പാട്ന: ബാങ്ക് കൊള്ള ചെയ്യാനെത്തിയ സായുധരായ മൂന്ന് കൊള്ളക്കാരെ തുരത്തിയോടിച്ച ധീരരായ രണ്ട് വനിതാ കോൺസ്റ്റബിൾമാർക്ക് അഭിനന്ദനപ്രവാഹം. ബീഹാറിലെ ഹാജിപൂർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം.
ആയുധധാരികളായ കൊള്ളക്കാർ ബാങ്കിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ, ബാങ്കിന് കാവൽ നിൽക്കുന്ന വനിതാ കോൺസ്റ്റബിൾമാരായ ജൂഹി കുമാരിയും ശാന്തിയും ഒരു മടിയും കൂടാതെ അവരുമായി ഏറ്റുമുട്ടുകയായിരുന്നു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ സെൻദുവാരി ചൗക്കിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുഖംമൂടി ധരിച്ചെത്തിയ കൊള്ളക്കാരെ സുരക്ഷാജീവനക്കാർ തടയുകയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഒരാൾ പിസ്റ്റൾ വലിച്ചു. എന്നാൽ ജൂഹിയും ശാന്തിയും തന്ത്രപരമായി അവരെ നേരിട്ടു. അതിനിടെ കൊള്ളക്കാർ പോലീസുകാരുടെ റൈഫിളുകൾ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ ജൂഹി കുമാരി വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ കൊള്ളക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ജൂഹിക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്ത് സംഭവിച്ചാലും ബാങ്ക് കൊള്ളയടിക്കാനോ തങ്ങളുടെ തോക്ക് കൈക്കലാക്കാനോ മോഷ്ടാക്കളെ അനുവദിക്കില്ലെന്ന് നിശ്ചയിച്ചിരുന്നു. ജൂഹി തോക്ക് എടുക്കുകയും വെടിവയ്ക്കാന്‍ ഒരുങ്ങുകയും ചെയ്തപ്പോഴാണ് അവര്‍ കടന്നതെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അസാമാന്യ ധൈര്യമാണ് കാണിച്ചത്. മോഷ്ടാക്കളെ തുരത്തിയോടിക്കുകയും ചെയ്തു. വെടിവയ്പ്പും ഉണ്ടായില്ല. വനിതാ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഓം പ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: