തിരുവനന്തപുരം: വാഗ്വിലാസം കൊണ്ട് പ്രസംഗ മത്സരങ്ങളില്‍ തിളങ്ങിയ തിരുവനന്തപുരം സ്വദേശിനി എം. രോഹിണി ഇനി പാര്‍ലമെന്റില്‍ പ്രസംഗിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പറ്റി അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനമായ 23നാണ് രോഹിണിയുടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങില്‍ നെഹ്റു യുവകേന്ദ്ര പ്രതിനിധിയായാണ് രോഹിണി പങ്കെടുക്കുന്നത്. ഹിന്ദിയിലാണ് പ്രസംഗം. കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് തിരുവനന്തപുരം ചെല്ലമംഗലം ശങ്കര്‍ നിവാസില്‍ സി. ജയചന്ദ്രന്റെയും മിനിയുടെയും മകള്‍ രോഹിണി. എം. വിഷ്ണു ജഗന്നാഥനാണ് ഭര്‍ത്താവ്. ശങ്കര്‍ സഹോദരന്.
വിവിധ സംസ്ഥാനങ്ങളില്‍, നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ല, സംസ്ഥാന തലങ്ങളിലെ പ്രസംഗ മത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 27 പേരില്‍ ഒരാളാണ് രോഹിണി. പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്താനും റിപ്പബ്ലിക് ദിനാഘോഷ പരേഡ് പ്രത്യേക പവിലിയനിലിരുന്ന് കാണാനും ഇവര്‍ക്ക് അവസരം ലഭിക്കും.
2020ലെ ദേശീയ യൂത്ത് ഫെസ്റ്റിവലില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രോഹിണി ചെമ്പഴന്തി എസ്എന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിരവധി സര്‍ക്കാര്‍-സ്വകാര്യ ചടങ്ങുകളുടെ അവതാരകയായി. 2016 മുതല്‍ 2019 വരെ ഇന്റര്‍ യൂണിവേഴ്സിറ്റി പ്രസംഗ-ഡിബേറ്റ് മത്സരങ്ങളില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഏഴു തവണ പുരസ്കാരങ്ങള്‍ നേടി. 2017 മുതല്‍ 2020 വരെയായി ഹിന്ദി പ്രസംഗ മത്സരങ്ങളില്‍ കേരള സര്‍വകലാശാലയെ ആറു തവണ ദേശീയ തലത്തില്‍ പ്രതിനിധീകരിച്ചു. സര്‍വകലാശാലാ കലോത്സവങ്ങളില്‍ 13 സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമാകുന്നതെന്ന് രോഹിണി ജന്മഭൂമിയോടു പറഞ്ഞു.കേരള സര്‍വകലാശാലയെയും മറ്റും ദേശീയ തലത്തില്‍ അടക്കം പല മത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും ഹിന്ദിയില്‍ ഇത്തരമൊരു വലിയ വേദിയില്‍ പ്രസംഗിക്കണമെന്നത് ജീവിതാഭിലാഷമായിരുന്നു. അതാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്. കലാലയ ജീവിതം കഴിഞ്ഞു. പ്രസംഗ മത്സരങ്ങളോടും വിട പറഞ്ഞു.
അപ്പോഴാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്. വളരെയേറെ സന്തോഷമുണ്ട്, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: