തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിവാദമുണ്ടായപ്പോള്‍ ഇടത് സര്‍ക്കാര്‍ ഹിന്ദുസംഘടനകളെ എതിര്‍ക്കാന്‍ വേണ്ടി രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയിൽ വീണ്ടും പിളര്‍പ്പ്. മലയരയ മഹാസഭ സമിതിയാണ് നവോത്ഥാന സംരക്ഷണസമിതി വിട്ടത്.
ശബരിമല മേൽശാന്തി നിയമനം അടക്കമുള്ള വിഷയങ്ങളിൽ നവോത്ഥാന വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മലയരയ മഹാസഭ സമിതിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്.
ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് ഐക്യ മലയരയ മഹാസഭ നവോത്ഥാന സംരക്ഷണ സമിതി വിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങളുടെ സമാപനം ജനുവരി 26ന് ചെമ്പഴന്തിയിൽ നടത്താനിരിക്കെയാണ് ഇപ്പോള്‍ മലയരയ മഹാസഭ നവോത്ഥാന സമിതി വിടുന്നത്. സർക്കാരിന്റെ നിഷേധാത്മക നിലപാട് അംഗീകരിക്കാനാകില്ലെന്ന് നവോത്ഥാന സമിതി സെക്രട്ടറിയും മലയരയ മഹാസഭ ജനറൽ സെക്രട്ടറിയുമായ പി കെ സജീവ് പറഞ്ഞു.
കെപിഎംഎസും നവോത്ഥാനസംരക്ഷണ സമിതിയുമായി കുറെ നാളായി നിസ്സഹകരണത്തിലാണ്. ജനവരി 26ലെ ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങളുടെ സമാപനസമ്മേളനത്തിലും കെപിഎംഎസ് പങ്കെടുക്കില്ലെന്നാണ് വിവരം. ചേരമർ സാംബവർ ഡെവലപ്മെന്‍റ് സൊസൈറ്റി (സി.എസ്.ഡി.എസ്), അഖില കേരള ചേരമർ ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകളും സമിതിയുമായി നിസ്സഹകരണത്തിലാണ്.
നവോത്ഥാനസംരക്ഷണ സമിതിയുടെ രൂപീകരണവേളയില്‍ ഏകദേശം 166 സംഘടനകള്‍ അംഗങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: