ന്യൂദല്‍ഹി: സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്നു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസായ ഈ ട്രെയിന്‍, തെലുങ്കു സംസാരിക്കുന്ന രണ്ടു സംസ്ഥാനങ്ങളായ തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തേതുമാണ്. ഏകദേശം 700 കിലോമീറ്ററാണു ട്രെയിന്‍ സഞ്ചരിക്കുക. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമണ്ഡ്രി, വിജയവാഡ എന്നിവിടങ്ങളിലും തെലങ്കാനയിലെ ഖമ്മം, വറംഗല്‍, സെക്കന്തരാബാദ് സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും.
ഈ ശുഭവേളയില്‍ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും പൈതൃകം പങ്കുവയ്ക്കലിന്റെ കണ്ണിയാകുന്ന മഹത്തായ സമ്മാനമാണ് ഇരുസംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നതെന്ന് ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഈ വേളയില്‍ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യന്‍ സൈന്യം ധീരതയ്ക്കും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണെന്നു പറഞ്ഞ അദ്ദേഹം കരസേനാദിനത്തില്‍ സൈന്യത്തിന് ആദരമര്‍പ്പിക്കുകയും ചെയ്തു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആഘോഷങ്ങളെക്കുറിച്ചു പ്രധാനമന്ത്രി തുടര്‍ന്നും പരാമര്‍ശിച്ചു. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ മനസിലാക്കാനും അറിയാനും കൂട്ടിയിണക്കാനും, രാജ്യത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്കും സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വന്ദേഭാരത് എക്സ്പ്രസ് ഏറെ പ്രയോജനം ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയിലുള്ള യാത്രാസമയം ഇനിയും കുറയുമെന്നും വ്യക്തമാക്കി.
‘വന്ദേ ഭാരത് പുതിയ ഇന്ത്യയുടെ കഴിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്. വേഗത്തിലുള്ള വികസനത്തിന്റെ പാത തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്രതീകമാണിത്’ പ്രധാനമന്ത്രി പറഞ്ഞു. സ്വപ്നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും കുതിക്കാനാഗ്രഹിക്കുന്ന ഇന്ത്യ, ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ, മികവിനായി പരിശ്രമിക്കുന്ന ഇന്ത്യ, പൗരന്മാര്ക്ക് ഏറ്റവും മികച്ചത് എത്തിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ, അടിമത്തമനോഭാവത്തത്തിന്റെ പ്രതിബന്ധങ്ങള്‍ തകര്‍ത്ത ഇന്ത്യ, സ്വയംപര്യാപ്തതയിലേക്കു മുന്നേറുന്ന ഇന്ത്യ എന്നിവയെയാണു ട്രെയിന്‍ പ്രതിഫലിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകളുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ വേഗതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ രണ്ടാം വന്ദേ ഭാരത് ഈ വര്‍ഷം പ്രവര്‍ത്തനക്ഷമമാകുമെന്നും ഇതു താഴേത്തട്ടിലുണ്ടാകുന്ന മാറ്റത്തിന്റെ വേഗതയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളുടെ തദ്ദേശീയ സ്വഭാവവും ജനങ്ങളുടെ മനസില്‍ അവയുടെ സ്വാധീനവും അന്തസും അദ്ദേഹം വ്യക്തമാക്കി. ഭൂമിയെ 58 തവണ വലംവയ്ക്കുന്നതിനു തുല്യമായ 23 ലക്ഷം കിലോമിറ്റര്‍ ദൂരം 7 വന്ദേ ഭാരത് ട്രെയിനുകള്‍ പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളില്‍ ഇതുവരെ 40 ലക്ഷത്തിലധികം യാത്രക്കാര്‍ സഞ്ചരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സമ്പര്‍ക്കസൗകര്യവും വേഗതയും തമ്മില്‍ നേരിട്ടുള്ള ബന്ധവും ‘ഏവരുടെയും വികസന’വുമായുള്ള ബന്ധവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘സമ്പര്‍ക്കസംവിധാനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ രണ്ടു സ്ഥലങ്ങളെ മാത്രമല്ല, സ്വപ്നങ്ങളെ യാഥാര്‍ഥ്യവുമായും ബന്ധിപ്പിക്കുന്നു. ഉല്‍പ്പാദനത്തെ വിപണിയുമായി ബന്ധിപ്പിക്കുന്നു. പ്രതിഭയെ ശരിയായ വേദിയുമായി ബന്ധിപ്പിക്കുന്നു. സമ്പര്‍ക്കസൗകര്യങ്ങള്‍ വികസനത്തിന്റെ സാധ്യതകള്‍ വിപുലപ്പെടുത്തുന്നു’ അദ്ദേഹം പറഞ്ഞു. ‘ഗതി (വേഗം) ഉള്ളിടത്തെല്ലാം പ്രഗതി (പുരോഗതി) ഉണ്ട്. പുരോഗതി ഉണ്ടാകുമ്പോഴെല്ലാം അഭിവൃദ്ധി ഉറപ്പാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആധുനിക സമ്പര്‍ക്കസൗകര്യങ്ങള്‍ തെരഞ്ഞെടുത്ത ചിലര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും, ജനസംഖ്യയുടെ ഭൂരിഭാഗവും ചെലവേറിയ ഗതാഗതത്താല്‍ ധാരാളം സമയം പാഴാക്കുകയും ചെയ്ത കാലത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. വന്ദേ ഭാരത് ട്രെയിന്‍ ആ ചിന്ത ഉപേക്ഷിക്കുന്നതിന്റെയും, ഏവരേയും വേഗത്താലും പുരോഗതിയാലും കൂട്ടിയിണക്കുന്നതിനുള്ള കാഴ്ചപ്പാടിലേക്കുള്ള മാറ്റത്തിന്റെയും ഉദാഹരണമാണ്.
റെയില്‍വേയുടെ ഒഴികഴിവുകളുടെയും മോശം പ്രതിച്ഛായയുടെയും ദയനീയമായ സാഹചര്യത്തോടുള്ള പ്രതികൂലസമീപനത്തിന്റെയും കാലം മാറിയെന്നു പ്രധാനമന്ത്രി പറഞ്ഞു. നല്ലതും സത്യസന്ധവുമായ ഉദ്ദേശ്യത്തോടെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയെ മാറ്റിമറിച്ച തത്വമിതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയിലെ യാത്ര ഇന്നു സുഖകരമായ അനുഭവമായി മാറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പല റെയില്‍വേ സ്റ്റേഷനുകളും ആധുനിക ഇന്ത്യയുടെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നു. ‘കഴിഞ്ഞ 78 വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വരുന്ന 78 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയെ മാറ്റിമറിക്കും’ അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിസ്റ്റാഡോം കോച്ചുകളും പൈതൃകട്രെയിനുകളും; കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിദൂരവിപണികളിലേക്കു കൊണ്ടുപോകുന്നതിനുള്ള കിസാന്‍ റെയില്‍; 2 ഡസനിലധികം നഗരങ്ങള്‍ക്കു ലഭിച്ച മെട്രോ ശൃംഖല തുടങ്ങിയ നടപടികളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി ഭാവി കണക്കിലെടുത്തുള്ള അതിവേഗ റെയില്‍ ഗതാഗതസംവിധാനം ദ്രുതഗതിയില്‍ ഉയര്‍ന്നുവരുന്നുവെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 8 വര്‍ഷത്തിനിടെ തെലങ്കാനയില്‍ റെയില്‍വേയുമായി ബന്ധപ്പെട്ടു നടത്തിയ അസാധാരണപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ന് 8 വര്‍ഷംമുമ്പു തെലങ്കാനയില്‍ റെയില്‍വേയ്ക്ക് 250 കോടി രൂപയില്‍ താഴെമാത്രമാണു ബജറ്റ് ഉണ്ടായിരുന്നതെങ്കില്‍, ഇന്നത് 3000 കോടി രൂപയായി വര്‍ധിച്ചതായി അദ്ദേഹം അറിയിച്ചു. മേഡക് പോലുള്ള തെലങ്കാനയിലെ പല പ്രദേശങ്ങളും ഇപ്പോള്‍ ഇതാദ്യമായി റെയില്‍വേ സേവനത്തിലൂടെ ബന്ധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
2014നുമുമ്പുള്ള 8 വര്‍ഷങ്ങളില്‍ തെലങ്കാനയില്‍ 125 കിലോമീറ്ററില്‍ താഴെ പുതിയ റെയില്‍ പാതകള്‍ മാത്രമാണു നിര്‍മിച്ചതെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ തെലങ്കാനയില്‍ ഏകദേശം 325 കിലോമീറ്റര്‍ പുതിയ റെയില്‍ പാതകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാനയില്‍ 250 കിലോമീറ്ററിലധികം ‘ട്രാക്ക് മള്‍ട്ടിട്രാക്കിങ്’ ജോലികള്‍ നടന്നിട്ടുണ്ടെന്നും ഈ വൈദ്യുതീകരണ കാലയളവില്‍ സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകളുടെ വൈദ്യുതീകരണം 3 മടങ്ങു വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തെലങ്കാനയിലെ എല്ലാ ബ്രോഡ്ഗേജ് പാതകളിലും ഉടന്‍ തന്നെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
വന്ദേ ഭാരത് ഒരറ്റത്തുനിന്ന് ആന്ധ്രാപ്രദേശുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ആന്ധ്രാപ്രദേശിലെ റെയില്‍ ശൃംഖല ശക്തിപ്പെടുത്തുന്നതിനു കേന്ദ്രഗവണ്മെന്റ് പതിവായി പ്രവര്‍ത്തിക്കുകയാണെന്ന് അറിയിച്ചു. ജീവിതസൗകര്യങ്ങള്‍, വ്യവസായനടത്തിപ്പു സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്താനുള്ള കേന്ദ്രഗവണ്മെന്റിന്റെ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ വര്‍ഷങ്ങളില്‍ ആന്ധ്രപ്രദേശില്‍ 350 കിലോമീറ്റര്‍ പുതിയ റെയില്‍വേ പാതകള്‍ നിര്‍മിച്ചതായും ഏകദേശം 800 കിലോമീറ്റര്‍ മള്‍ട്ടി ട്രാക്കിങ് പൂര്‍ത്തിയാക്കിയതായും വ്യക്തമാക്കി. 2014നുമുമ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, മുന്‍ ഗവണ്മെന്റിന്റെ കാലത്ത് ആന്ധ്രാപ്രദേശില്‍ പ്രതിവര്‍ഷം 60 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകള്‍ മാത്രമേ വൈദ്യുതീകരിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇതിപ്പോള്‍ പ്രതിവര്‍ഷം 220 കിലോമീറ്ററായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
‘വേഗതയുടെയും പുരോഗതിയുടെയും ഈ പ്രക്രിയ ഇതുപോലെ തന്നെ തുടരും’ പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലേക്കും ആന്ധ്രാപ്രദേശിലേക്കും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ജി കിഷന് റെഡ്ഡി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: