കൊച്ചി: മകരവിളക്ക് ദിവസം സന്നിധാനത്ത് അയ്യപ്പഭക്തരെ അയ്യപ്പദര്‍ശനത്തിനിടെ ദേവസ്വം വാച്ചര്‍ പിടിച്ചുതള്ളിയ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അയ്യപ്പഭക്തരെ പിടിച്ചു തള്ളാന്‍ വാച്ചര്‍ ആരാണെന്നും ആരാണ് ഇതിന് അനുവാദം നല്‍കിയതെന്നും കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അയാള്‍ എങ്ങനെ ഭക്തരുടെ ദേഹത്ത് തൊട്ടുവെന്നും കോടതി ചോദിച്ചു. എന്നാല്‍, മനപൂര്‍വമല്ല, തിരക്ക് നിയന്ത്രിച്ചപ്പോഴുണ്ടായ സംഭവമാണിതെന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്കി. എങ്ങനെ ഈ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കഴിയുന്നെന്ന് കോടതി ആരാഞ്ഞു. സംഭവത്തിന്റെ വിവിധ വീഡിയോകള്‍ കോടതി പരിശോധിക്കുകകയാണ്. ഗാര്‍ഡ് തീര്‍ഥാടകരെ തള്ളിമാറ്റുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി സ്വമേധയ വിഷയത്തില്‍ ഇടപെട്ടത്. കേസില്‍ ദേവസ്വം കമ്മിഷണരെയും ഭക്തരെ പിടിച്ചു തള്ളിയ വാച്ചര്‍ അരുണിനേയും കക്ഷിയാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ശബരിമല സോപാനത്ത് ദര്‍ശനം നടത്തുന്നതിനിടെ അയ്യപ്പന്മാരെ പിടിച്ചുതള്ളിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ ജോലിയില്‍ മാറ്റി തടിയൂരാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശി വാച്ചര്‍ അരുണിനെയാണ് ജോലിയില്‍ നിന്ന് മാറ്റിയത്.മകരവിളക്ക് ദിവസമായിരുന്നു വിവാദമായ സംഭവം. സോപാനത്ത് ആദ്യത്തെ വരിയില്‍ നിന്ന് ദര്‍ശനം നടത്തിയവരെയാണ് ഇയാള്‍ പിടിച്ചുതള്ളിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു.ഇതേതുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നടപടിയെടുത്തത്. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പനെ കാണാന്‍ വരി നിന്ന ഭക്തരെയാണ് ഇയാള്‍ ബലമായി തള്ളിമാറ്റിയത്.
ദേവസ്വം ഗാര്‍ഡിന്റെ നടപടിയില്‍ അനൗചിത്യമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചിരുന്നു. തീര്‍ഥാടകരോട് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. പക്ഷേ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പൊലീസും നന്നെ ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും ദേവസ്വം ഗാര്‍ഡുമാരുടെ സഹായം തേടിയിരുന്നു. സംഭവത്തെപ്പറ്റി ഗാര്‍ഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസ്തുത ഗാര്‍ഡിനെ ആ ചുമതലയില്‍ നിന്നും നീക്കിയിട്ടുണ്ടെന്നും അനന്തഗോപന്‍ അറിയിച്ചിരുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: