മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മികവിന്റെ തെളിവായി ഇന്ത്യന്‍ ടീമിന്റെ വിജയം പങ്കുവച്ച് മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍. ശ്രീധര്‍. വളരെ നിര്‍ണായകമായ സമയത്ത് സഞ്ജു അവതരിപ്പിച്ച ആശയം നടപ്പാക്കിയത് ഇന്ത്യയെ വിജയത്തിലേത്തിച്ചതിന്റെ അനുഭവമാണ് ‘കോച്ചിങ് ബിയോണ്ട്, മൈ ഡെയ്‌സ് വിത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിലാണ് ശ്രീധറിന്റെ പ്രതികരണം.
2020ല്‍ കാന്‍ബറയില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 മത്സരത്തില്‍ സഞ്ജുവിന്റെ നിര്‍ദേശം ഇന്ത്യയെ വിജയത്തിലെത്തിച്ചെന്നാണ് ശ്രീധര്‍ വെളിപ്പെടുത്തിയത്. പരമ്പരയിലെ ആദ്യ കളിയില്‍ 44 റണ്‍സെടുത്ത് ബാറ്റിങ്ങില്‍ തിളങ്ങിയ രവീന്ദ്ര ജഡേജയെ പിന്‍വലിച്ച് ഇന്ത്യ യുസ്‌വേന്ദ്ര ചാഹലിനെ ബൗളിങ്ങിന് ഇറക്കിയതിനു പിന്നില്‍ സഞ്ജുവിന്റെ ബുദ്ധിയായിരുന്നു എന്നാണ് ശ്രീധര്‍ പുസ്തകത്തില്‍ പറയുന്നത്. മൂന്നു വിക്കറ്റു വീഴ്‌ത്തിയ ചാഹലിന്റെ സ്‌പെല്‍ ഓസ്‌ട്രേലിയക്കെതിരായ 11 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. ബാറ്റിങ്ങിനിടെ ജഡേജയുടെ ഹെല്‍മെറ്റില്‍ പന്തു കൊണ്ടതാണ് സഞ്ജു മുതലെടുത്തത്.
സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവു പ്രകടമായ നിമിഷങ്ങളായിരുന്നു അതെന്ന് ശ്രീധര്‍ കുറിച്ചു. പന്ത് ജഡേജയുടെ ഹെല്‍മെറ്റിലല്ലേ ഇടിച്ചത്, എന്തുകൊണ്ട് കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടിന് (ഒരു കളിക്കാരനു പരിക്കേറ്റാല്‍ സബ്സ്റ്റിട്യൂഷൻ അനുവദിക്കത്) ശ്രമിച്ചുകൂടാ എന്ന് സഞ്ജു എന്നോടു ചോദിച്ചു പകരം ഒരു ബൗളറെ ഇറക്കാമല്ലോ. സഞ്ജുവിന്റെ നിര്‍ദേശം രവി ശാസ്ത്രിക്കും ഇഷ്ടപ്പെട്ടതോടെ കണ്‍കഷന്‍ സബ്സ്റ്റിട്യൂഷന് അപേക്ഷ നല്കി. അനുമതി ലഭിച്ചതോടെ ജഡേജയ്‌ക്കു പകരം ചാഹല്‍ ഇറങ്ങി. ഓസ്‌ട്രേലിയ പരാതിയുമായെത്തിയെങ്കിലും മാച്ച് റഫറി അംഗീകരിച്ചില്ല. സഞ്ജുവില്‍ ഒരു ക്യാപ്റ്റനെ ഞാന്‍ കാണുന്നത് അപ്പോഴാണ്.
രവി ശാസ്ത്രിയോ അന്ന് ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയോ അങ്ങനെയൊരു നീക്കത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടാകില്ലെന്നും ശ്രീധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: