തിരുവനന്തപുരം: എറണാകുളം ലോ കോളജില്‍ തന്റെ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപര്‍ണ ബാലമുരളി പറഞ്ഞു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടിയെന്നും അപര്‍ണ പറഞ്ഞു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു. അതേസമയം, അപര്‍ണയോടു വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ ലോ കോളജ് യൂണിയന് ഖേദം പ്രകടിപ്പിച്ചു.
തങ്കം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളജില്‍ എത്തിയതായിരുന്നു അപര്‍ണ ബാലമുരളി. കോളജ് യൂണിയന് ഉദ്ഘാടന വേദിയിലാണ് സംഭവം. നടന് വിനീത് ശ്രീനിവാസന്, സംഗീത സംവിധായകന് ബിജിപാല്‍ തുടങ്ങി മറ്റുചില പ്രമുഖരും വേദിയിലുണ്ടായിരുന്നു. ഇതിനിടെയാണ് വേദിയിലേക്ക് ഒരു വിദ്യാര്‍ഥി കയറി വന്നതും മോശമായി പെരുമാറിയതും. അപര്‍ണ ബാലമുരളിക്ക് പൂവ് നല്കാന് വേദിയിലേക്ക് വരികയായിരുന്നു വിദ്യാര്‍ഥി. പൂ നല്കിയ ശേഷം നടിയുടെ കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. നടി മടി കാണിച്ചപ്പോള്‍ കൈ വലിച്ചു. നടി എഴുന്നേറ്റ് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കവെ യുവാവ് നടിയുടെ തോളില്‍ കൈയ്യിടുകയായിരുന്നു. ഈ വേളയില്‍ നടി ഒഴിഞ്ഞു മാറുന്ന വീഡിയോ വൈറലായിരുന്നു. കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വേളയില്‍ തന്നെ അപര്‍ണ ബാലമുരളിയുടെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു. എങ്കിലും വിദ്യാര്‍ഥി വിട്ടില്ല. കൈയ്യില്‍ പിടിച്ചുവലിക്കുകയും തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനാണ് അപര്‍ണയോട് അപമര്യാദയായി പെരുമാറിയതെന്നാണ് മറ്റു വിദ്യാര്‍ത്ഥികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: