായി മാറുന്നതിനാല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ പിടിയിലാവാതെ രക്ഷപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. പോലീസ്സ്റ്റേഷനിലും മറ്റും നീതിതേടിയെത്തുന്ന സാധാരണ പൗരന്മാരെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മര്‍ദ്ദിക്കുകയും അവഹേളിക്കുകയുമൊക്കെ ചെയ്യുന്ന നീതിപാലകന്മാരാണ് ഗുണ്ടകളുടെ തോളില്‍ കയ്യിട്ടുനടക്കുന്നത്. ഏതറ്റംവരെയും പോയി ഇത്തരക്കാരെ സംരക്ഷിക്കുകയെന്നതാണ് പോലീസിന്റെ അപ്രഖ്യാപിത നയം. പോലീസുകാര്‍ പ്രതികളാകേണ്ട ഭൂരിഭാഗം കേസുകളും തേച്ചുമാച്ചുകളയുകയാണ് പതിവ്. ഇക്കാര്യത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ പോലീസുദ്യോഗസ്ഥരുമുണ്ട്.
പോലീസ്-ഗുണ്ടാ ബന്ധം ഊട്ടിയുറപ്പിക്കുകയെന്നത് രാഷ്ട്രീയ-ഭരണ നേതൃത്വമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ രണ്ട് ഡിവൈഎസ്പിമാര്‍ സസ്പെന്‍ഷനിലായ സംഭവത്തിന് കാരണക്കാരനായ ഒരു ഗുണ്ടാനേതാവുമായി സംസ്ഥാനത്തെ ഭരണകക്ഷിക്കാരനായിരുന്ന ഒരു നേതാവിന്റെ മക്കള്‍ക്കുള്ള ബന്ധം വിവാദം സൃഷ്ടിച്ചതാണ്. കുട്ടനാട്ടില്‍ ഒരു ധനികയുവാവ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഈ ഗുണ്ടാനേതാവിന് പങ്കുണ്ടെന്ന വാര്‍ത്തകള്‍ വരികയുണ്ടായി. എന്നിട്ടും ഇയാള്‍ക്ക് യാതൊന്നും സംഭവിക്കാതിരുന്നത് രാഷ്ട്രീയ പിന്‍ബലംകൊണ്ടാണ്. രാഷ്ട്രീയ-ഭരണ നേതൃത്വം തങ്ങള്‍ക്കെതിരായ കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ പോലീസിനെ ദുരുപയോഗിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു പ്രമുഖരും ആരോപണവിധേയരായ ഒന്നിലധികം ഗുരുതരമായ കേസുകളില്‍ ജനങ്ങള്‍ ഇത് കണ്ടതാണ്. കേസുകളിലെ തെളിവുകള്‍ നശിപ്പിക്കാനും, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനും ക്രൈംബ്രാഞ്ചിനെ സ്വകാര്യസേനയെപ്പോലെ ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങളുണ്ടല്ലോ. ഭരണഘടനയെ അവഹേളിച്ചതിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ഒരു മന്ത്രിക്കെതിരായ കുറ്റം തെളിയിക്കാനാവില്ലെന്ന് ഇതേ പോലീസാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം രാഷ്ട്രീയനേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് ഗുണ്ടാനേതാക്കള്‍ക്കും കൊലപാതകികള്‍ക്കും മയക്കുമരുന്നു കടത്തുകാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെ പോലീസ് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്നു. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെ താല്പര്യം സംരക്ഷിക്കുന്ന ഒരു സംവിധാനം മാത്രമായി പോലീസ് അധഃപതിച്ചിരിക്കുകയാണ്. സിപിഎം അധികാരത്തില്‍ തുടരുന്നിടത്തോളം ഇതിന് മാറ്റം വരാനും പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: