ന്യൂദല്‍ഹി: മൂന്നു സൈനികവിഭാഗങ്ങളില്‍ അടിസ്ഥാനപരിശീലനം ആരംഭിച്ച അഗ്നിവീരന്മാരുടെ ആദ്യസംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പുതപാത വെട്ടിത്തെളിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ ആദ്യസംഘമായതിനു അഗ്നിവീരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്നു നടന്ന ചടങ്ങില്‍ വിദൂരദൃശ്യ സംവിധാനത്തിലൂടെയാണ് അദേഹം സംസാരിച്ചത്.
ഈ പരിവര്‍ത്തനനയം നമ്മുടെ സായുധസേനകള്‍ക്കു കരുത്തേകുന്നതിലും ഭാവിയിലേക്ക് അവരെ സജ്ജരാക്കുന്നതിലും മാറ്റം വരുത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു. യുവ അഗ്നിവീരന്മാര് സായുധസേനയ്ക്കു കൂടുതല്‍ യുവത്വമേകുമെന്നും സാങ്കേതികവൈദഗ്ധ്യം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഗ്നിവീരന്മാരുടെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, രാഷ്ട്രത്തിന്റെ പതാക എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന സായുധസേനകളുടെ ധീരതയുടെ പ്രതിഫലനമാണ് അവരുടെ മനോഭാവമെന്നും പറഞ്ഞു. ഈ അവസരത്തിലൂടെ അവര്‍ നേടുന്ന അനുഭവം ജീവിതത്തിന് അഭിമാനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
നവ ഇന്ത്യ നവോന്മേഷം നിറഞ്ഞതാണെന്നു പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ സായുധസേനകളെ നവീകരിക്കാനും സ്വയംപര്യാപ്തമാക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ യുദ്ധ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശാരീരിക ഇടപെടല്‍ ആവശ്യമില്ലാത്ത യുദ്ധത്തിന്റെ പുതിയ രീതികളെക്കുറിച്ചും സൈബര്‍ വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ചചെയ്ത അദ്ദേഹം, നമ്മുടെ സായുധസേനകളില്‍ സാങ്കേതികമായി പുരോഗമിച്ച സൈനികര്‍ക്കു പ്രധാന പങ്കു വഹിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി. വിശേഷിച്ച്,
ഇന്നത്തെ തലമുറയിലെ യുവാക്കള്‍ക്ക് ഈ സാധ്യതയുണ്ടെന്നും അതിനാല്‍ വരും കാലങ്ങളില്‍ നമ്മുടെ സായുധസേനകളില്‍ അഗ്നിവീരന്മാര് പ്രധാനപങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതി സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വനിതാ അഗ്നിവീരര്‍ നാവികസേനയ്ക്ക് അഭിമാനം പകരുന്നത് എങ്ങനെ എന്നതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, മൂന്നുസേനകളിലും വനിതാ അഗ്നിവീരരെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
സിയാച്ചിനിലെ വനിതാ സൈനികരുടെയും ആധുനിക യുദ്ധവിമാനങ്ങള്‍ പറത്തുന്ന വനിതകളുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ എങ്ങനെയാണു സായുധസേനകളെ നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിയമനം ലഭിക്കുന്നത് അവര്‍ക്കു വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ലഭിക്കാന്‍ അവസരമൊരുക്കുമെന്നും വിവിധ ഭാഷകളെക്കുറിച്ചും വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പഠിക്കാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനവും നേതൃപാടവവും അവരുടെ വ്യക്തിത്വത്തിനു പുതിയ മാനമേകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത മേഖലകളില്‍ അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായും ഒരേസമയം പ്രവര്‍ത്തിക്കുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ ജിജ്ഞാസ നിലനിര്‍ത്താന്‍ അദ്ദേഹം അഗ്നിവീരന്മാരോട് ആഹ്വാനം ചെയ്തു. യുവാക്കളുടെയും അഗ്നിവീരന്മാരുടെയും കഴിവുകളെ പ്രകീര്‍ത്തിച്ച്, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാഷ്ട്രത്തിനു നേതൃത്വം നല്‍കുന്നത് അവരാകുമെന്നുംപ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: