പി. രാജീവ്
വ്യവസായ വകുപ്പ് മന്ത്രി
ഭൂമിശാസ്ത്രപരമായും മറ്റും നിരവധി പരിമിതികള്‍ ഉള്ളപ്പോഴും ഒട്ടേറെ മികവുകളും മൗലികമായ സവിശേഷതകളും കേരളത്തിന്റെ വ്യവസായ മേഖലക്കുണ്ട്. കേരള മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യ വികാസ സൂചികകള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യവസായ മേഖലയുടെ മേന്മകളും. ഇന്ത്യയിലെ ഉയര്‍ന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് നമ്മുടേത്. ദേശീയ തലത്തില്‍ ഏറ്റവും മികച്ച വേതനഘടന നില്‍ക്കുന്നുണ്ടിവിടെ. പൊതുമേഖലയെ കൈയ്യൊഴിയുന്ന പൊതു ദേശീയ ധാരയുടെ വിപരീതദിശയിലാണ് നമ്മുടെ സഞ്ചാരം. പരമ്പരാഗത മേഖലകള്‍ ശക്തിപ്പെടുത്തി സംരക്ഷിച്ച് നിര്‍ത്തുന്നതിലും മറ്റൊരുദാഹരണം ചൂണ്ടിക്കാട്ടാനില്ല. വ്യവസായങ്ങളുടെ ആധുനീകരണം, വൈവിധ്യവല്‍ക്കരണം എന്നിവയില്‍ മുന്‍ നിരയില്‍ നാമുണ്ട്. ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കും ആധുനിക വ്യവസായ സ്ഥാപനങ്ങളും പടുത്തുയര്‍ത്തിയതിന്റെ മാതൃകാപരമായ ഭൂതകാലവുമുണ്ട്. ഇതൊക്കെയുണ്ടായിട്ടും ഭാവനകളും, അസത്യങ്ങളും, ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങളും സിനിമാക്കഥകളും പൊതുബോധത്തില്‍ പാര്‍പ്പുറപ്പിച്ച ഒരു രാഷ്ട്രീയ പരിസരമാണ് നമ്മുടെ വ്യവസായ ഭൂമിക. അങ്ങനെ തിടം വച്ച ഒരു മിത്തിനെ തച്ചുടച്ച് കേരളം ആവേശപൂര്‍വ്വം കുതിച്ച ചരിത്ര സന്ദര്‍ഭമാണ് സംരംഭകവര്‍ഷം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടത്.
ലക്ഷ്യമിട്ടു; ലക്ഷം നേടി
ആഗോളാടിസ്ഥാനത്തില്‍ തന്നെ മൊത്തം ബിസിനസിന്റെ 90 ശതമാനവും എംഎസ്എംഇ കളാണ്. തൊഴില്‍ സൃഷ്ടിയില്‍ എംഎസ്എംഇകള്‍ക്ക് വമ്പിച്ച പങ്കാണുള്ളത്. കേരളത്തെപ്പോലെ ഏറ്റവും മികച്ച കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന മാനവശേഷിയുമുള്ള ഒരു സംസ്ഥാനത്തിന് ഭാവി വളര്‍ച്ചക്കുള്ള ശക്തമായ ഒരു ഉപാധിയാണിത്. ഗ്രാമീണ-പിന്നാക്ക മേഖലകളുടെ വികസനത്തിനും പാര്‍ശ്വവല്‍ക്കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും ഏറ്റവും ഉതകുന്ന മേഖലയുമാണിത്. ഈ കാഴ്ചപ്പാടോടെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം എംഎസ്എംഇകള്‍ രൂപീകരിക്കാനുള്ള ലക്ഷ്യം വ്യവസായ വകുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇക്കണോമിക് റിവ്യൂ പ്രകാരം 2020-21 ല്‍ 11,540 സംരംഭങ്ങളും 2019 -20 ല്‍ 13,695 സംരംഭങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി രൂപീകരിക്കപ്പെട്ടത്. ഈ സ്ഥാനത്താണ് 2022-23 ല്‍, ഇതുവരെയുള്ള കണക്ക് പ്രകാരം 1,22,637 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പദ്ധതി ആരംഭിച്ച് കേവലം 245 ദിവസങ്ങള്‍ കൊണ്ടാണ് ഒരുലക്ഷം സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ചരിത്രനേട്ടം കൈവരിച്ചത്. ഒടുവിലത്തെ കണക്ക് പ്രകാരം 7498.22 കോടി രൂപയുടെ നിക്ഷേപം ഈ സംരംഭങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നു തന്നെ സമാഹരിക്കപ്പെട്ടു. 2,64,463 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയാംഗീകാരമാണ് ഈ പദ്ധതിയെ തേടി എത്തിയത്.
സംരംഭക വര്‍ഷം പദ്ധതിയിലൂടെ നാളിതുവരെ തൃശൂര്‍, മലപ്പുറം, എറണാകുളം, കൊല്ലം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പതിനായിരത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇരുപതിനായിരത്തിലധികമാളുകള്ക്ക് തൊഴില്‍ നല്‍കാനും പദ്ധതിയിലൂടെ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നില്ക്കുന്ന വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലും ഇരുപത്തി രണ്ടായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നത് പദ്ധതിയുടെ മികച്ച പ്രകടനം അടിവരയിടുന്ന കണക്കുകളാണ്.
വിവിധ മേഖലകളായി തിരിച്ചുള്ള കണക്കുകളെടുത്താലും സംരംഭക വര്‍ഷം കേരളത്തിന് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൃഷി-ഭക്ഷ്യ സംസ്കരണ മേഖലയില്‍ 21335 പുതിയ സംരംഭങ്ങള്‍ ഇക്കാലയളവില്‍ നിലവില്‍ വന്നു. 1247 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 52885 പേര്‍ക്ക് ഈ യൂണിറ്റുകളിലൂടെ തൊഴില്‍ ലഭിച്ചു. ഗാര്‍മെന്റ്സ് ആന്റ് ടെക്സ്റ്റൈല്‍ മേഖലയില്‍ 13468 സംരംഭങ്ങളും 555 കോടിയിലധികം രൂപയുടെ നിക്ഷേപവും 27290 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് മേഖലയില്‍ 4955 സംരംഭങ്ങളും 284 കോടി രൂപയുടെ നിക്ഷേപവും 9143 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സര്‍വ്വീസ് മേഖലയില്‍ 7810 സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17707 തൊഴിലും ഈ മേഖലയില്‍ ഉണ്ടായി. വ്യാപാര മേഖലയില്‍ 41141 സംരംഭങ്ങളും 2371 കോടിയുടെ നിക്ഷേപവും 76022 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിന് പുറമെ ബയോ ടെക്നോളജി, കെമിക്കല്‍ മേഖല തുടങ്ങി ഇതര മേഖലകളിലായി മുപ്പതിനായിരത്തിലധികം സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി പ്രത്യേക പ്രോത്സാഹനം നല്‍കിയതിലൂടെ വനിതാ സംരംഭകര്‍ നേതൃത്വം നല്കുന്ന 40,000 സംരംഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബാങ്കുകളും എസ്എല്‍ബിസിയും 4 ശതമാനം പലിശക്കുള്ള വായ്പാ പദ്ധതി സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നടപ്പിലാക്കി. ആദ്യഘട്ടത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഏകദിന ശില്പശാലകള് സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതല്‍ നിക്ഷേപകര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രചോദനമായി. ഇവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി-ടെക്ക്/എം.ബി.എ യോഗ്യതയുള്ള ഇന്റേണുകളെ നിയമിച്ചു. ഇങ്ങനെ നിയമിക്കപ്പെട്ട 1153 ഇന്റേണുകള്‍, സംരംഭകര്‍ക്ക് പൊതുബോധവല്‍ക്കരണം നല്‍കാനും വണ്‍ ടു വണ്‍ കൂടിക്കാഴ്ചകളിലൂടെ സംരംഭകരെ സഹായിക്കാനും കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ക്കുള്ള അപേക്ഷകള്‍ തയ്യാറാക്കുന്നതിനും, ലൈസന്‍സ്/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഹായിച്ചു. 1153 ഇന്റേണുകള്‍ക്ക് പുറമെ താലൂക്ക് ഫെസിലിറ്റേഷന്‍ സെന്ററുകളിലേക്ക് 59 പേരെ റിക്രൂട്ട് ചെയ്തു. ഇന്റേണുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ടാര്‍ഗറ്റ് നിശ്ചയിക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ എല്ലാ പഞ്ചായത്തുകളിലും ഹെല്പ് ഡെ സ്കുകളും സ്ഥാപിച്ചുകൊണ്ട് സംരംഭക വര്‍ഷം പദ്ധതി മുന്നോട്ടേക്ക് കുതിച്ചു. തുടങ്ങി ആദ്യ നാല് മാസത്തിനുള്ളില്‍ തന്നെ അന്‍പതിനായിരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത് കേരളത്തില്‍ സംരംഭങ്ങളാരംഭിക്കാമെന്ന് മറ്റുള്ളവര്‍ക്കും തോന്നാന്‍ സഹായകമായി.
ഇവിടം കൊണ്ടവസാനിക്കുന്നില്ല
ലക്ഷ്യം നേടിയതോടെ സംരംഭകവര്‍ഷം പദ്ധതി പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. നിലവില്‍ വന്ന സംരംഭങ്ങളില്‍ ഭാവി വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങളെങ്കിലും തെരഞ്ഞെടുത്ത് നൂറ് കോടി വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയര്‍ത്തുക എന്നതാണ് അടുത്ത പടി. ഇതിനായുള്ള വിശദാംശങ്ങള്‍ തയ്യാറാക്കി വരികയാണ്. സംരംഭങ്ങളുടെ കൊഴിഞ്ഞു പോക്ക് തടയുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായാണ് ങടങഋ കഌനിക്കുകള്‍ രൂപീകരിച്ചിരിക്കുന്നത്. സംരംഭങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനുള്ള എല്ലാ സേവനങ്ങളും കഌനിക്കുകളില്‍ നിന്ന് ലഭ്യമാക്കും. കേരളത്തില്‍ നിര്‍മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ അന്തര്‍ദേശീയ വിപണികള്‍ പ്രാപ്യമാക്കുന്നതിനും സഹായിക്കുന്നതിനായി കേരള ബ്രാന്‍ഡ് ഉപയോഗിക്കും.
ഒറ്റയടിക്ക് 13 പടികള്‍ കയറിയ കേരളം
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു ദിവസവും ഞങ്ങള്‍ വിശ്രമിച്ചിട്ടില്ല. സംരംഭകര്‍ക്കനുകൂലമായി കൈക്കൊണ്ട തീരുമാനങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ അത്രമേല്‍ ദൃശ്യമാണ്. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതല്‍ ബലപ്പെടുത്തുന്നതിനായി സുപ്രധാന നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനും ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുമായിരുന്നു സര്‍ക്കാരിന്റെ ആദ്യ ഊന്നല്‍. 50 കോടി രൂപ വരെയുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും കെ-സ്വിഫ്റ്റ് അക്നോളജ്മെന്റിലൂടെ മൂന്ന് വര്‍ഷത്തേക്ക് പ്രവര്‍ത്തനം സാധ്യമാക്കിക്കൊണ്ട് മാറ്റം കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിയമം പാസാക്കിയതിന് ശേഷം കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 7000 കോടി രൂപയിലധികമാണ്. ഇതില്‍ തന്നെ ലോകോത്തര കമ്പനികളായ വെന്‍ഷ്വര്‍, ടാറ്റ എലക്സി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അനാവശ്യ നടപടികള്‍ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോര്‍ട്ടലിലൂടെ 5 വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴില്‍ ഇതിനോടകം 5 ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്നത്തില്‍ വലിയ പ്രചോദനമായി സംരംഭക വര്‍ഷം മാറിയിട്ടുണ്ട് എന്ന് നിസംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: