കെ.കെ. പത്മഗിരീഷ്
മലയാള കാവ്യലോകത്ത് തലയെടുപ്പോടെ നില്ക്കുന്ന മഹാകവി ഒളപ്പമണ്ണ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. ഈ ലോകത്തോട് വിടപറഞ്ഞ് കാല്‍നൂറ്റാണ്ട് അടുക്കുമ്പോഴും ഒളപ്പമണ്ണയുടെ സഹധര്‍മിണി ശ്രീദേവി ഒളപ്പമണ്ണക്ക് അദ്ദേഹം ഇന്നും കണ്ണിന് മുന്നില്‍ നില്ക്കുന്നു- ‘ശ്രീദേവി…’ എന്ന ഒരു നീട്ടിവിളി കേള്‍ക്കുന്നപോലെ. മഹാകവി രാവിലെ എഴുന്നേറ്റാല്‍ ആദ്യം വിളിക്കുന്നത് ഇതാണ്. അദ്ദേഹം ഇപ്പോഴും ഉണ്ടെന്ന തോന്നല്‍. അതിലൂടെയാണ് ഇന്നും കഴിയുന്നത്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ തന്നില്‍നിന്നും ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.
പതിനാറാമത്തെ വയസില്‍ വേളി കഴിച്ച് കൊണ്ടുവന്നതുമുതല്‍ 2000 ഏപ്രില്‍ 10 വൈകിട്ട് നാലിന് അദ്ദേഹത്തിന്റെ ജീവന് വെടിയുന്നതുവരെ ശാന്തവും സമാധാനവും സംതൃപ്തികരവുമായ ജീവിതമാണ് ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചുള്ള ഒാര്‍മകള്‍ അയവിറക്കുമ്പോള്‍ പറയാനേറെയുണ്ട്. ഒന്നിച്ച് കഴിഞ്ഞ കാലത്ത് ഒന്നിനും എതിരുപറയില്ല. അനിഷ്ടം കാണിക്കുകയുമില്ല. ദേഷ്യം എന്ന വാക്ക് ഇല്ലെന്നുതന്നെ പറയാം. ഞാന്‍ എന്തെങ്കിലും ദേഷ്യപ്പെട്ടാല്ത്തന്നെ ഒരുചിരിയിലൊതുങ്ങും മറുപടി.
നേരത്തെ രാവിലെ അഞ്ചുമണിക്ക് ഉണരുമായിരുന്നു. എന്നാല്‍ ഇടക്കാലത്തുണ്ടായ വീഴ്ചമൂലം അത് ആറുമണിയായി. ഉടന്‍തന്നെ ഒരു കാപ്പിവേണം. പിന്നീട് പരന്ന പത്രവായനയാണ്. അതുകഴിഞ്ഞാല്‍ കുളി. കുളിക്കുശേഷം പൂജാമുറിയില്‍ മനസ്സലിഞ്ഞ് പ്രാര്‍ഥിക്കുന്നതു കാണാം. രണ്ട് ഇഡ്ഡലി, രണ്ട് ദോശ, ഒരു ചായ ഇതിലൊതുങ്ങും പ്രാതല്‍. പിന്നീട് പൂമുഖത്ത് വന്നിരിക്കും. രാവിലെ ആരും കാണാന്‍ വന്നില്ലെങ്കില്‍ കവിതയെഴുതും. മിക്കവാറും ആരെങ്കിലും കാണാന്‍ വരാതിരിക്കില്ല.
ആളുകള്‍ വരുന്നത് ഏറെ സന്തോഷപ്രദമാണ്. എല്ലാവരോടും എത്രനേരം വേണമെങ്കിലും സംസാരിച്ചിരിക്കും. അതിന് വലുപ്പചെറുപ്പങ്ങളില്ല. സാഹിത്യം, രാഷ്ട്രീയം, കഥകളി… എന്തായാലും ചര്‍ച്ചയ്ക്ക് ഒരു വിരോധവുമില്ല. ചായ കൊടുത്തേ തൃപ്തിയാകൂ. ഉച്ചവരെ ഇരിക്കുന്നവരാണെങ്കില്‍ ഊണുകഴിപ്പിച്ചേ വിടൂ.
കൃത്യം ഒരുമണിക്ക് ഊണ്. ഊണിന് നല്ല പോഷക ഭക്ഷണം വേണം. അതുകഴിഞ്ഞാല്‍ ഒരുമണിക്കൂര്‍ ഉറക്കം. അത് നിര്‍ബന്ധമാണ്. ആ സമയത്ത് ആരും ശല്യപ്പെടുത്തുന്നത് ഇഷ്ടമല്ല. ഉച്ചതിരിഞ്ഞ് ചായ മാത്രം. പലഹാരം ഉണ്ടെങ്കിലും കഴിക്കില്ല. വെയിലാറിയാല്‍ വീടിന് ചുറ്റും കുറെ നടക്കും. രാത്രി കഞ്ഞിയാണ് കഴിക്കുക. അതോടൊപ്പം വെളുത്തുള്ളിയിട്ട് കുറുക്കിയ പാലും.
കച്ചവടവും കാര്യസ്ഥതയും ഉണ്ടെങ്കിലും പണം കൈകൊണ്ട് തൊടുന്നത് ഞാന്‍ കണ്ടിട്ടില്ല. പേഴ്സ് കൈയില്‍ വെക്കാറില്ല. നൂറിന്റെ നോട്ടുകള്‍ ഷര്‍ട്ടിന്റെ കൈയില്‍ ചുരുട്ടിവെക്കുമെന്ന് ഒരു സാഹിത്യനിരൂപകന്‍ എഴുതിയതു കണ്ടപ്പോള്‍ അദ്ദേഹം ചിരിക്കുകയാണുണ്ടായത്. മറുപടി അതിലൊതുങ്ങി.
കുടുംബകവിതകള്‍ ഇത്ര ആത്മാര്‍ഥമായി എഴുതിയ കവി വേറെയുണ്ടാവില്ല. അതുപോലെ ഗായത്രം വൃത്തത്തില്‍ ആദ്യമെഴുതിയത് അദ്ദേഹമാണ്. പത്രങ്ങളില്‍ വരുന്ന എല്ലാ കവിതകളും വായിക്കും. – ബാലപംക്തിയിലെയടക്കം.
ആരെയും കുറ്റപ്പെടുത്തി പറയുകയില്ല. എല്ലാം അദ്ദേഹത്തിന്റെ ദൃഷ്ടിയില് കേമംതന്നെ. ഇത്ര സമഭാവന, നിഷ്കളങ്കത, ചെയ്യുന്ന പണിക്കുള്ള ആത്മാര്‍ഥത. ഇവ ഉള്ളവര്‍ ചുരുങ്ങും. തുടക്കത്തില്‍ വെള്ളിനേഴിയിലും പിന്നീട് ഏഴുവര്‍ഷം കണ്ടമംഗലത്തും താമസം. 1964ലാണ് ജൈനിമേടിലെത്തുന്നത്. മൂത്തമകള്‍ രമയെ പ്രസവിക്കുന്നത് കണ്ടമംഗലത്തും രണ്ടാമത്തെ മകന് ഹരിയെ ജൈനിമേട്ടിലെ ഹരിശ്രീയിലുമാണ്.
സ്വന്തമായുള്ള 500 ഏക്കര്‍ കാട് വെട്ടിത്തെളിച്ച് റബ്ബര്‍ എസ്റ്റേറ്റുണ്ടാക്കി. അതിലൂടെ പഞ്ചായത്തിന് റോഡും അനുവദിച്ചു. ഇന്നത് അറിയപ്പെടുന്നത് ഒളപ്പമണ്ണ റോഡ് എന്നാണ്. അന്ന് കണ്ടമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. നാട്ടുകാരുടെ നിര്‍ബന്ധംമൂലം സ്വതന്ത്രനായാണ് മത്സരിച്ചത്. പിന്നീട് എഴക്കാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇന്ന് ആ പഞ്ചായത്തില്ല. 1964 മുതല്‍ അവസാനകാലം വരെ റബ്ബര്‍ കോ-ഓര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു. എട്ടുവര്‍ഷത്തോളം നെടുങ്ങാടി ബാങ്ക് (ഇന്നത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക്) ഡയറക്ടറുമായിരുന്നു.
ജൈനിമേടിലെത്തിയാണ് തൊട്ടടുത്തുതന്നെ മരക്കച്ചവടവും തുടങ്ങുന്നത്. ഹരിശ്രീ ടിംബേഴ്സ് എന്നായിരുന്നു പേര്. കൊടുത്തത് കിട്ടാതായപ്പോള്‍, ചോദിക്കാനും മടി. അവസാനം 1973ല്‍ കച്ചവടം നിര്‍ത്തി. ജൈനിമേടിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. രണ്ട് മഹാകാവ്യങ്ങള്‍ക്ക് ജന്മം നല്കിയ മണ്ണ്. ഒരുപക്ഷെ കേരളത്തില്‍ മറ്റൊരു സ്ഥലത്തിനും ഇത് അവകാശപ്പെടാന്‍ കഴിയില്ല.
ശ്രീനാരായണ ഗുരുദേവന് ചികിത്സക്കായി പാലക്കാട് എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന മഹാകവി കുമാരനാശാന് താമസിച്ചിരുന്നത് ജൈനിമേട്ടിലാണ്. ഇവിടെവെച്ചാണ് അദ്ദേഹം ‘വീണപൂവ്’ എന്ന കാവ്യമെഴുതിയത്. നിമിത്തമെന്നുപറയാം, വീണപൂവിന്റെയും ശതാബ്ദിവര്‍ഷമാണിത്. മഹാകവി എഴുതിയത് ‘നങ്ങേമക്കുട്ടി’യായിരുന്നു.
മഹാകവി ജി. ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോള്‍ ആദ്യ സ്വീകരണം നല്‍കിയത് ഇവിടെയാണ്. അദ്ദേഹം ദല്‍ഹിയില്‍നിന്നും അവാര്‍ഡ് വാങ്ങി പാലക്കാട്ടുള്ള മകളുടെ അടുത്തേക്ക് എത്തിയത്. അവിടെനിന്നും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സ്വീകരണം നല്‍കുകയായിരുന്നു. മരുമകന് പ്രൊഫ. എം. അച്യുതന് അന്ന് വിക്ടോറിയയില്‍ അധ്യാപകനാണ്.
1978ല്‍ കലാമണ്ഡലം ചെയര്‍മാനായി. മഹാകവി വള്ളത്തോളുമായി അത്ര ബന്ധമാണ്. അങ്ങനെ ഒളപ്പമണ്ണയിലെ കഥകളിയെ കലാമണ്ഡലത്തിലേക്ക് പറിച്ചുനടുകയാണുണ്ടായത്. കഥകളിയോട് അത്രജീവനാണ്. എത്രകണ്ടാലും മതിവരില്ല. ഗുരുനാഥനായ വള്ളത്തോളിനെ പോലെ കവിതയും കഥകളിയും ഒരുപോലെ കൊണ്ടുനടന്നു. അദ്ദേഹവും വള്ളത്തോളും കഥകളി മുദ്രയില്‍ സംസാരിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. രണ്ടുപേര്‍ക്കും ഒരുവിഷയത്തില്‍ സാമ്യമുണ്ട്. രണ്ടുപേരും ഓരോ ആട്ടക്കഥ മാത്രമെ എഴുതിയിട്ടുള്ളൂ. വള്ളത്തോള്‍ ഔഷധാഹരണവും ഒളപ്പമണ്ണ അംബയും.
മഹാകവിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചെയര്‍മാനായി ചുമതലയേറ്റത്. പിന്നീട് 1991ലും ചെയര്‍മാനായി. എന്നാല്‍ കാര്യങ്ങള്‍ ഒത്തുപോകാത്തതിനാല്‍ സ്ഥാനം ഒഴിയുകയായിരുന്നു. അതങ്ങനെയാണ്. ഒന്നിനോടും ഇടയില്ല.
ആനക്കമ്പവും ശ്ശിയാണ്. സുബ്രഹ്മണ്യന്, ലക്ഷ്മീപതി എന്നീ ആനകള്‍ ഉണ്ടായിരുന്നു. ഉത്സവത്തിനോ എഴുന്നള്ളത്തിനോ അല്ല, വളര്‍ത്താന്‍. മൈസൂരില്‍ പോയാണ് ആനയെ വാങ്ങിയത്. യാത്രയില്‍ ആനകളെ കണ്ടാല്‍ കാര്‍ നിര്‍ത്തും. വിവരമന്വേഷിക്കും.
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ മനയിലെ ഒരംഗം പോലെയാണ്. അദ്ദേഹത്തിന്റെ ആദ്യകച്ചേരിയും അവസാനകച്ചേരിയും ഒളപ്പമണ്ണ ക്ഷേത്രങ്ങളിലായിരുന്നു എന്നത് ഒരു നിമിത്തമായിരിക്കാം. വെള്ളിനേഴി കാന്തള്ളൂര്‍ ക്ഷേത്രത്തിലായിരുന്നു തുടക്കം. ഒറ്റപ്പാലം പൂഴിക്കുന്ന് ക്ഷേത്രത്തിലായിരുന്നു അവസാന കച്ചേരി. അന്ന് രാത്രി ഒ.എം. ഹൗസില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണവും. കച്ചേരിക്ക് പാലക്കാടെത്തിയാല്‍ ഇവിടെവരും. അദ്ദേഹത്തിന്റെ അമ്മ ഭാഗവതരോട് ചിലപ്പോള്‍ പാടാന്‍ പറയും. ‘കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ…’ എന്ന കീര്‍ത്തനവും നാരായണീയത്തിലെ ശ്ലോകങ്ങളും ഭാഗവതര്‍ ചൊല്ലിയാല്‍ അമ്മ ഭക്തിയില്‍ ആറാടും.
ഹരിശ്രീയുടെ പൂമുഖം ഒരിക്കലും ഒഴിഞ്ഞിട്ടില്ലെന്നു പറയാം. വൈലോപ്പിള്ളി, തകഴി, അക്കിത്തം, ജി, എസ്. ഗുപ്തന് നായര്‍, എം. ലീലാവതി, പ്രേംജി, മലയാറ്റൂര്‍, ഒ.വി. വിജയന്, അച്യുതമേനോന്, വീരേന്ദ്രകുമാര്‍, ഒ. രാജഗോപാല്‍, അഴീക്കോട്, സുഗതകുമാരി, എംആര്‍ബി, കെ.പി. ശങ്കരന്… എന്നുവേണ്ട മലയാളത്തിലെ മിക്ക സാഹിത്യപ്രതിഭകളും രാഷ്ട്രീക്കാരും ഇവിടെയെത്തിയിട്ടുണ്ടെന്നു പറയാം.
നാലുപേരാണ് മക്കള്‍. മൂത്തത് രമ. മഹാകവി മരിച്ച് മാസങ്ങള്‍ക്കകം മകള്‍ രമയും മരിച്ചു. രണ്ടാമത്തേത് ഹരി, ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് ജോലി. അഡ്വക്കേറ്റും മൃദംഗിസ്റ്റുമായ സുരേഷിനൊപ്പം ഹരിശ്രീയിലാണ് താമസം. ഒടുവിലത്തെ മകന് രാകേഷ് തൃശൂരിലെ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്നു.
2000 ഏപ്രില്‍ 10. ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ദിവസം. പതിവുപോലെ എഴുന്നേറ്റു. പത്രം വായിച്ചില്ല. ചുടുവെള്ളത്തില്‍ കുളിച്ച് പ്രാതലും കഴിഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട വിഭവമായ മാമ്പഴസാമ്പാര് രുചിയോടെ കഴിച്ചു.
പിന്നീട് പൂമുഖത്തുവന്നിരുന്ന് ഹരിയുടെ ഭാര്യ ബിന്ദുവിനെക്കൊണ്ട് പത്രം വായിപ്പിച്ചു. പത്രത്തില്‍ എന്റെ തട്ടകം എന്ന പേരില്‍ വെള്ളിനേഴിയെപ്പറ്റി ഒരു ലേഖനം ഉണ്ടായിരുന്നു. സാധാരണ വാര്‍ത്ത വായിക്കുമ്പോള്‍ അഭിപ്രായം പറയും. എന്നാല്‍ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നി. ‘സുഖമില്ലേ…’ എന്നു ചോദിച്ചപ്പോള്‍ ‘ഒരു തലതിരിച്ചില്‍ പോലെ’യെന്നായിരുന്നു മറുപടി. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാ പരിശോധനയും കഴിച്ചു. ഏതാണ്ട് മൂന്നുമണിയായപ്പോള്‍ നില വഷളായി. നാലുമണിയോടെ എല്ലാം കഴിഞ്ഞു. ആ ചൈതന്യം ഇനി ഓര്മയില്മാത്രം.
വാടുന്നതേ്രത നമ്മ
ളറുക്കും മലരെന്നാല്‍
വാടാത്ത മലരല്ലീ
ദാമ്പത്യപ്രേമം പാരില്‍
നാളുകള്‍ ചെല്ലുന്തോറും
നിറവും സൗരഭ്യവും
തേനുമീ മലരിന്നു
കൂടിയേ വരാറുള്ളൂ
ഇത്രയെഴുതിയ കവിക്ക്, ഈ വരികളില്‍ സമാധാനം കണ്ടെത്തുന്ന എനിക്ക്, സൂര്യന് ഉദിക്കുന്ന കാലത്തോളം മനസ്സില്‍ ഓര്‍മകള്‍ ഉദിച്ചുപൊന്തിയെ വരികയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: