ഡോ. ശ്രീറാം ശങ്കര്‍
(ദേശീയ സേവാഭാരതി സംഘടിപ്പിക്കുന്ന ‘ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം’ എന്ന പരിപാടിയുടെ ജനറല്‍ കണ്‍വീനറാണ് ലേഖകന്‍)
നമ്മുടെ ജീവിതത്തെയാണ് അവര്‍ ലക്ഷ്യമിട്ടത്. നമ്മുടെ സംസ്കാരത്തെ, ബന്ധങ്ങളെ, സമാജമെന്ന നിലയിലുള്ള നമ്മുടെ ഒത്തൊരുമയെ… പുരോഗമനമെന്ന ഓമനപ്പേരിട്ട് അവര്‍ നമ്മളെ നമ്മളില്‍ നിന്ന് അകറ്റി. നമ്മള് ഒരോരുത്തരും ഒറ്റയാളായി. കരുതലായി മുത്തച്ഛന്മാരില്ലാത്ത, കഥകള്‍ പറഞ്ഞുതരാന്‍ മുത്തശ്ശിമാരില്ലാത്ത, കരുതലായി അച്ഛനില്ലാത്ത, വാത്സല്യമായി അമ്മയില്ലാത്ത, രക്ഷയ്ക്കായി ഉടപ്പിറന്നോരില്ലാത്ത, തലോടലായി പെങ്ങന്മാരില്ലാത്ത… ആരും ആര്‍ക്കും ആരുമല്ലാത്ത ഒരു സമൂഹമായി അവര്‍ നമ്മളെ മാറ്റി. നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ വഴിക്ക് നയിച്ചു. നമ്മുടെ കണ്മുന്നില് നിന്ന്, ചിറകിന് കീഴില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് അന്യരാക്കി… മയക്കി മയക്കി നമ്മുടേതല്ലാതാക്കി, നാടിന്റേതല്ലാതാക്കി, ആര്‍ക്കും വേണ്ടാത്തവരാക്കി… എന്തൊരു വിപത്താണിത്…
ലഹരി വിരുദ്ധതയുടെ മുദ്രാവാക്യങ്ങളാണ് എവിടെയും… മിഠായി മുതല്‍ മരുന്നുകള്‍ വരെ മാരകമായ മയക്കുമരുന്ന് കലര്‍ന്നിരിക്കുന്നു. കാണുന്നതിലും കേള്‍ക്കുന്നതിലും കഴിക്കുന്നതിലും ശ്വസിക്കുന്നതിലുമെല്ലാം മായം കലര്‍ന്നിരിക്കുന്നു. ഭയം വേണ്ട, ജാഗ്രത മതിയെന്ന പതിവ് മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ ജാഥകളുടെയും സമ്മേളനങ്ങളുടെയും കരുത്തില്‍ മാത്രം ഒതുക്കാനാകുമോ നമുക്ക് ഈ വിപത്തിനെ… സ്വയം ഉണര്‍ന്നാലല്ലാതെ, ഒരുമിച്ചാലല്ലാതെ, സമൂഹത്തിലേക്കും കുടുംബത്തിലേക്കും ജീവിതത്തിലേക്കും മടങ്ങിയാലല്ലാതെ നമുക്കിതിനെ നേരിടാനാവുമോ?
ഇത് ആസൂത്രിതവും സംഘടിതവുമായാണ് നമ്മളെ കീഴടക്കിയതെന്ന് തിരിച്ചറിയാതെ ഒരു പോരാട്ടം അസാധ്യമാണ്. ലഹരി കേരളീയ ജീവിതത്തെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കാനുള്ള അവസാനത്തെ ആയുധമാണ് എന്നു മാത്രമല്ല, തീവ്രവാദ പ്രവര്‍ത്തനത്തിന്റെ മാധ്യമം കൂടിയാണ്. ലഹരിയുടെ വഴിയിലേക്ക് നമ്മളറിയാതെ തന്നെ നന്മകളെ നയിക്കുകയായിരുന്നു അവരിത്രകാലം. ബീഡിയും കട്ടന്‍ചായയും ഉന്മേഷം പകരുമെന്ന പ്രത്യയശാസ്ത്ര മുദ്രാവാക്യം മുതല്‍ ‘എംഎയും എംഡിയും പോലൊരു ബിരുദമാണോ, എംഡിഎംഎയും’ എന്ന ന്യൂജനറേഷന് തമാശകള്‍ വരെ അതിന്റെ ഭാഗമാണ്. ദുഃഖം മറക്കാനും സന്തോഷം കൊണ്ടാടാനും കുടിപ്പാര്‍ട്ടി ഹരമാക്കിയത് നമ്മളാണ്. നൂലുകെട്ട് മുതല്‍ ശവമടക്ക് വരെ കുടിച്ച് മരിക്കാനുള്ളതാണെന്ന് വരുത്തിവച്ചത് നമ്മളാണ്. പിറന്നാളിന്, പെരുന്നാളിന്, ഉത്സവത്തിന്, കല്യാണത്തിന്… എല്ലാ സന്തോഷങ്ങളും ഇങ്ങനെയാഘോഷിക്കേണ്ടതാണെന്ന് കൊട്ടിഘോഷിച്ചത് നമ്മളില്‍ ചിലര്‍ തന്നെയാണ്. കഞ്ചാവും ചരസ്സുമാണ് ഭാവന വിരിയാനുള്ള മികച്ച ഉപാധിയെന്ന് വിളിച്ചു പറഞ്ഞവരില്‍ നമുക്ക് ആരാധ്യരായവരുണ്ട്. എഴുത്തിലും സിനിമയിലും പാര്‍ക്കിലും ബീച്ചിലുമൊക്കെ പത്ത് പേരൊത്തുകൂടുന്നവരുടെയെല്ലാമിടയില് ലഹരിയുണ്ട്.
സൗഹൃദത്തിന്റെ ലഹരിക്കപ്പുറം നമ്മള് തേടിപ്പോയ ചെറിയ ആനന്ദങ്ങളുടെ തുടര്‍ച്ചയാണ് നാശത്തിന്റെ വാ പിളര്‍ന്ന് നമ്മളെ വിഴുങ്ങാനടുക്കുന്ന ഈ മാരകവിപത്തെന്ന് കാണാതിരുന്നു കൂടാ. നാലും കൂട്ടി മുറുക്കി വെടിവട്ടം പറഞ്ഞവര്ക്കിടയിലേക്ക് ലഹരിക്ക് മത്ത് കൂട്ടാനാണ് പുകയില വന്നത്. പിന്നെ പുകയില കുഴപ്പമില്ല ബീഡി വലിക്കാതിരുന്നാല്‍ മതിയെന്നായി. ബീഡി പണിയെടുക്കുന്നവന്റെ അടയാളമായി വ്യാഖ്യാനിച്ചപ്പോള്‍ വലിക്കാം കുടിക്കാതിരുന്നാല്‍ മതി എന്നായി. കുടി കൂടി, കുടിവിറ്റ് പലരും തെരുവിലിറങ്ങി വന്നിട്ടും കള്ളാകാം ചാരായം വേണ്ടെന്നും ചാരായമാകാം വാറ്റ് വേണ്ടെന്നും തുടങ്ങി പലതും പറഞ്ഞാണ് നാം നമ്മുടെ ദൗര്‍ബല്യങ്ങളെ ന്യായീകരണത്തിന്റെ പുതപ്പിട്ട് മുടിയത്. ഷാപ്പ്, ബാര്‍, ബിവറേജസ്, പബ്ബ്, പാര്‍ട്ടികള്‍, ഡിജെ, നിശാക്ലബ്ബുകള്‍… കാലം പുരോഗമിക്കുകയാണ്.
വിദ്യാസമ്പന്നരെന്ന് കരുതുന്നവര്‍ മുതല്‍ പള്ളിക്കൂടക്കുട്ടികള്‍ വരെ ഇരകളാണ്. മാത്രമല്ല വില്പനക്കാരും വിതരണക്കാരുമാണ്. പഠനത്തിന്റെ ഉന്നം അവനവന്റെ സുഖം മാത്രമാണെന്ന് പഠിച്ചുപോയ ഒരു തലമുറയ്ക്ക് ആരോട് ഉത്തരവാദിത്ത്വമുണ്ടാവാനാണ്. സുഖം തേടിയുള്ള അലച്ചിലില്‍ പണം ഉണ്ടാക്കുകയും അത് ചെലവാക്കുകയും ചെയ്യുകയാണ് ജീവിതമെന്ന വികലധാരണയില്‍ സ്വാതന്ത്ര്യമെന്നത് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ളതാണെന്ന ചിന്തയും വലിയ കെടുതിയിലേക്കാണ് നമ്മുടെ ഭാവിയെ കൊണ്ടെത്തിക്കുന്നത്.
നന്മകളാല് സമൃദ്ധമായിരുന്ന നമ്മുടെ നാട്ടിന്‍പുറം പോലും സുരക്ഷിതമല്ല. അപരിചിതരുടെ കൂട്ടങ്ങള്‍ നമുക്കിടയില്‍ തഴച്ചുവളരുന്നു. നമ്മുടെ ജീവിതവും ഭാഷയും അറിയാത്തവര്‍ വാടകക്കാരായും വിരുന്നുകാരായും പിന്നെ വീട്ടുകാരായും മാറുന്നു. അന്താരാഷ്ട്ര വിപണിയില്‍ നിന്നെത്തുന്ന മയക്കുമരുന്നുകളുടെ കമ്പോളമായി പെട്ടിക്കടകള്‍ പോലും മാറുന്നു. കോടികളുടെ വിലയുള്ള മാരകമായ മയക്കുമരുന്നിന്റെ വരവും പോക്കിനുള്ള ഇടത്താവളമായി നമ്മുടെ നഗരങ്ങള്‍ മാറുന്നു. ലഹരിയുടെ സുരക്ഷിത കൈമാറ്റ കേന്ദ്രമാവുകയാണ് കേരളം. കടലോരവും മലയോരവും ഇതില്‍ ഭേദമില്ല.
ആള്‍ക്കൂട്ടക്കൊലകള്‍, ലൈംഗിക അരാജകത്വങ്ങള്‍, പ്രാകൃതമായ ആക്രമണങ്ങള്‍, പെരുകുന്ന വിവാഹമോചനങ്ങള്‍… ഓരോ ദിവസത്തെയും വാര്‍ത്തകളില്‍ കേരളം ഞെട്ടുകയാണ്. നിലതെറ്റിയ മനസ്സുകളായി കൗമാര കേരളം മാറുന്നു. എപ്പോഴാണ് മൃഗമായി മാറുക എന്ന് ആര്‍ക്കും പിടിയില്ലാത്ത സൈക്കോപാത്തുകളുടെ നാടായി നന്മയുള്ള കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. ആരും ആരെയും എവിടെ വച്ചും അപകടപ്പെടുത്താവുന്ന അവസ്ഥ… ആസിഡെറിഞ്ഞും കത്തിച്ചും കുത്തിക്കൊന്നും പ്രണയം തീര്‍ക്കുന്നവര്‍, അല്പ ലാഭത്തിന് ആഭിചാരത്തിന്റെ മറവില്‍ ആളെക്കൊന്ന് മാംസം തിന്നുന്നവര്‍…
കേരളത്ത ഈ ലഹരിവിപത്തില്‍നിന്ന് മോചിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അരാജകവാദത്തിന് മേല്‍ പുരോഗമനത്തിന്റെ പുറന്തോലിടുന്ന ബുദ്ധിജീവി നാട്യക്കാരോട് അകന്നുനില്ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കേരളം നവോത്ഥാനത്തിന്റെ നാടാണ്. ലോകത്തിന് മാതൃകയായ സമാജ ജീവിതത്തെ, ഗ്രാമീണ നന്മകളെ, ഒത്തൊരുമകളെ സൃഷ്ടിച്ച നാടാണ്. നമുക്ക് നമ്മുടെ കേരളത്തെ വീണ്ടെടുക്കേണ്ടതുണ്ട്. ബോധവല്‍ക്കരണത്തിനപ്പുറം കര്‍മ്മപദ്ധതിയിലൂടെ അത് പൂര്ത്തീകരിക്കേതുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക ഓരോരുത്തരുടെയും സുരക്ഷിത ജീവിതത്തിന് അനിവാര്യമാണ്. ഇപ്പോഴത് ചെയ്തില്ലെങ്കില്‍ പിന്നീടതിന് അവസരമുണ്ടായെന്ന് വരില്ല. ആരോഗ്യ യുക്ത കേരളത്തിന്റെ സാക്ഷാത്കാരത്തിനായി തലമുറകളിലേക്ക് വ്യാപിച്ച മയക്കുമരുന്നിന്റെ ലഹരിയുടെ വിപത്തിനെ വേരോടെ പിഴുതെറിയണം…
പുതിയ തലമുറയെ ലഹരിയുടെ ദുരന്തത്തിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് രാഷ്ട്രത്തിന്റെ ഭാവിയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ പല കോണുകളിലും നടക്കുന്ന ഇക്കാലത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെയാണ് ഭാരതത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയായ ദേശീയ സേവാഭാരതി ലഹരിക്കെതിരെ അതിവിപുലമായ പ്രചരണങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ‘ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം’ എന്ന സന്ദേശവുമായി കേരളത്തിലെ മുഴുവന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ചെന്നെത്തുന്ന ഈ കര്‍മ്മ പ്രചരണ പരിപാടിക്ക് പാലക്കാട് നടക്കുന്ന സേവാസംഗമം 2023ല്‍ തുടക്കം കുറിക്കും. ഒരു പ്രചരണ പരിപാടി എന്നതിനപ്പുറം പ്രായോഗികവും ക്രിയാത്മകവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത അഞ്ചുവര്‍ഷം ഈ രംഗത്ത് ചെയ്യേണ്ടതായ പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകളും പരിശീലന ക്ലാസുകളും, ‘ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം’ എന്ന കര്‍മ്മപദ്ധതിയുടെ ഭാഗമാണ്. ലക്ഷക്കണക്കിന് സേവാഭാരതി പ്രവര്‍ത്തകര്‍ കേരളത്തിലെ ഓരോ വീട്ടിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കയറിയിറങ്ങി നടത്തുന്ന ഈ മഹാബോധവല്ക്കരണ യജ്ഞത്തില്‍ പങ്കാളികളാകേണ്ടത് ഓരോ കേരളീയന്റേയും പൗരധര്‍മ്മമാണ്. ദേശീയ സേവാഭാരതിയുടെ ഈ മഹത് കര്‍മ്മത്തില്‍ നേരിട്ട് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ദശം സമര്‍പ്പയാമി എന്ന സമര്ഷണയജ്ഞത്തിലൂടെ ഈ ലഹരിവിരുദ്ധ മുന്നേറ്റത്തില്‍ പങ്കാളികളാകാം. നമുക്കേവര്‍ക്കും പത്തുരൂപയെങ്കിലും സമര്‍പ്പിക്കാം, ലഹരിവിപത്തിനെതിരെ നിലയുറപ്പിക്കാം, സേവാഭാരതിക്കൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: